മീറ്റര്‍ വാടകയും വര്‍ധിപ്പിക്കണമെന്ന് വൈദ്യുതി ബോര്‍ഡ്

Friday 4 July 2014 11:51 pm IST

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധനവിന് പുറമേ, ഗാര്‍ഹിക ഉപഭോക്താക്കള്‍ പുതുതായി സ്ഥാപിക്കുന്ന മീറ്ററിന് വാടക ഇരട്ടിയാക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. നിരക്ക് വര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷന്‍ പരിഗണിക്കുന്ന റഗുലേറ്ററി കമ്മീഷന്‍ അദാലത്തിലാണ് ബോര്‍ഡ് ഈ ആവശ്യം ഉന്നിച്ചത്. ഇക്കൊല്ലം 2931കോടി രൂപ ബോര്‍ഡിന് കമ്മിയുണ്ടാകുമെന്നും അതില്‍ നിന്ന് 1423 രൂപ നിരക്ക് വര്‍ദ്ധനയായി അനുവദിക്കണമെന്നുമാണ് ബോര്‍ഡ് നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്.
പുതിയ കണക്ഷനും നിലവിലെ മീറ്റര്‍ മാറ്റിവയ്ക്കുന്നതിനും വാടക പത്ത് രൂപ എന്നത് 20 രൂപയാക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. ത്രീഫേസ് മീറ്ററിന്റെ വാടക 50 രൂപയാക്കണം.
മീറ്ററുകള്‍ക്കുണ്ടായ വിലവര്‍ദ്ധനവാണ് ബോര്‍ഡ് കാരണമായി പറയുന്നത്. സിംഗിള്‍ ഫേസ് മീറ്ററിന് മുന്‍പ് ഇരുന്നൂറ് രൂപയായിരുന്നത് ഇപ്പോള്‍ 900 രൂപയായി ഉയര്‍ന്നതായി വൈദ്യുതി ബോര്‍ഡ് പ്രതിനിധി കമ്മീഷനെ അറിയിച്ചു. ത്രീഫേസ് മീറ്ററിന്റെ വില2500 രൂപയായി ഉയര്‍ന്നു. ഉപയോക്താവ് മീറ്റര്‍സ്വന്തമായി വാങ്ങിയാല്‍ വാടക നല്‍കേണ്ടതില്ല. വൈദ്യുതി ബോര്‍ഡിന്റെ മീറ്റര്‍ വയ്ക്കുന്ന പുതിയ കണക്ഷനുകള്‍ക്ക് മീറ്റര്‍ വാടക നല്‍കേണ്ടിവരും. ഇപ്പോള്‍ തന്നെ മീറ്ററിന് ബോര്‍ഡ് വാടക ഈടാക്കുന്നുണ്ട്. ഇതിന് കമ്മീഷന്റെ അംഗീകാരം വാങ്ങാനാണ് ബോര്‍ഡിന്റെ ശ്രമം.
സര്‍ക്കാര്‍ സബ്‌സിഡി വാങ്ങിയെടുക്കാതെ നിരക്ക് വര്‍ധനയെന്ന ആവശ്യവുമായി വരുന്നതിനെ കമ്മീഷന്‍ വിമര്‍ശിച്ചു. 120 യൂണിറ്റില്‍ താഴെ ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. 680 കോടിയാണ് വൈദ്യുതി ബോര്‍ഡിന് സബ്‌സിഡി ഇനത്തില്‍ കിട്ടാനുള്ളത്. ലഭിച്ചതാകട്ടെ 25 കോടിയും. സബ്‌സിഡി നേടിയെടുക്കാന്‍ ശ്രമം ഉണ്ടാകണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നതിനെതിരെ വൈദ്യുതി റഗുലേറ്ററി കമ്മിഷന് മുന്നില്‍ നിരവധി പരാതികളെത്തി. വിദഗ്ധസമിതിയെക്കൊണ്ട് കെഎസ്ഇബിയുടെ ധനസ്ഥിതി പരിശോധിപ്പിച്ചിട്ടേ വൈദ്യുതി നിരക്കില്‍ മാറ്റം അനുവദിക്കാവൂവെന്ന് വിവിധ സംഘടനകള്‍ തെളിവെടുപ്പില്‍ ആവശ്യപ്പെട്ടു. നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കണമെന്ന് ചെറുകിട വ്യവസായപ്രതിനിധി ആവശ്യപ്പെട്ടു. 200 യൂണിറ്റിന് മേല്‍ ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ യൂണിറ്റിനും ഒരേ നിരക്ക് വേണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. 40 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിരക്ക് വര്‍ധനയില്ല. കമ്മിഷന്‍ ചെയര്‍മാന്‍ ടി.എം. മനോഹരന്‍, അംഗങ്ങളായ മാത്യു ജോര്‍ജ്, പരമേശ്വരന്‍ എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്. കമ്മീഷന്റെ ഉത്തരവ് ആഗസ്റ്റ് ആദ്യവാരം പുറത്തിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.