നാമസങ്കീര്‍ത്തനാഘോഷവുമായി ആഷാഡ ഏകാദശി ആഘോഷം

Wednesday 9 July 2014 10:08 pm IST

മട്ടാഞ്ചേരി: നാമസങ്കീര്‍ത്തനവും നഗരവീഥിഘോഷയാത്രയും പ്രത്യേക പുജയുമായി ആഷാഡം ഏകാദശി ആഘോഷം ഭക്തിസാന്ദ്രമായി. ഗോശ്രീപുരം ശ്രീവിഠോബാ ക്ഷേത്രത്തിലെ അഖണ്ഡ ഭജനസപ്താഹത്തോടനുബന്ധിച്ചാണ് ആഷാഡം ഏകാദശി ആഘോഷം നടന്നത്. നൂറ്റാണ്ട് പഴക്കമുള്ള മഹാരാഷ്ട്ര പണ്ഡരിപ്പൂര്‍ ക്ഷേത്രനഗരിയില്‍നിന്ന് കൊണ്ടുവന്ന പാണ്ഡുരംഗ പ്രതിഷ്ഠയാണ് വിഠോബാ ക്ഷേത്രത്തിലേത്.ഒരാഴ്ച നീണ്ടുനിന്ന ഭജനസപ്താഹം ഇന്ന് സമാപിക്കും. ആഷാഡം ഏകാദശി നാളില്‍ രാവിലെ ദേവന് പ്രത്യേക അഭിഷേകം, പൂജ എന്നിവ നടത്തി. തുടര്‍ന്ന് സ്വര്‍ണ അങ്കി ചാര്‍ത്തി ഏകാദശി പൂജയും ആരതിയും പാദുകകാണിക്കയും പ്രസാദവിതരണവും നടത്തി. വൈകിട്ട് ദേവന് സമര്‍പ്പിക്കാനുള്ള പുഷ്പം, ഫലങ്ങള്‍, സമര്‍പ്പണദ്രവ്യങ്ങള്‍ എന്നിവ വാദ്യമേളങ്ങളോടെ വീഥിഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് മുംബൈയിലെ കെരാകി ഷെട്ടിയുടെ അഭംഗ ഭജനാലാപനം നടന്നു.
ഹിന്ദുസ്ഥാനി ശൈലിയില്‍ പാണ്ഡുരംഗ-ശ്രീകൃഷ്ണ ഗീതങ്ങളലാപിച്ച് നടന്ന സംഗീതാര്‍ച്ചനയില്‍ സുമിത് എസ്. നായ്ക് തബലയും സന്തോഷ് വാഗ്മാരെ ഹാര്‍മോണിയവും വായിച്ചു. തുടര്‍ന്ന് ഉഡുപ്പിയില്‍നിന്നുള്ള സത്യചരണ്‍ ഷേണായ് സംഗീതാര്‍ച്ചന നടത്തി. ഒരാഴ്ച നീണ്ടുനിന്ന ഭജനസപ്താഹത്തില്‍ കേരളത്തിലെയും മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേയും 100 ല്‍ ഏറെ ഭജനമണ്ഡലികള്‍ പങ്കെടുത്തു.
പൂജാചടങ്ങുകള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി ഡി. രാജ്കുമാര്‍ ഭട്ട്, ദേവസ്വം ട്രസ്റ്റിമാരായ കെ. മുരളിധരഷേണായി, കെ. പ്രേംകുമാര്‍ ഭട്ട്, ശ്രീറാം എസ്. മല്യ, മഹേഷ് എന്‍. ജോഷി, വി. മണികണ്ഠ പടിയാര്‍, നരേഷ് പി. പൈ, എസ്. കൃഷ്ണാനന്ദ ഷേണായി എന്നിവര്‍ നേതത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.