ഹിന്ദു മിഷനറിമാരെ രംഗത്തിറക്കും: ശശികല ടീച്ചര്‍

Monday 7 July 2014 11:01 pm IST

കല്‍പ്പറ്റ: ഭാരതത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ മിഷനറിമാര്‍ തയ്യാറാവണമെന്ന് കെ.പി. ശശികല ടീച്ചര്‍.
ഹിന്ദു ഐക്യവേദി തരിയോട് പഞ്ചായത്തില്‍ നടത്തിയ കുടുംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഹിന്ദുസംസ്‌ക്കാരത്തില്‍ നിന്ന് മാറിപ്പോയവരെ തിരികെ കൊണ്ടുവരാന്‍ ഹിന്ദുമിഷനറിമാര്‍ക്ക് കഴിയുമെന്ന് കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ടീച്ചര്‍ പറഞ്ഞു. ഉല്‍പ്പന്നവിതരണരംഗത്ത് നിര്‍മ്മാണ കമ്പനികള്‍ ഉയര്‍ത്തിക്കാട്ടുന്ന പൊള്ളയായ പരസ്യം പോലെയാണ് ഇതരവിഭാഗങ്ങള്‍ അഴിച്ചുവിടുന്ന പലതരം തന്ത്രങ്ങള്‍. ഹിന്ദുദേവീ-ദേവന്മാരെ അധിക്ഷേപിച്ചും സാമ്പത്തികപരാധീനത മുതലെടുത്തും ഇവര്‍ നടത്തുന്ന തന്ത്രങ്ങളില്‍ ജാഗരൂകരായിരിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഭാരതം ശ്രേഷ്ഠമാണ്, സകലരെയും ഉള്‍ക്കൊള്ളാനുള്ള സഹനശക്തി ഹിന്ദുവിനുണ്ട്. ഗുരുസ്ഥാനത്താണ് ലോകത്തില്‍ ഭാരതത്തിന്റെ സ്ഥാനം. ഓരോരുത്തരും ദുശ്ശീലങ്ങള്‍ മാറ്റിയെടുത്ത് ഭാരതത്തെ പരമവൈഭവത്തില്‍ എത്തിക്കണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ യുവകര്‍ഷകന്‍ ജയരാജിനെയും ഊരുമൂപ്പന്‍ കേളു കുറ്റിയംവയലിനെയും ശശികലടീച്ചര്‍ ആദരിച്ചു. വനവാസി വിഭാഗത്തില്‍ പ്ലസ്ടുവിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ഷിജിലിനും ഹിന്ദു ഐക്യവേദി നടത്തുന്ന നിവേദിത ട്യൂഷന്‍ സെന്ററില്‍ നിന്നും എസ്എസ്എല്‍സിക്ക് കൂടുതല്‍ മാര്‍ക്ക് നേടിയ ഗംഗരാമന്‍, അനിത, വിപിന്‍ എന്നിവര്‍ക്കും ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട് സി.പി.വിജയന്‍ ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ കെ.പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ആദിവാസി സംഘം ജില്ലാ പ്രസിഡണ്ട് പി.ആര്‍.വിജയന്‍, നിഖില്‍ദാസ്, കെ.രാജേഷ്, തീര്‍ത്ഥശ്രീലക്ഷ്മി, പാറക്കുടിയില്‍ ശശിധരന്‍, എം.സി.ചന്ദ്രന്‍, അജ്ഞലി, വൈഷ്ണവി, സ്‌നേഹ, രാജേഷ് പുലിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.