ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണമില്ല; ഹൈക്കോടതി മേല്‍നോട്ടം വഹിക്കും

Tuesday 27 September 2011 5:22 pm IST

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലുള്ള അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കി. അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കും. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഐസ്ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ ഹര്‍ജി ഡിസംബര്‍ 22ന് വീണ്ടും പരിഗണിക്കും. വി.എസിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും ആശങ്കകള്‍ മാത്രമാണെന്നും ചീഫ്‌ ജസ്റ്റീസ്‌ ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച്‌ വ്യക്തമാക്കി. കേസ് അട്ടിമറിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിനെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ല. നിലവിലുള്ള നിയമ സംവിധാനത്തെ മറികടക്കാന്‍ ഹൈക്കോടതി ആഗ്രഹിക്കുന്നില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയോഗിച്ച സംഘം തന്നെയാണ് ഇപ്പോഴും കേസ് അന്വേഷിക്കുന്നത്. ഈ സംഘത്തിനെതിരെ ഒരു ആക്ഷേപവും ഇതുവരെ ഉയര്‍ന്നു വന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഐസ്ക്രീം കേസില്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ ശരിയായ അന്വേഷണം നടന്നുവെന്നും എന്നാല്‍ ഭരണമാറ്റം ഉണ്ടായതോടെ കേസ്‌ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ വി.എസ്‌. ഹൈക്കോടതിയെ സമീപിച്ചത്‌. കേസുമായി ബന്ധപ്പെട്ട്‌ കെ.എ.റൗഫ്‌ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചും വി.എസ്‌.അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഐസ്ക്രീം കേസ്‌ അന്വേഷണം ശരിയായ ദിശയിലാണെന്നും മൂന്ന്‌ മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാവുമെന്നും സര്‍ക്കാരിന്‌ വേണ്ടി ഹാജരായ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി കോടതിയെ അറിയിച്ചു. കേസ്‌ അന്വേഷണത്തിന്‌ ഹൈക്കോടതി മേല്‍നോട്ടം വഹിക്കുന്നതില്‍ സര്‍ക്കാരിന്‌ എതിര്‍പ്പില്ലെന്നും എ.ജി കോടതിയെ അറിയിച്ചു.