മുത്തങ്ങയില്‍ വനം-വന്യജീവി വകുപ്പ് വിനോദസഞ്ചാരം നിരുത്സാഹപ്പെടുത്തുന്നു

Thursday 10 July 2014 9:26 pm IST

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയില്‍ വനം-വന്യജീവി വകുപ്പ് വിനോദസഞ്ചാരം നിരുത്സാഹപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി രാവിലെയും വൈകീട്ടുമായി കാനനത്തില്‍ പ്രവേശനം അനുവദിക്കുന്ന സഞ്ചാരികളുടെ എണ്ണം 450ല്‍ താഴെയായി പരിമിതപ്പെടുത്തി. ഇത് വിദൂരദിക്കുകളില്‍നിന്നു കാനനസന്ദര്‍ശനത്തിനു മുത്തങ്ങയിലെത്തുന്ന സഞ്ചാരികളില്‍ ഏറെയും നിരാശരായി മടങ്ങുന്നതിനു കാരണമാകുകയാണ്. മുത്തങ്ങയിലെ പരിസ്ഥിത സൗഹൃദ വിനോദസഞ്ചാരം ജീവനോപാധിയാക്കിയ 30 ഓളം ടാക്‌സി ജീപ്പുകാരും ഗതികേടിലായി.
കര്‍ണാടകയിലെ ബന്ദിപ്പുര, തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളുമായി അതിരിടുന്നതാണ് മുത്തങ്ങ വനം. ബത്തേരിയില്‍നിന്നു 13 കിലോ മീറ്റര്‍ അകലെ ദേശീയപാത 212നോടു ചേര്‍ന്നാണ് മുത്തങ്ങ ഫോറസ്റ്റ് റെയ്ഞ്ച് ആസ്ഥാനം. കൊടിയ വേനലില്‍ ഒഴികെ ഹരിതശോഭ പരത്തുന്ന വനവും അതില്‍ വിഹരിക്കുന്ന ആനയും കാട്ടിയും കടുവയും പുലിയും മാനും മയിലും ഉള്‍പ്പടെ വന്യജീവികളുമാണ് മുത്തങ്ങയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. രാവിലെ ഏഴ് മുതല്‍ 10 വരെയും വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെയുമാണ് ഇവിടെ സഞ്ചാരികള്‍ക്ക് കാനനയാത്രയ്ക്ക് അവസരം. വനത്തിലെ ടൂറിസം മേഖലയില്‍ 16 കിലോമീറ്റര്‍ നീളുന്നതാണ് കാനനയാത്ര. മുത്തങ്ങയിലെത്തുന്ന മുഴുവന്‍ സഞ്ചാരികള്‍ക്കും ഫീസ് ഈടാക്കി ജീപ്പുകളില്‍ കാനനയാത്രയ്ക്ക് അനുമതി നല്‍കുന്നതായിരുന്നു മുമ്പത്തെ രീതി. നിലവില്‍ രാവിലെ 40-ഉം വൈകീട്ട് 20-ഉം ജീപ്പുകള്‍ക്കു മാത്രമാണ് പ്രവേശനം. ഏഴ് സഞ്ചാരികള്‍ക്കാണ് ഒരു ജീപ്പില്‍ യാത്രയ്ക്ക് അവസരം.
ടൂറിസം സീസണില്‍ സംസ്ഥാനത്തിനകത്തും പുറത്തുംനിന്നായി നൂറുകണക്കിനു സഞ്ചാരികളും പഠനയാത്രാസംഘങ്ങളുമാണ് മുത്തങ്ങയിലെത്തുന്നത്. ഇവരില്‍ സിംഹഭാഗത്തിനും വനയാത്രയ്ക്ക് അവസരം ലഭിക്കുന്നില്ല. തിരുവനന്തപുരം ഉള്‍പ്പെടെ ദൂരെ ദിക്കുകളില്‍നിന്നെത്തുന്നവര്‍ സ്വയം ശപിച്ചാണ് മടങ്ങുന്നത്. സഞ്ചാരികള്‍ക്കുണ്ടകുന്ന അസൗകര്യം വനം-വന്യജീവി വകുപ്പ് കണക്കിലെടുക്കുന്നില്ല. വനത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കുന്നത് വന്യജീവികളുടെ സൈ്വരവിഹാരത്തിനു തടസ്സമാണെന്ന ന്യായവും വനം ഉദ്യോഗസ്ഥര്‍ സഞ്ചാരികള്‍ക്കു മുന്നില്‍ നിരത്തുന്നുണ്ട്.
