സ്വാശ്രയം: കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളേജുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല- മുഖ്യമന്ത്രി

Monday 7 July 2014 10:55 pm IST

തിരുവനന്തപുരം: സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത സ്വാശ്രയമെഡിക്കല്‍ കോളേജുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പ്രവേശന കാര്യത്തില്‍ മാനേജ്‌മെന്റിന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കില്ല. പുതുതായി തുടങ്ങുന്ന ഇടുക്കി, പാലക്കാട് മെഡിക്കല്‍ കോളേജുകളില്‍ കൂടി ഈ വര്‍ഷം പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലും മാനേജ്‌മെന്റുകള്‍ പ്രവേശം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. സ്വാശ്രയകോളേജുകള്‍ മാനേജ്‌മെന്റ് സീറ്റിലേക്കും പ്രവേശനം നടത്തുന്നില്ലെന്ന ആരോഗ്യമന്ത്രിയുടെ പരാമര്‍ശം സഭയില്‍ പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചു.
പ്രവേശനം നടത്തിയിട്ടുണ്ടെന്നും ഇത് തെളിയിച്ചാല്‍ മന്ത്രി രാജിവെക്കുമോയെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചു. പ്രവേശനം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കരാറുണ്ടാക്കാത്ത കോളേജുകളുടെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി തുടര്‍ന്ന് വിശദീകരിച്ചു. ഒന്‍പത് കോളജുകള്‍ കരാറിന് സന്നദ്ധമായിട്ടുണ്ട്. കാരക്കോണം മെഡിക്കല്‍ കോളേജുമായി കരാറില്‍ ഒപ്പുവെച്ച് കഴിഞ്ഞു. എംഇഎസ് മെഡിക്കല്‍ കോളേജിന് സുപ്രീംകോടതി ന്യൂനപക്ഷ പദവി നല്‍കിയതിനാല്‍ അവര്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ കഴിയും. കെഎംസിടി, കൊല്ലം മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് ഇനിയും ചര്‍ച്ചക്ക് തയാറാകാത്തത്. മെറിറ്റ് സീറ്റില്‍ സ്വന്തം നിലയില്‍ പ്രവേശം നടത്തിയാല്‍ ശക്തമായ നടപടികള്‍ ഉണ്ടാകും. പിഎച്ച്‌സികളും സിഎച്ച്‌സികളും പരിശോധനകള്‍ക്ക് അനുവദിക്കുന്നതും പോസ്റ്റ്‌മോര്‍ട്ടം അനുമതിയും നിഷേധിക്കും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധന പോലും സ്വാശ്രയകോളേജുകളില്‍ നടന്നിട്ടില്ല. അവര്‍ക്ക് ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ക്ക് അനുമതിയും ലഭിച്ചിട്ടില്ല. അതിനാലാണ് ഈ കോളജുകളിലേക്ക് ഓപ്ഷന്‍ നല്‍കാത്തതെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാരിന്റെ പിടിപ്പ് കേട് മൂലം സ്വാശ്രയകോളേജുകളിലെ 676 മെറിറ്റ് സീറ്റുകള്‍ നഷ്ടപ്പെട്ടതായി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയിരിക്കുകയാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ സുരേഷ്‌കുറുപ്പ് പറഞ്ഞു. 75 ലക്ഷം രൂപ വരെ ഒരു സീറ്റിന് മാനേജ്‌മെന്റുകള്‍ കോഴ വാങ്ങുകയാണെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു ആത്മാര്‍ത്ഥതയും ഇല്ലെന്നും ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
സ്വന്തംലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.