സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി

Wednesday 9 July 2014 10:09 pm IST

കാക്കനാട്: അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വച്ച സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി വിവിധ താലൂക്കുകളില്‍ നടത്തിയ പരിശോധനയില്‍ 15 അനധികൃത ബിപിഎല്‍ റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഇതില്‍ 15 പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ഇവര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശിച്ചു.
കെഎസ്ആര്‍ടിസി, കെഎസ്ഇബി, എക്‌സൈസ്, റയില്‍വേ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. രണ്ടു കാര്‍ഡുടമകള്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വീടുള്ളവരാണ്. ജില്ലാ സപ്ലൈ ഓഫീസര്‍ കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. ബിപിഎല്‍ കാര്‍ഡ് കൈവശം വച്ച് ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍, പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പുറമെ ഇതുവരെ വാങ്ങിയ റേഷന്‍സാധനങ്ങളുടെ വിലയും ഈടാക്കും. ബിപിഎല്‍ കാര്‍ഡ് ഉപയോഗിക്കുന്ന അനര്‍ഹരെ കണ്ടെത്താന്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും വീടുകയറിയുള്ള പരിശോധന ആരംഭിച്ചു. ഇത്തരത്തില്‍ ബിപിഎല്‍, എഎവൈ കാര്‍ഡുകള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അവ തിരിച്ചേല്‍പ്പിക്കണമെന്നും സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
റേഷന്‍കാര്‍ഡില്‍ പേരുള്ളവരില്‍ ഒരാള്‍ക്കു സര്‍ക്കാര്‍ വേതനം ലഭിക്കുന്ന ജോലി ഉണ്ടെങ്കില്‍ ആ കാര്‍ഡുകള്‍ എപിഎല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. ഒട്ടേറെ പേര്‍ക്കു സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ഈ വിവരം പൊതുവിതരണ വകുപ്പിനെ അറിയിച്ചിട്ടില്ല. ഇതുവരെ ജില്ലയില്‍ 593 പേരുടെ ബിപിഎല്‍ കാര്‍ഡ് എപിഎല്‍ വിഭാഗത്തിലേക്കു മാറ്റിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.