ചികിത്സാ സഹായം തേടുന്നു

Friday 4 July 2014 11:26 pm IST

ചേപ്പനം: സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ച് അപകടത്തില്‍ പെട്ട് കാലൊടിഞ്ഞ് ജീവിതം തളര്‍ന്ന കുടുംബനാഥന്‍ ഉദാരമതികളുടെ സഹായം തേടുന്നു. പനങ്ങാട് ചേപ്പനം ഉത്രം വീട്ടില്‍ പി. എസ്. അനില്‍കുമാറാണ് (45) മുട്ടിനു താഴെ എല്ലൊടിഞ്ഞ് തൂങ്ങി ചികില്‍സയില്‍ ഉള്ളത്.
എറണാകുളം പാസ്‌പോര്‍ട്ട് ഓഫീസിനു മുന്നില്‍ അപേക്ഷകള്‍ എഴുതി കൊടുത്തായിരുന്നു അനില്‍കുമാര്‍ കുടുംബം പോറ്റിയിരുന്നത്. കാലൊടിഞ്ഞ് ജോലിക്ക് പോകാനാവാത്ത അവസ്ഥ ആയതോടെ ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് കൂട്ടികളും അടങ്ങിയ കുടുംബം വഴിമുട്ടിയതായി അനില്‍കുമാര്‍ പറഞ്ഞു. കുട്ടികളുടെ പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണീ കുടുംബനാഥന്‍. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈനാക്കിയതോടെ വരുമാനം ഗണ്യമായി കുറഞ്ഞെങ്കിലും പട്ടിണി കിടക്കാതിരിക്കാനുള്ള വരുമാനം കിട്ടുമായിരുന്നു. കഷ്ടപ്പാടോര്‍ത്ത് ഇടയ്ക്ക് ഒരു ദിവസം ജോലിക്ക് പോയെങ്കിലും ഓട്ടോ ചാര്‍ജ് കൊടുക്കാനുള്ളതേ കിട്ടിയുള്ളു. കാലൊടിഞ്ഞ ഭാഗത്ത് വേദനയും കൂടി. ഇതോടെ പൂര്‍ണ വിശ്രമമായി. ഒരാളുടെ സഹായം ഇല്ലാതെ പ്രാഥമിക കാര്യങ്ങള്‍ക്കു പോലും പോകാന്‍ പറ്റില്ല.
എട്ടു മാസം മുന്‍പ് തേവര സേക്രട്ട് ഹര്‍ട്ട് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. ഏറെ നേരം ചോരവാര്‍ന്ന് വഴിയരികില്‍ കിടന്നതിനു ശേഷമാണ് നാട്ടുകാര്‍ക്ക് അനിലിനെ ആശുപത്രിയില്‍ എത്തിക്കാനായത്. കുതികാലിനു തൊട്ടു മുകളില്‍ അസ്ഥി പൊട്ടി അകന്നു മാറിയ നിലയില്‍ മൂന്ന് ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. ഇതിനിടെ കരളിനും അസുഖം ബാധിച്ചു. പന്ത്രണ്ടായിരം ചെലവുള്ള എന്‍ഡോസ്‌കോപ്പി മാസത്തില്‍ രണ്ടു പ്രാവശ്യം ചെയ്യണം. മറ്റു ചെലവുകള്‍ വേറെ. തുടര്‍ ചികില്‍സയ്ക്കും ശസ്ത്രക്രിയകള്‍ക്കുമായി അഞ്ച് ലക്ഷം രൂപ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചേപ്പനം കോതേശ്വരം ക്ഷേത്രത്തിനു മുന്നിലെ ചെറിയവീട്ടിലെ സമ്പാദ്യമെല്ലാം ചികില്‍സയ്ക്കായി വിറ്റു. കുമ്പളം ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.എം. ഉണ്ണികൃഷ്ണന്‍ (രക്ഷാധികാരി.), സരോജിനി ഗംഗാധരന്‍ (ചെയര്‍മാന്‍) എന്നിവര്‍ ഭാരവാഹികളായി സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് 'പി. എസ്. അനില്‍കുമാര്‍ സഹായനിധി' രൂപീകരിച്ചിട്ടുണ്ട്. എസ്ബിഐയുടെ കുമ്പളം ശായില്‍ ജോയിന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്. നമ്പര്‍ - 33901170577 ഐഎഫ്എസ് കോഡ് - 0013224. അനില്‍കുമാറിന്റെ ഫോണ്‍ - 9633845804.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.