മതമേതായാലും മക്കള്‍ രണ്ടുമതി

Tuesday 27 September 2011 11:07 pm IST

കേരളം മനുഷ്യരുടെ നാടല്ലാതാകുകയാണ്‌. പുഴുക്കളുടെയും കൊതുകുകളുടെയും എലികളുടെയും മറ്റും ആവാസ കേന്ദ്രമാക്കി കേരളത്തെ മാറ്റുന്ന മനുഷ്യരെ മനുഷ്യര്‍ എന്നെങ്ങനെ വിളിക്കും. സ്വന്തം വീട്ടിലെ മാലിന്യം മനുഷ്യര്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന ജലത്തില്‍ തള്ളുന്നതും ഇന്ന്‌ ഇവിടെ മനുഷ്യാവകാശമാണ്‌. "മാലിന്യം തള്ളരുത്‌" എന്ന ഉത്ബോധനത്തിന്‌ താഴെയാണ്‌ പലരും അവ കൊണ്ടുവന്നിടുന്നത്‌. "നാം രണ്ട്‌ നമുക്ക്‌ രണ്ട്‌" എന്ന നയം ദശകങ്ങളായി വിശ്വാസപ്രമാണമാക്കിയവരുടെ രണ്ട്‌ കുട്ടികള്‍ നിര്‍ബന്ധിതമാക്കണമെന്ന്‌ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ രൂപപ്പെടുത്തിയ നിര്‍ദേശത്തോടുള്ള പ്രതികരണം കണ്ടപ്പോള്‍, എനിക്ക്‌ ഓര്‍മ വന്നത്‌ ഈ മാലിന്യ നിക്ഷേപാവകാശമാണ്‌. ജനസംഖ്യാ നിയന്ത്രണമെന്ന ദേശീയ വ്യാപകമായി നിലനിന്നുവരുന്ന ഈ ജീവിതശൈലി രണ്ട്‌ കുട്ടികളുള്ളവര്‍ക്ക്‌ ആനുകൂല്യവും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്‌ ശിക്ഷയുമെന്ന്‌ നിര്‍ദേശിച്ചപ്പോള്‍ അതിന്‌ മതപര മാനം കൈവന്നതെങ്ങനെ എന്ന്‌ എനിക്ക്‌ മനസ്സിലാകുന്നില്ല. 'ശിക്ഷ' എന്ന ആശയം അസ്വീകാര്യമാണെങ്കില്‍പ്പോലും അത്‌ ഒരു മതവിഭാഗത്തിന്‌ മാത്രം എങ്ങനെ ബാധകമാകും? ഒരു കുടുംബത്തിന്‌ രണ്ട്‌ കുട്ടികള്‍ എന്ന്‌ പറയുമ്പോള്‍ കുട്ടികളെ ജനിപ്പിക്കാനുള്ള അവകാശം എങ്ങനെ നിഷേധിക്കപ്പെടും? മാതൃത്വമോ പിതൃത്വമോ എങ്ങനെ നിഷേധിക്കപ്പെടും? കുട്ടികള്‍ ഉണ്ടാകരുതെന്നോ രണ്ടുപേര്‍ പാടില്ലെന്നോ പറയുന്നില്ല. ഫെര്‍ട്ടിലിറ്റി ജന്മാവകാശമാണെന്നും ഉല്‍പ്പാദനം ദൈവനിയോഗമാണെന്നും മതവിശ്വാസത്തില്‍ അധിഷ്ഠിതമായി വാദിക്കുന്നവര്‍, നിയന്ത്രണമില്ലാത്ത, നിരന്തര ഗര്‍ഭധാരണം സ്ത്രീയോട്‌ ചെയ്യുന്ന അനീതിയായി, അവളുടെ ആരോഗ്യത്തെ അപായപ്പെടുത്തുന്ന പ്രക്രിയയായി എന്തുകൊണ്ട്‌ തിരിച്ചറിയുന്നില്ല? എന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ലതയുടെ നായ ഒറ്റപ്രസവത്തില്‍ എട്ട്‌ കുട്ടികളെ പ്രദാനം ചെയ്തു. "പപ്പുവിന്‌ എട്ട്‌ കുട്ടികളാണുണ്ടായത്‌ ചേച്ചി" ലത സന്തോഷത്തോടെ പറഞ്ഞു. പപ്പു പെണ്‍ പട്ടിയാണെന്ന്‌ അപ്പോഴാണ്‌ ഞാനറിഞ്ഞത്‌. എട്ട്‌ കുട്ടികളെ ജനിപ്പിക്കാനുള്ള അവകാശം പപ്പുവിനുണ്ട്‌. അവ എങ്ങനെ വളരുമെന്ന്‌ ലതയോ പപ്പുവോ ചിന്തിക്കുന്നില്ല. എട്ട്‌ കുട്ടികളെ ജനിപ്പിക്കാന്‍ പട്ടിഭ്രാന്തനായിരുന്ന, ശ്വാനപ്രദര്‍ശനങ്ങളില്‍ ജഡ്ജായിരുന്ന എന്റെ ഭര്‍ത്താവിന്റെ സുഹൃത്ത്‌ നവാബ്‌ നസിര്‍യാര്‍ ജംഗുപോലും ധൈര്യപ്പെട്ടില്ല. അവനവന്‌ ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കണമെന്നും അത്‌ കഴിഞ്ഞ്‌ ഉണ്ണുന്ന ഓരോ ഉരുളയും അന്യനുള്ള ഭക്ഷണം മോഷ്ടിക്കലാണെന്ന്‌ ഗാന്ധിജി പറഞ്ഞു. അതുപോലെ അനിയന്ത്രിതമായി കുട്ടികളെ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ സമുദായ ജനസംഖ്യ വര്‍ധിക്കുമെങ്കിലും അധികമായി ജനിക്കുന്നവര്‍ അധിക വിഭവങ്ങള്‍ സ്വായത്തമാക്കുമ്പോള്‍ മറ്റ്‌ കുടുംബങ്ങളുടെ വിഭവ അപഹരണത്തിന്‌ തുല്യമല്ലേ ഇത്‌? ജനസംഖ്യ അനിയന്ത്രിതമായി വളര്‍ത്താം. പക്ഷേ അതിനനുസരിച്ച്‌ വിഭവങ്ങള്‍ വളരുകയില്ല. പ്രകൃതി സമ്പത്ത്‌ പരിമിതമാണ്‌. പ്രകൃതിയെ നശിപ്പിക്കാന്‍ മനുഷ്യന്‌ സാധിക്കും. പക്ഷേ പ്രത്യുല്‍പ്പാദിപ്പിക്കാനോ വര്‍ധിപ്പിക്കാനോ സാധ്യമല്ല. സ്ഥലത്തിനും ജലത്തിനും ശുദ്ധവായുവിനുമെല്ലാം പരിധിയുണ്ട്‌. കയ്യൂക്കുള്ളവന്‍ കാര്യക്കാരനായി വിഭവങ്ങള്‍ സ്വായത്തമാക്കുമ്പോള്‍ ദരിദ്രവിഭാഗം കൂടുതല്‍ ദരിദ്രരാകുന്നു. ലോകത്ത്‌ ദരിദ്രരുടെ എണ്ണം വര്‍ധിക്കുകയാണ്‌. ഉല്‍പ്പാദനത്തിന്റെ 20 ശതമാനം പോലും ദരിദ്രവിഭാഗത്തിന്‌ ലഭിക്കുന്നില്ല. 