വനിതാ പോലീസ് ചമഞ്ഞ് തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍

Wednesday 9 July 2014 10:10 pm IST

കൊച്ചി: വനിതാ പോലീസ് ചമഞ്ഞ് ജ്വല്ലറിയില്‍നിന്നും രണ്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് യുവതികള്‍ പിടിയില്‍. മരട് നഗരസഭ എട്ടാം വാര്‍ഡില്‍ തണല്‍ എന്ന വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുമ്പളങ്ങി സ്വദേശി സിനി (34), അങ്കമാലി ദേവഗിരി മേനാചേരി വീട്ടില്‍ വര്‍ഗീസിന്റെ ഭാര്യ ഷൈല വര്‍ഗീസ് (44) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ്‌സ്‌റ്റേഷന്‍ എസ്‌ഐ വി. ഗോപകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സുബൈര്‍, മരട് സ്‌റ്റേഷന്‍ വനിതാ പോലീസ് ഷീബ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
തേവര ധനലക്ഷ്മി ജ്വല്ലറിയിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ജ്വല്ലറി ഉടമ സദാനന്ദനോട് തേവര പോലീസ്‌സ്‌റ്റേഷനിലെ വനിതാ പോലീസാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സ്വര്‍ണാഭരണങ്ങള്‍ നല്‍കാന്‍ സദാനന്ദന്‍ വിസ്സമ്മതിച്ചപ്പോള്‍ വൈകിട്ട് എസ്‌ഐയേയും കൂട്ടി വരാമെന്നും സാധാരണ ആരും പോലീസിനെ വെറുപ്പിക്കാറില്ലെന്നും ഭീഷണിസ്വരത്തില്‍ പറഞ്ഞു. തുടര്‍ന്ന് സിനി എസ്‌ഐയെ ഫോണ്‍ ചെയ്യുന്നതുപോലെ ഫോണെടുത്ത് അഭിനയിക്കുകയും ചെയ്തു. ഇവരുടെ അഭിനയത്തില്‍ വീണുപോയ കടയുടമ രണ്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നല്‍കുകയായിരുന്നു.
തുടര്‍ന്ന് പണം കിട്ടാതായപ്പോള്‍ സിനിയെ ഫോണില്‍ വിളിച്ചു. താന്‍ ഒരു ട്രെയിനിംഗിന്റെ ഭാഗമായി തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലാണെന്നും ഒരുമാസം കഴിഞ്ഞേ വരികയുള്ളൂവെന്നും, വന്നാലുടന്‍ പണം നല്‍കാമെന്നും പറഞ്ഞു. ഒരുമാസം കഴിഞ്ഞ് സദാനന്ദന്‍ വിളിച്ചപ്പോള്‍ ഒരു കേസന്വേഷണവുമായി മുംബൈയിലാണെന്നും ഉടന്‍ വരാമെന്നും പറഞ്ഞു. പിന്നീട് ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് കടയുടമ തേവര പോലീസ്‌സ്‌റ്റേഷനിലെത്തി സിനി എന്ന വനിതാ പോലീസുകാരിയെ അന്വേഷിച്ചു. അപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം സദാനന്ദന്‍ അറിയുന്നത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കുവേണ്ടി പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തിവരികയായിരുന്നു.
പലപല സ്ഥലങ്ങളിലായി സിനിയും ഷൈലയും മാറിമാറി താമസിച്ചു. സിനിയെപ്പറ്റി അന്വേഷിച്ച പോലീസിന് ഇവരെപ്പറ്റി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. 2010ല്‍ 20 ലക്ഷം രൂപ വിനീത എന്ന സ്ത്രീയില്‍നിന്നും തട്ടിയെടുത്തതിന് തോപ്പുംപടി സ്‌റ്റേഷനിലും 2008ല്‍ കുമ്പളങ്ങി സ്വദേശി ജേക്കബ് എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ അരൂര്‍ പോലീസ്‌സ്‌റ്റേഷനിലും 2011ല്‍ തൃശൂര്‍ സ്വദേശിനി മേരി വര്‍ഗീസ് എന്ന സ്ത്രീയില്‍നിന്നും രണ്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തൃശൂര്‍ വെസ്റ്റ് പോലീസ്‌സ്‌റ്റേഷനിലും 2012ല്‍ ആലുവ സ്വദേശിനി പി.ജെ. ഫിലോമിന എന്ന സ്ത്രീയില്‍നിന്നും ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ആലുവ സ്‌റ്റേഷനിലും 2011ല്‍ ശോഭാമണി എന്ന സ്ത്രീയുടെ വീട്ടില്‍നിന്നും ബാധയൊഴിപ്പിക്കാമെന്ന പേരില്‍ മന്ത്രവാദം ചെയ്യുന്നതിനുവേണ്ടി രണ്ടരലക്ഷം രൂപ തട്ടിയെടുത്ത കേസിലും മുളവുകാട് പോലീസ്‌സ്‌റ്റേഷന്‍ പരിധിയില്‍ വനിതാ പോലീസാണെന്ന് പറഞ്ഞ് ഒരു സ്ത്രീയില്‍നിന്നും പാസ്‌പോര്‍ട്ടും രണ്ടരലക്ഷം രൂപ കവര്‍ന്ന കേസിലും ഇവര്‍ പ്രതിയാണ്.
അങ്കമാലി സ്വദേശിനിയായ ഷൈല കഴിഞ്ഞ എട്ട് വര്‍ഷമായി സിനിയുടെ സന്തതസഹചാരിയും തട്ടിപ്പുകളില്‍ കൂട്ടാളിയുമാണ്. തട്ടിയെടുത്ത സ്വര്‍ണം ഷൈലയുടെ മകളുടെ കല്യാണാവശ്യത്തിനായി ഉപയോഗിച്ചതായി വ്യക്തമായതായി സൗത്ത് സിഐ സിബി ടോം അറിയിച്ചു. പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് തൃക്കാക്കര അസി. കമ്മീഷണര്‍ സേവ്യര്‍ സെബാസ്റ്റിയന്‍ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്തിനിയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.