ശ്യാമപ്രസാദ് മുഖര്‍ജിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തത് : മോദി

Sunday 6 July 2014 4:37 pm IST

ന്യൂദല്‍ഹി: ജനസംഘ സ്ഥാപകനും പ്രമുഖ രാഷ്ട്രസേവകനുമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ സ്മരണകള്‍ എനിക്ക് ആവേശവും പ്രചോദനവും നല്‍കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ട്വിറ്ററില്‍ കുറിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നൂറ്റി പതിമൂന്നാമത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഡോ.മുഖര്‍ജിയുടെ ജീവിതത്തിന്റെ ഏറിയ പങ്കും ജനങ്ങളെ സേവിക്കാനാണ് മാറ്റി വച്ചത്. യുവജനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്. മുഖര്‍ജിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നമ്മള്‍ ഓരോരുത്തരും പ്രയത്നിക്കണമെന്നും മോദി തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. 1951ലാണ് ശ്യാമ പ്രസാദ് മുഖര്‍ജിയുടെ അദ്ധ്യക്ഷയില്‍ ജനസംഘം രൂപീകരിച്ചത്. സൌത്ത് കല്‍ക്കട്ട മണ്ഡലത്തില്‍ നിന്ന് 1952 ല്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര ഭാരതത്തിലെ ആദ്യ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മുഖര്‍ജി തന്റെ കാലയളവില്‍ ഫലപ്രദമായ ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവന്നു. എന്നാല്‍ 1950ല്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നടന്ന ഹിന്ദു വംശഹത്യയില്‍ നിസ്സംഗമായി നിന്ന നെഹ്‌റുവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രി സ്ഥാനം രാജിവച്ചു. ജമ്മു കാശ്മീരിനു സ്വയം ഭരണവും സ്വന്തം ഭരണഘടനയും പ്രധാനമന്ത്രിയും പതാകയും ഉണ്ടായിരുന്നതിനെതിരെ പ്രക്ഷോഭം നയിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുഖര്‍ജി ദുരൂഹമായ സാഹചര്യത്തില്‍ കശ്മീര്‍ ജയിലില്‍ വച്ച് മരിക്കുകയാണുണ്ടായത് .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.