ഷീലാ ദീക്ഷിത് ഗവര്‍ണര്‍ പദവി മാന്യമായി ഒഴിയണം: ബിജെപി

Saturday 5 July 2014 11:42 pm IST

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ പദവി ഷീലാ ദീക്ഷിത് മാന്യമായി ഒഴിയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍. ഷീലയെ ഗവര്‍ണര്‍ പദവിയില്‍ പ്രതിഷ്ഠിച്ചതിലൂടെ കോണ്‍ഗ്രസ് സാക്ഷര കേരളത്തിന്റെ മുഖത്ത് കരി തേച്ചിരിക്കുകയാണ്. അഴിമതിക്കേസുകളെ പ്രതിരോധിക്കാന്‍ അവര്‍ ഗവര്‍ണര്‍ പദവിയെ പോര്‍ച്ചട്ടയാക്കി മാറ്റി. ഇതിനെതിരെ സന്ധിയില്ലാ സമരത്തിന് എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിക്കേസുകളില്‍ ആരോപണവിധേയയായ ഷീലാ ദീക്ഷിത് ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീശന്‍. യുപിഎ സര്‍ക്കാര്‍ ശതകോടികളുടെ അഴിമതികള്‍ നടത്തി രാജ്യത്തിന്റെ ഖജനാവ് ശൂന്യമാക്കി. അഴിമതിയുടെ അവതാരങ്ങളെ ഗവര്‍ണര്‍ പദവി പോലുള്ള മുഖ്യസ്ഥാനങ്ങളില്‍ അവരോധിച്ചു. രാജ്ഭവനുകളടക്കം അഴിമതിക്കാരുടെ ഒളിത്താവളങ്ങളായി. ഷീലാ ദീക്ഷിത് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ കല്‍മാഡിയോടൊപ്പം ജയിലില്‍ പോകേണ്ട കൂട്ടുപ്രതിയാണ്. അവരെ ഗവര്‍ണറാക്കിയത് കേരളത്തിന്റെ ദൗര്‍ഭാഗ്യമാണ്. രാഷ്ട്രീയവനവാസം സ്വീകരിച്ച് ഷീല ദല്‍ഹിയില്‍ നിന്ന് കേരളത്തിന്റെ രാജ്ഭവനില്‍ ഒളിച്ചു കഴിയുകയാണ്. ജലനിധിയുടെ പേരില്‍ അവര്‍ കോടികളുടെ അഴിമതി നടത്തിയതിന്റെ തെളിവ് കഴിഞ്ഞദിവസം പുറത്തുവന്നു. ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി ആരോപണവിധേയനായ എം.കെ. നാരായണന്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചതുപോലെ ഷീലാ ദീക്ഷിതും ഗവര്‍ണര്‍ സ്ഥാനം രാജി വയ്ക്കണം. ഈ ആവശ്യം ഗവര്‍ണറുടെ ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നതെങ്കില്‍ അവരെ അവിടെ നിന്ന് പുറത്താക്കി ചാണകം തളിച്ച് രാജ്ഭവന്‍ ശുദ്ധമാക്കുന്ന പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മ്യൂസിയം പോലീസ് സ്റ്റേഷനുമുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ടി. രമേശ്, പി.എം. വേലായുധന്‍, ഡോ.പി.പി.വാവ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജെ.ആര്‍. പദ്മകുമാര്‍, സി. ശിവന്‍കുട്ടി, എം.ജി. ഉണ്ണികൃഷ്ണന്‍, നാരായണന്‍ നമ്പൂതിരി, അഡ്വ ബി. രാധാകൃഷ്ണമേനോന്‍, രാധാമണി, രാജിപ്രസാദ്, ദേശീയ കൗണ്‍സിലംഗങ്ങളായ കരമന ജയന്‍, വെള്ളാഞ്ചിറ സോമശേഖരന്‍, ഷാജുമോന്‍ വട്ടേക്കാട്, സംസ്ഥാന കമ്മറ്റി അംഗം ഗിരിജാ അജിത്, മേഖലാ വൈസ് പ്രസിഡന്റുമാരായ തോട്ടയ്ക്കാട് ശശി, വെങ്ങാനൂര്‍ സതീഷ്, ജില്ലാ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, ജില്ലാ ഭാരവാഹികളായ എ. അപ്പു, ഇലകമണ്‍ സതീശ്, മലയിന്‍കീഴ് രാധാകൃഷ്ണന്‍, മഞ്ചവിളാകം കാര്‍ത്തികേയന്‍, ശിവശങ്കരന്‍, മുക്കംപാലമൂട് ബിജു, സനോദ്, വിജയകുമാരി, സുധര്‍മ, പ്രീതാ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ചിന് ജില്ലാ സെക്രട്ടറി കല്ലയം വിജയകുമാര്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.