എലിപ്പനി ബാധിച്ചവരില്‍ അധികവും കരള്‍ രോഗികള്‍ - ആരോഗ്യ മന്ത്രി

Tuesday 27 September 2011 5:23 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മൂലം മരിച്ചവരില്‍ അധികവും മദ്യപാനത്തെ തുടര്‍ന്നു കരള്‍ രോഗം ബാധിച്ചവരാണെന്നു കേന്ദ്രസംഘം കണ്ടെത്തിയതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എലിപ്പനി പരത്തുന്ന രോഗാണുക്കള്‍ക്കു നിലനില്‍ക്കാനാവശ്യമായ പ്രത്യേക അന്തരീക്ഷമാണ് കേരളത്തിലുളളതെന്ന് സംഘം കണ്ടെത്തി. രോഗബാധിതര്‍ ചികിത്സ തേടാന്‍ വൈകിയതു മരണസംഖ്യ ഉയരാന്‍ കാരണമായെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ചപ്പനി ബാധിച്ചവരുടെ കേസ് ഷീറ്റുകള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കാന്‍ സംഘം നിര്‍ദേശിച്ചു. സംസ്ഥാനത്തെ എലി നിയന്ത്രണത്തിന് വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ചു പദ്ധതികള്‍ ആവിഷ്കരിക്കണം. രോഗികളുടെ രക്തസാംപിളുകള്‍ ദല്‍ഹി നാഷനല്‍ സെന്‍റര്‍ ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കണമെന്നും സംഘം നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് എന്‍.സി.ഡി.സിയുടെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കാന്‍ ഉടന്‍ സ്ഥലം കൈമാറുമെന്നും മന്ത്രി അറിയിച്ചു.