പവിത്രക്ക് സ്മൃതി ഇറാനിയുടെ അഭിനന്ദനം

Wednesday 9 July 2014 10:07 pm IST

പെരുമ്പാവൂര്‍: ഫ്രം സ്മൃതി സുബിന്‍ ഇറാനി. മാനവ വിഭവശേഷി മന്ത്രി, ശാസ്ത്രി ഭവന്‍, ന്യൂദല്‍ഹി. ഇതായിരുന്നു അപ്രതീക്ഷിതമായി ലഭിച്ച അഭിനന്ദനത്തിലെ മേല്‍വിലാസം. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും പെരുമ്പാവൂര്‍ എംഇടി പബ്ലിക്‌സ്‌കൂളും കോഴിപ്പിള്ളി മനയും സന്തോഷത്തിന്റെ ഇരട്ടി നിറവിലായി.
എംഇടി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി പവിത്ര രാജന് അഭിനന്ദനം അറിയിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ തുറന്ന കത്ത്. ഇക്കഴിഞ്ഞ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ പ്രാദേശിക ഭാഷയായ മലയാളത്തിന് നൂറില്‍ 99 മാര്‍ക്ക് വാങ്ങിയാണ് പവിത്ര മന്ത്രിയുടെ മനസില്‍ ഇടംനേടിയത്.
കേരളത്തില്‍ രണ്ട് പേര്‍ക്കാണ് മലയാളത്തിന് ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കാനായത്. ഇതില്‍ ഒന്നാം സ്ഥാനക്കാരിയാണ് പെരുമ്പാവൂര്‍ കോഴിപ്പിള്ളിമനയില്‍ രാജന്റെയും പ്രീതിരാജന്റെയും മൂത്തമകളായ പവിത്ര. പരീക്ഷയില്‍ 83 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ ഈകൊച്ചു മിടുക്കി ഇംഗ്ലീഷിനും മികച്ച വിജയമാണ് കൈവരിച്ചിരിക്കുന്നത്. പഠനത്തോടൊപ്പം ചിത്രരചനയിലും കഴിവുള്ള പവിത്ര ഐരാപുരം എസ്എസ്‌വി കോളേജില്‍ ഇംഗ്ലീഷ് ഐശ്ചിക വിഷയമാക്കിയാണ് ബിഎയ്ക്ക് ചേര്‍ന്നിട്ടുള്ളത്.
മകളുടെ വിജയത്തെക്കാളുപരി കേന്ദ്ര മന്ത്രിയുടെ അഭിനന്ദനമാണ് മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നത്. ഈശ്വരാരാധന പതിവാക്കിയ ഈകുടുംബം മകളുടെ വിജയത്തിന്റെ മുഴുവന്‍ അവകാശവും ഈശ്വരനും അദ്ധ്യാപകര്‍ക്കുമാണ് നല്‍കുന്നത്.പവിത്രയുടെ സഹോദരന്‍ വിഷ്ണുവും സഹോദരി നന്ദനയും എംഇടി സ്‌കൂളിലെതന്നെ വിദ്യാര്‍ത്ഥികളാണ്. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ലോക നെറുകയില്‍ ഇടംനേടിയ എംഇടി സ്‌കൂളിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവലാവുകയാണ് സ്മൃതി ഇറാനിയുടെ കത്ത്... ഒപ്പം കോഴിപ്പിള്ളിമനയില്‍ സന്തോഷത്തിന്റെ നിറവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.