ഇതു ഞങ്ങളുടെ രണ്ടാം ജന്മം; മരിച്ചു ജീവിക്കുകയായിരുന്നു ഇതുവരെ...

Saturday 5 July 2014 11:41 pm IST

കൊച്ചി: വികാരനിര്‍ഭരമായിരുന്നു രംഗങ്ങള്‍... അതിരാവിലെ തന്നെ ഉറ്റവര്‍ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ എത്തിയിരുന്നു... ആകാംഷയും പരിഭ്രമവും പലരുടെയും മുഖത്തു കാണാമായിരുന്നു. 11.57 ന് എയര്‍ ഇന്ത്യ ബോയിംഗ് 777 വിമാനം എത്തിച്ചേര്‍ന്ന അറിയിപ്പു വന്നതോടെ എല്ലാവരുടെയും കണ്ണുകള്‍ ഉറ്റവരെ തേടുകയായിരുന്നു.
26 ദിവസം മരണത്തിനും ജീവിതത്തിനും ഇടയില്‍ മരിച്ചു ജീവിച്ച മക്കള്‍ ഇനി തിരിച്ചുവരുമോ എന്നു പോലും ചിന്തിച്ചു എന്നാണ് പല അച്ഛനമ്മമാരും പ്രതികരിച്ചത്. പൂച്ചെണ്ടുകളും പൂമാലകളും ബാനറുകളുമായി കാത്തുനില്‍ക്കുന്ന തങ്ങളുടെ ഉറ്റവര്‍ക്കിടയിലേക്ക് ഇറങ്ങി വന്ന പലര്‍ക്കും ഒന്നും പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിലര്‍ തങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ഭരണാധികാരികള്‍ക്കും ദൈവത്തിനും നന്ദി പറഞ്ഞ് ബന്ധുക്കളുടെ അരികിലേക്ക് പോയി.
12.35ഓടെയാണ് നഴ്‌സുമാര്‍ ടെര്‍മിനലിലേക്കെത്തി തുടങ്ങിയത്. ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായത് കണ്ണൂരില്‍ നിന്നുള്ള സിനിമോളാണ്. ഇതു ഞങ്ങളുടെ രണ്ടാം ജന്മമാണ്, മരിച്ചു ജീവിക്കുകയായിരുന്നു ഇതുവരെ എന്നാണ് സിനിമോള്‍ പറഞ്ഞത്. ഞങ്ങളെ വിമതര്‍ സത്യത്തില്‍ രക്ഷിക്കുകയായിരുന്നു. ഞങ്ങളെ അവരാരും ഉപദ്രവിച്ചില്ല. വളരെ സ്‌നേഹത്തോടെ പെരുമാറി. ആശുപത്രി പിടിച്ചെടുത്തതിനു ശേഷം ആദ്യ ദിവസം തന്നെ അവിടുന്ന് പുറത്തിറങ്ങണം എന്ന് വിമതര്‍ പറഞ്ഞു. ഞങ്ങള്‍ ഇന്ത്യന്‍ എംബസിയെ വിളിച്ചപ്പോള്‍ പുറത്തിറങ്ങുന്നത് സുരക്ഷിതമല്ല എന്ന ഉപദേശമാണ് കിട്ടിയത്. രണ്ടാം ദിവസം വിമതരെത്തി നിര്‍ബന്ധമായും മാറണമെന്നറിയിച്ചു. മൂന്നാം ദിവസം എത്തിയാണ് പുറത്തിറക്കിയത്. നിങ്ങളെ രക്ഷിക്കാനാണെന്നും അല്ലെങ്കില്‍ നിങ്ങളെല്ലാവരും കൊല്ലപ്പെടും എന്നും വിമതര്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും അരമണിക്കൂറിനകം തയ്യാറായി പുറത്തിറങ്ങണം എന്ന് അവര്‍ പറഞ്ഞെങ്കിലും 10 മിനിറ്റിനുള്ളില്‍ ഞങ്ങള്‍ പുറത്തിറങ്ങി. അപ്പോള്‍ തന്നെ ഒന്നാം നിലയിലും മൂന്നാം നിലയിലും ബോംബു സ്‌ഫോടനം നടന്നു. കെട്ടിടം തകര്‍ന്ന് തെറിച്ച ചില്ലുകള്‍ കൊണ്ട് കൂട്ടത്തിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് മുറിവേറ്റു.
ഏഴ് മണിക്കൂറോളം യാത്രചെയ്താണ് ഞങ്ങളെ അവരുടെ താവളത്തില്‍ എത്തിച്ചത്. ഉച്ചക്ക് 12ന് യാത്ര പുറപ്പെട്ട് രാത്രി 7 മണിക്ക് മുസോളിലെത്തി. വലിയൊരു ഹാളിലാണ് ഞങ്ങളെ എത്തിച്ചത്. ജനലുകളൊന്നും ഇല്ലാത്ത ആ കെട്ടിടം അവരുടെ ഒളിത്താവളമാണെന്ന് സംശയം തോന്നി. അപ്പോള്‍ ഞങ്ങളുടെ ഭയം ഇരട്ടിയായി. മുറിയില്‍ പുതിയ എസിയാണ് പിടിപ്പിച്ചിരുന്നത്. അതിന്റെ പാക്കറ്റ് അവിടെ തന്നെ കിടപ്പുണ്ടായിരുന്നു. ബ്രെഡ്ഡും, വെള്ളവും, കൂബൂസുമൊക്കെ കഴിക്കാന്‍ തന്നു. ഞങ്ങളോട് സംസാരിച്ചത് മിസോളിലെ ഡോക്ടര്‍ മാരായിരുന്നു. അവരും കലാപകാരികളോടൊപ്പമാണ്. ആയുധ ധാരികളായിട്ടാണ് എല്ലാവരും എത്തിയത്. ഇത് അവരുടെ സ്വയ രക്ഷക്കാണെന്നാണ് അവര്‍ പറഞ്ഞതെന്നും സിനിമോള്‍ പറഞ്ഞു. രാവിലെ 8 മണിക്ക് ഞങ്ങളെ അവിടുന്ന് അവരുടെ വാഹനത്തില്‍ എംബസിയുടെ അടുത്ത് ബോര്‍ഡറില്‍ എത്തിക്കുകയായിരുന്നു. ഞങ്ങളെ കൊണ്ടുപോയ വാഹനത്തില്‍ ഡ്രൈവറും വേറൊരാളും മാത്രമാണുണ്ടായിരുന്നത്. വിമാനം എത്താന്‍ വൈകുന്തോറും ഞങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു എന്നും സിനിമോള്‍ പറഞ്ഞു. ഞങ്ങളെ പോലെ ഇനിയും ഒരുപാടുപേര്‍ ഇറാക്കിലുണ്ട്. അവരെയും ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും പലരും പറയുന്നുണ്ടായിരുന്നു.
മടങ്ങിയെത്തിവരുമായി സംസാരിച്ചു പിരിയുമ്പോള്‍ ഒരു സാഹസിക നോവല്‍ വായിച്ചു തീര്‍ത്ത പ്രതീതി. ഇറാക്കിലെ യുദ്ധഭൂമിയില്‍ ഇനിയും അവശേഷിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷിക്കണമെന്ന ഇവരുടെ അപേക്ഷ മരണത്തിനും ജീവിതത്തിനും ഇടയിലുടെ സഞ്ചരിച്ചവരുടെ പ്രാര്‍ത്ഥനയാണ്.
കെ.എം. കനകലാല്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.