പീഡനക്കേസ്: ഡിവൈഎഫ്‌ഐ ജില്ലാ നേതാവിനെ സിപിഎം പുറത്താക്കും

Saturday 5 July 2014 11:45 pm IST

ആലപ്പുഴ: സ്ത്രീപീഡനക്കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാനേതാവിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ പ്രാദേശിക ഘടകത്തിന്റെ ശുപാര്‍ശ. പാര്‍ട്ടിയെ വെല്ലുവിളിച്ച്് നേതാവിനെ ഡിവൈഎഫ്‌ഐ സംരക്ഷിക്കുന്നു. ആലപ്പുഴ നഗരസഭ അംഗവും ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റി അംഗവുമായ എ. ഷാനവാസിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ലോക്കല്‍ കമ്മറ്റി മേല്‍ഘടകത്തോട് ശുപാര്‍ശ ചെയ്തത്.
ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാകമ്മറ്റി അംഗവും ആലപ്പുഴ നഗരസഭ കൗണ്‍സിലറുമായ എ. ഷാനവാസ് പീഡിപ്പിച്ചുവെന്ന് പത്തനംതിട്ട സ്വദേശിനിയായ വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളുടെ വാര്‍ഡ് നിവാസിയായ വീട്ടമ്മയും ഭര്‍ത്താവുമായി നേരത്തെ അകല്‍ച്ചയിലായിരുന്നു. ഒത്തുത്തീര്‍പ്പിനെത്തിയ ഷാനവാസ് വീട്ടമ്മയെ പീഡിപ്പിച്ചെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തല്‍ ഷാനവാസിനെതിരെ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്ത്രീപീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പിന്നീട് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിച്ചെങ്കിലും നടന്നില്ല. നേതൃത്വത്തിന്റെ ഒത്തുകളിക്കെതിരെ അണികള്‍ക്കിടയില്‍ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ഒടുവില്‍ നടപടിക്ക് തയ്യാറായത്. സംഭവം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ചാത്തനാട് ബ്രാഞ്ച് കമ്മറ്റിയുടെ അടിയന്തര യോഗം ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ഐകകണ്‌ഠേന തീരുമാനിച്ചു. ഇക്കാര്യം ആശ്രമം ലോക്കല്‍ കമ്മറ്റിയെ അറിയിക്കുകയും ചെയ്തു.
ലോക്കല്‍ കമ്മറ്റിയും ഈ തീരുമാനം അംഗീകരിച്ചു. തുടര്‍നടപടികള്‍ക്കായി തീരുമാനം മേല്‍ഘടകത്തിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. വിഷയം ഉടന്‍ ഏരിയ കമ്മറ്റിയും ജില്ലാകമ്മറ്റിയും ചര്‍ച്ച ചെയ്ത് പുറത്താക്കലിന് അംഗീകാരം നല്‍കുമെന്നാണ് അറിയുന്നത്. നേരത്തെ ആശ്രമം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന ഷാനവാസിനെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. എന്നാല്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം ഷാനവാനിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സിപിഎമ്മിലെ ഒരു വിഭാഗം ആസൂത്രിതമായി ഉയര്‍ത്തിക്കൊണ്ടുവന്ന വ്യാജ ആരോപണമാണിതെന്നാണ് ഡിവൈഎഫ്‌ഐയിലെ പ്രബല വിഭാഗം ആരോപിക്കുന്നത്.
മുന്‍പും പാര്‍ട്ടി ഷാനവാസിനെതിരെ നടപടിയെടുത്തപ്പേള്‍ സംരക്ഷിക്കുന്ന നിലപാടാണ് ഡിവൈഎഫ്‌ഐ സ്വീകരിച്ചിട്ടുള്ളത്. അതേസമയം ഷാനവാസിനെ പുറത്താക്കുന്നതോടെ ഇടതുപക്ഷം ഭരിക്കുന്ന ആലപ്പുഴ നഗരസഭയില്‍ ഭരണപ്രതിസന്ധി ഉണ്ടാകും. നിലവില്‍ 27 എല്‍ഡിഎഫ് അംഗങ്ങളും 25 യുഡിഎഫ് അംഗങ്ങളുമാണ് നഗരസഭയില്‍ ഉള്ളത്. ഷാനവാസിനോട് രാജിവയ്ക്കാന്‍ സിപിഎം ആവശ്യപ്പെട്ടാല്‍ എല്‍ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങും. ഇത് നഗരസഭയില്‍ ഭരണപ്രതിസന്ധി സൃഷ്ടിക്കാനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.