സെമിഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി

Wednesday 9 July 2014 9:13 pm IST

ബെലൊ ഹോറിസോന്റെ: ജര്‍മ്മനിയുടെ കടുത്ത ആരാധകര്‍ പോലും ബ്രസീലിനെതിരെ ഇത്രയും വലിയ ഒരു വിജയം സെമിഫൈനലില്‍ പ്രതീക്ഷിച്ചിരിക്കില്ല. അത്രക്ക് അപ്രതീക്ഷിതവും അവിശ്വസനീയവുമായിരുന്നു ഇരുപതാമത് ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ബ്രസീലിന്റെ തോല്‍വി. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നുകൂടിയായി മാറി ഇത്. സെമിഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി എന്ന നിലയിലാവും ഒന്നിനെതിരെ ഏഴ് ഗോളുകളുടെ ഈ തോല്‍വി ചരിത്രത്തിലിടം പിടിച്ചത്. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികൂടിയാണിത്.
1920-ലെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ഉറുഗ്വെയോട് 6-0ന് തോറ്റതായിരുന്നു ഇതിനുമുമ്പുള്ള ഏറ്റവും വലിയ തോല്‍വി. 1934-ല്‍ നടന്ന ഒരു സൗഹൃദ മത്സരത്തില്‍ അവര്‍ യൂറോഗ്ലാവ്യയോട് നാലിനെതിരെ എട്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
1930ലെ ലോകകപ്പില്‍ അമേരിക്ക അര്‍ജന്റീനയോടും യൂഗോസ്ലാവ്യ ഉറുഗ്വെയോടും 1954ലെ ലോകകപ്പിന്റെ സെമിയില്‍ ആസ്ട്രിയ പശ്ചിമ ജര്‍മ്മനി യോടും ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ന്നതാണ് ലോകകപ്പ് സെമിഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി.
എന്നാല്‍ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഇതല്ല. 1982-ല്‍ സ്‌പെയിനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ എല്‍സാല്‍വദോര്‍ ഹംഗറിയോട് നേരിട്ടതാണ് ഏറ്റവും കനത്ത പരാജയം. ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്കായിരുന്നു ഹംഗറിയുടെ വിജയം. 1954-ല്‍ സ്വിറ്റ്‌സര്‍ലന്റ് ലോകകപ്പില്‍ ഹംഗറി ദക്ഷിണ കൊറിയെയും 1974-ല്‍ പശ്ചിമ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പില്‍ യൂഗോസ്ലാവ്യ സയറിനെയും 9-0ന് കീഴടക്കി. 1938ലെ ലോകകപ്പില്‍ ക്യൂബ സ്വീഡനോടും 1950-ലെ ബ്രസീല്‍ ലോകകപ്പില്‍ ബൊളീവിയ ഉറുഗ്വെയോടും 2002-ല്‍ ജപ്പാന്‍-കൊറിയ ലോകകപ്പില്‍ സൗദി അറേബ്യജര്‍മ്മനിയോടും 8-0ന് തകര്‍ന്നതാണ് ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങള്‍. ബ്രസീല്‍ ആതിഥേയത്വം വഹിച്ച ഈ ലോകകപ്പില്‍ അവര്‍ വഴങ്ങിയത് 11 ഗോളാണ്. ഇതും ഒരു റെക്കോഡാണ്. 1938ലെ ലോകകപ്പിലാണ് അവര്‍ ഇതിന് മുന്‍പ് ഇത്രയും ഗോളുകള്‍ വഴങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.