മുത്തങ്ങയില്‍ മുതിര്‍ന്നവര്‍ക്ക് 75-ഉം 10 വയസില്‍ താഴെയുള്ളവര്‍ക്ക് 30-ഉം രൂപയാണ് പ്രവേശന ഫീസ്. വിദേശിക്ക് 200 രൂപയും. പഠനയാത്രാസംഘങ്ങള്‍ക്ക് ഫീസില്‍ പ്രത്യേക ഇളവ് അനുവദിക്കുന്നുണ്ട്. രാവിലെയും വൈകീട്ടും സഞ്ചാരികളുമായി കാട്ടില്‍ പ്രവേശിക്കുന്ന ജീപ്പുകളുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ ഫീസ് ഇനത്തില്‍ വനം-വന്യജീവി വകുപ്പിനു ലഭിക്കുന്ന വരുമാനത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ടാക്‌സിക്കാരുടെ വരുമാനവും കുത്തനെ കുറഞ്ഞു. പച്ചഛായമടിച്ച 29 ജീപ്പുകളാണ് കാനന സവാരിക്ക് മുത്തങ്ങയില്‍ ലഭ്യം. ട്രിപ്പിനു 500 രൂപയാണ് ചാര്‍ജ്. സ്ത്രീകളും കുട്ടികളുമടക്കം സഞ്ചാരികള്‍ കൂട്ടമായി എത്തുന്ന വിശേഷദിനങ്ങളില്‍പോലും രണ്ടില്‍ക്കൂടുതല്‍ ട്രിപ്പ് ലഭിക്കുന്നില്ലെന്ന് മുത്തങ്ങയിലെ ടാക്‌സി ഡ്രൈവര്‍മാരായ ആര്‍.കെ.സജീവന്‍, ടി.ആര്‍.സുരേഷ് എന്നിവര്‍ പറഞ്ഞു. ദിവസം മൂന്ന് ട്രിപ്പെങ്കിലും കിട്ടിയില്ലെങ്കില്‍ ജീവിച്ചുപോകാന്‍ കഴിയില്ലെന്ന വേദനയും അവര്‍ മറച്ചുവെക്കുന്നില്ല.
മുത്തങ്ങയില്‍ വന സംരക്ഷണ സമിതി അംഗങ്ങളാണ് ടൂറിസ്റ്റ് ഗൈഡുകളായി പ്രവര്‍ത്തിക്കുന്നത്. കാട്ടിലേക്ക് പോകുന്ന ഓരോ ജീപ്പിലും ഒരു ഗൈഡ് ഉണ്ടാകും. വന്യജീവികളെ കാണാനാകില്ലെന്നു പറഞ്ഞ് ഗൈഡുമാരില്‍ ചിലരും സഞ്ചാരികളുടെ കാനനയാത്രയെ നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന് ഡ്രൈവര്‍മാര്‍ കുറ്റപ്പെടുത്തി. നേരത്തേ ട്രിപ്പുകളുടെ എണ്ണം കണക്കാക്കിയായിരുന്നു ഗൈഡുമാര്‍ക്ക് വേതനം. ഓരോ ട്രിപ്പിനും 60 രൂപയാണ് നല്‍കിയിരുന്നത്. ഈ രീതി മാറ്റി ശമ്പള വ്യവസ്ഥ ഏര്‍പ്പെടുത്തിയതോടെയാണ് ഗൈഡുമാരുടെ സ്വഭാവത്തില്‍ മാറ്റംവന്നതെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.