നൈജീരിയയെ ഫിഫ വിലക്കി

Thursday 10 July 2014 9:30 pm IST

സൂറിച്ച്: പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ നൈജീരിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (എന്‍എഫ്എഫ്) ഫിഫ വിലക്കി. ഫിഫയുടെ അടിയന്തര യോഗത്തിന്റേതാണ് തീരുമാനം. നൈജീരിയന്‍ ദേശീയ ടീമിനെയും ക്ലബ്ബുകളെയും പ്രാദേശിക മത്സരങ്ങളടക്കം കളിക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടുണ്ട്. ജൂലൈ 15നകം വിലക്ക് നീക്കിയില്ലെങ്കില്‍ അണ്ടര്‍ 20 വനിതാ ലോകകപ്പ് നൈജീയയ്ക്ക് നഷ്ടമാകും.
എന്‍എഫ്എഫിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കോടതി വിധിയും അതിന്റെ ഫലമായുണ്ടായ സര്‍ക്കാര്‍ കൈകടത്തലും ഫിഫയെ നടപടിക്കു പ്രേരിപ്പിക്കുകയായിരുന്നു. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് അമിനു മൈഗാരിയെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്ന് തടയുകയും സംഘടനയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ നൈജീരിയന്‍ സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് എന്‍എഫ്എഫിന്റെ അധ്യക്ഷനെയും ഭരണസമിതി അംഗങ്ങളെയും തടഞ്ഞുകൊണ്ടുള്ള കോടതിവിധിയുമുണ്ടായി. ഇതേതുടര്‍ന്ന് കേസ് അവസാനിക്കുന്നതുവരെ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നൈജീരിയന്‍ കായിക മന്ത്രാലയം ഒരു ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ചു.
അത്തരത്തിലെ സംഭവവികാസങ്ങളില്‍ ആശങ്ക അറിയിച്ച് ഫിഫ എന്‍എഫ്എഫിനെ കത്തയയ്ക്കുകയുണ്ടായി. അതവഗണിച്ച് മുന്നോട്ടുപോയതിനെ തുടര്‍ന്ന് എന്‍എഫ്എഫിനെ വിലക്കാന്‍ ഫിഫ നിര്‍ബന്ധിതമാകുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.