കുരുമുളക് സ്‌പ്രേ ചെയ്ത് നാലു ലക്ഷം രൂപാ കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

Wednesday 9 July 2014 10:32 pm IST

പാലാ: മാര്‍വാടിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് പണം തട്ടിയ കേസില്‍ മുഖ്യപ്രതി പോലീസ് പിടിയില്‍. കോട്ടയം ആര്‍പ്പൂക്കര പനമ്പാലം കൈപ്പറയില്‍ ജെയ്‌സ്‌മോന്‍ ജേക്കബ് (21) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ മെയ് ആറിനാണ് സംഭവം. ബോംബെ നിര്‍മ്മിത സ്വര്‍ണ്ണാഭരണങ്ങള്‍ ജൂവലറിയില്‍ വില്‍പന നടത്തി പണം വാങ്ങി മടങ്ങിയ മാര്‍വാഡിയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ ചെയ്ത് 4 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. എട്ട് പ്രതികളാണ് കേസിലുള്ളത്. ആറ്് പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. കോട്ടയത്തെ പ്രമുഖ ക്വട്ടേഷന്‍ സംഘത്തില്‍പെട്ട ജെയോട്ടി എന്നുവിളിക്കുന്ന ജെയ്‌സ്‌മോന്‍ കൊലപാതകം ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണ്. ജൂവലറി ജീവനക്കാരായ നെല്ലിക്കല്‍ നിധിന്‍ ജോസഫ് (24), കുടക്കച്ചിറ കൊച്ചുപറമ്പില്‍ രഞ്ജിത്ത് (25), നിരവധി മോഷണ കേസിലെ പ്രതി പാറപ്പിള്ളി പടിഞ്ഞാറേമുറി അക്കു എന്നു വിളിക്കുന്ന ജിതിന്‍ രാജു (25), ചേര്‍പ്പുങ്കല്‍ കോഴിമലക്കുന്നേല്‍ ദിലീപ് (26)കോതമംഗലം പല്ലാരിമംഗലം നാനിയത്താന്‍ സുബൈര്‍(24), പാലാ ചെത്തിമറ്റം കണ്ടത്തില്‍ ടോം (26) എന്നിവര്‍ നേരത്തെ അറസ്റ്റിലായയിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിപ്രകാരമാണ് മാര്‍വാഡിയില്‍ നിന്നും ഇവര്‍ പണം കവര്‍ച്ച ചെയ്തത്. മെയ് 6ന് വൈകിട്ട് 4.00 മണിയോടെ മാര്‍വാഡി പാലാ തെക്കേക്കരയിലുള്ള ജൂവലറിയില്‍ നിന്നും പണം വാങ്ങി പാലാ ടൗണിലുള്ള ജൂവലറിയില്‍ എത്തുകയും അവിടെ നിന്നും പണം വാങ്ങി ഇറങ്ങിയ മാര്‍വാഡിയെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ജൂവലറി ജീവനക്കാരായ നിധിനും രഞ്ജിത്തും ജെയ്‌സ്‌മോന്‍ ജേക്കബിനെയും മറ്റ് സംഘാംഗങ്ങളെയും വിളിച്ചറിയിക്കുകയായിരുന്നു. ഇതിനേതുടര്‍ന്ന് ബസില്‍ മാര്‍വാഡിക്കൊപ്പം യാത്രചെയ്ത ജെയ്‌സ്‌മോന്‍ ജേക്കബ് കിടങ്ങൂരില്‍ ട്രാഫിക് സിഗ്നലില്‍ ബസ് നിര്‍ത്തുന്നതിനിടയില്‍ മാര്‍വാഡിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത ശേഷം മാര്‍വാഡിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്ത് ബസിന് പിറകില്‍ നിര്‍ത്തിയിരുന്ന ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു ലക്ഷം രൂപ ബസില്‍ വീണ് പോയിട്ടുണ്ട്. പാലാ ഡി.വൈ.എസ്.പി. സുനീഷ് ബാബു, സി.ഐ. കെ.പി. ജോസ്, എസ്.ഐ. കെ.പി. തോമസ്, എ.എസ്.ഐ ഗിരി, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ തോമസ് , സോമന്‍ എന്നിവരടങ്ങുന്ന സംഘമാണ് ജോസ്‌മോന്‍ ജേക്കബിനെ പനമ്പാലത്തുനിന്നും അറസ്റ്റ് ചെയ്തത്. സംഭവത്തെ സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് എം.പി. ദിനേശിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ പാലാ ഡി.വൈ.എസ്.പി. ബിജു കെ. സ്റ്റീഫന്റെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിച്ച് ആറ്് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.