പെരുമണ്‍ തീവണ്ടി ദുരന്തത്തിന് ഇന്ന് 26 വയസ്സ്

Tuesday 8 July 2014 2:37 pm IST

കൊല്ലം : നാടിനെ നടുക്കിയ പെരുമണ്‍ തീവണ്ടി ദുരന്തത്തിന് ഇന്ന് 26 വയസ്സ്. 1988 ജൂലൈ എട്ടിന് - കന്യാകുമാരി ഐലന്റ് എക്സ്പ്രസ്സ് പെരുമണ്‍ പാലത്തില്‍ നിന്നും അഷ്ടമുടിയുടെ ആഴങ്ങളിലേക്ക് പതിച്ചപ്പോള്‍ ജീവിതം നഷ്ടമായത് 105 പേര്‍ക്കാണ് . ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കുകള്‍ പറ്റി. നൂറുകണക്കിനു പേരുടെ വിലപ്പെട്ടതൊക്കെ നഷ്ടമായി. ദുരന്തസ്മരണയ്ക്കായി പെരുമണ്‍ ജങ്കാര്‍ കടവില്‍ പനയം ഗ്രാമപഞ്ചായത്ത് മരിച്ച നൂറ്റിയഞ്ച് പേരുടെയും പേരുകള്‍ കൊത്തി സ്മാരകം നിര്‍മിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാക്കൊല്ലവും ഇവിടെയെത്തും, അഷ്ടമുടിക്കായലില്‍ സ്മൃതി പുഷ്പങ്ങളര്‍പ്പിക്കും. ദുരന്തസ്മരണയില്‍ ഒരു ഗ്രാമം മുഴുവനും ഇവര്‍ക്കൊപ്പം ഒരുമിക്കും. ദുരന്തത്തിന്റെ ശരിയായ കാരണം ഇന്നും അജ്ഞാതമാണ്. പാളം തെറ്റിയതുമൂലമാണ് ട്രെയിൻ മറിഞ്ഞതെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. തുടരന്വേഷണത്തില്‍ റെയില്‍വേ കണ്ടെത്തിയത് ചുഴലിക്കാറ്റ് (ടൊര്‍ണാഡോ) മൂലമായിരുന്നുവെന്നാണ്. എന്നാല്‍ പ്രകൃതിക്ഷോഭമല്ല അപകടം നടന്നതിനു കാരണമെന്ന് പാര്‍ലമെന്ററി കാര്യ സമിതി റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തില്‍ മരിച്ചവരില്‍ 17 പേര്‍ക്ക് അവകാശികളില്ലെന്ന ന്യായം പറഞ്ഞ് റെയില്‍വേ നഷ്ടപരിഹാരം നല്‍കിയില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് വാഗ്ദാനം ചെയ്ത പാരിതോഷികങ്ങള്‍ പോലും പൂര്‍ണ്ണമായി നല്‍കിയില്ല. മരിച്ച മുതിര്‍ന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് അന്‍പതിനായിരം രൂപയുമായിരുന്നു നഷ്ടപരിഹാരം. പെരുമണ്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വാര്‍ഷികത്തില്‍ അഡ്വ. വൈശനഴികം വ്രജമോഹന്‍ കൊല്ലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംഭവം അന്വേഷിക്കാന്‍ കൊല്ലം ഈസ്റ്റ് പോലീസിനു കോടതി നിര്‍ദ്ദേശം നല്‍കി. അഞ്ചു റെയില്‍വേ ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. തുടരന്വേഷണം നടക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.