'മാവേലി നാട്‌ വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ' എന്ന സ്ഥിതിയിലേക്ക്‌ വരണമെങ്കിലും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ട്‌. ദാരിദ്ര്യരേഖ എന്ന സങ്കല്‍പ്പം ഉടലെടുത്തതുതന്നെ ജനസംഖ്യാനുപാതമായി വിഭവശേഷി ലഭ്യമാകാത്തതിനാലാണ്‌. രണ്ട്‌ കുട്ടിനയം എന്തുകൊണ്ട്‌ ന്യൂനപക്ഷങ്ങളെ മാത്രം പ്രകോപിപ്പിക്കുന്നു? ന്യൂനപക്ഷം ഇന്ന്‌ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരാണ്‌. പ്രവാസി മലയാളികളില്‍ ഭൂരിപക്ഷവും ന്യൂനപക്ഷ സമുദായാംഗങ്ങളായതിനാല്‍ അവര്‍ അയയ്ക്കുന്ന പണം ധനികരാക്കുന്നത്‌ അധികവും ന്യൂനപക്ഷ സമുദായങ്ങളെയാണ്‌. ന്യൂനപക്ഷങ്ങള്‍ക്കെതിരെ യാതൊരു ഭീഷണിയും നിലനില്‍ക്കാത്ത സംസ്ഥാനമാണ്‌ കേരളം. വാസ്തവം പറഞ്ഞാല്‍ ഇന്ന്‌ ഭരണംപോലും നിയന്ത്രിക്കുന്നത്‌ ന്യൂനപക്ഷമാണ്‌. ഇന്ത്യയില്‍ വര്‍ഗീയതക്ക്‌ വിത്ത്‌ പാകിയത്‌ ബ്രിട്ടീഷുകാരാണ്‌. ഇന്നും മതവിഭാഗിയത അവരുടെ പൈതൃകമായി നിലനില്‍ക്കുന്നു. ഭരണ തന്ത്രത്തിന്റെ ഭാഗമാണ്‌ ന്യൂനപക്ഷപ്രീണനം. സ്നേഹം മാത്രം സന്ദേശമാക്കിയ യേശുക്രിസ്തുവിന്റെ പുരോഹിതന്മാര്‍ ഡിവൈഎഫ്‌ഐ അണികളെപ്പോലെ നിരത്തിലിറങ്ങി സമരം ചെയ്തത്‌ ക്രിസ്തു സേവയാണോ? മുഖ്യമന്ത്രിയുടെ വീട്‌ ഉപരോധിച്ചിട്ടുപോലും എന്തേ രാഷ്ട്രീയ പ്രതികരണം ഉണ്ടാകാത്തത്‌. കേരളത്തിലെ തെരഞ്ഞെടുപ്പിലെ നിര്‍ണായകശക്തി ന്യൂനപക്ഷമാണ്‌. അവരുടെ അവകാശങ്ങള്‍, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വാശ്രയ ചൂഷണം എല്ലാം വിശുദ്ധമാണ്‌. സ്ഥിതിഗതികള്‍ ഇതായിരിക്കെ എന്തുകൊണ്ട്‌ മതന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ അരക്ഷിതത്വം അനുഭവിക്കുന്നുവെന്നത്‌ ചിന്താവിഷയമാകേണ്ടതാണ്‌. കേരളം പുരാണകാലം മുതല്‍ക്കേ മതസൗഹാര്‍ദ്ദത്തിന്‌ പുകള്‍പെറ്റതാണ്‌. മുസ്ലീങ്ങളും ജൂതന്മാരും എല്ലാം ഇവിടെ സ്വീകരണവും ആനുകൂല്യങ്ങളും ലഭിച്ച സമുദായങ്ങളാണെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പോര്‍ച്ചുഗീസുകാര്‍ വന്ന്‌ മത്സ്യത്തൊഴിലാളികളെ മതംമാറ്റി ലത്തീന്‍ കത്തോലിക്കാ വിഭാഗമുണ്ടായപ്പോഴും ഇംഗ്ലീഷുകാര്‍ പ്രൊട്ടസ്റ്റന്റ്‌ മതം പ്രചരിപ്പിച്ചപ്പോഴും ഓര്‍ത്തഡോക്സ്‌ സഭയും ക്നാനായ സഭയും ഇവിടെ സുഗമമായി രൂപീകൃതമായി. ഹിന്ദുവിഭാഗം ക്രൂരത കാട്ടിയത്‌ ദളിതരോടും അധഃകൃത ഹിന്ദുവിഭാഗങ്ങളോടുമാണ്‌. പക്ഷേ അവര്‍ക്ക്‌ തോന്നാത്ത അരക്ഷിതത്വബോധം എന്തുകൊണ്ട്‌ ഇവിടുത്തെ സാമുദായിക ന്യൂനപക്ഷങ്ങള്‍ വച്ചുപുലര്‍ത്തുന്നു? പള്ളികള്‍ക്കുപോലും സ്ഥലം കൊടുക്കുന്ന പാരമ്പര്യമാണ്‌ ഇവിടെ നിലനിന്നിരുന്നത്‌. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസം മനുഷ്യമനസ്സിനെ, ബുദ്ധിയെ, ചിന്താശക്തിയെ, വിശകലന പാടവത്തെ സഹായിക്കുന്നുണ്ടോ? സാക്ഷരത നമ്മള്‍ എത്ര കൊട്ടിഘോഷിച്ചു. സാക്ഷരതാ യജ്ഞത്തിന്റെ അനന്തരഫലം തേടിച്ചെന്ന എന്നോട്‌ അന്ന്‌ പല സ്ത്രീകളും പറഞ്ഞത്‌ അവര്‍ അക്ഷരം പഠിക്കുന്നത്‌ പൈങ്കിളിക്കഥകള്‍ വായിക്കാനാണെന്നാണ്‌. വായന ബൗദ്ധിക വികസനത്തിന്‌ എത്രപേര്‍ പ്രയോജനപ്പെടുത്തുന്നു? വിദ്യാഭ്യാസം മലയാളികള്‍ക്ക്‌ ജോലി ലഭിക്കാനുള്ള ഉപാധി മാത്രമാണ്‌. മാനസിക, വീക്ഷണ വികസനത്തിനുള്ള ഉപാധിയല്ല. അടുത്തയിടെ ഇന്‍ഫോപാര്‍ക്കിലെ ഒരു ഐടി സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്‌ വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക്‌ ഭാഗ്യമുണ്ടായി. 'ഭാഗ്യം' എന്ന്‌ ഞാന്‍ വിശേഷിപ്പിച്ചത്‌ ഞാന്‍ അവിടെ കണ്ട വ്യത്യസ്ത ജീവിതശൈലിയാണ്‌. ഐടി വിദ്യാഭ്യാസം നേടിയ വനിതകള്‍, പര്‍ദാ ധാരിണികള്‍വരെ പ്രകടിപ്പിച്ചത്‌ ആത്മവിശ്വാസത്തിന്റെയും വെല്ലുവിളികളെ നേരിടാനുള്ള അവകാശത്തിന്റെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശരീരഭാഷയായിരുന്നു. ലിംഗഭേദമന്യേയുള്ള ഇടപെടല്‍. മതാധിഷ്ഠിതമല്ലാത്ത പ്രതികരണങ്ങള്‍. ദൈവത്തിന്റേത്‌ ദൈവത്തിനും സീസറിന്റേത്‌ സീസറിനും എന്നുപറയുന്നപോലെ ദൈവത്തിനും ജീവിതത്തില്‍ ഒരു സ്ഥാനമുണ്ട്‌. സര്‍വവും അറിയുന്ന ദയാപരനായ ദൈവം സാമൂഹ്യനിയന്ത്രണം ധര്‍മച്യുതിയായി കാണുമെന്ന്‌ ഞാന്‍ കരുതുന്നില്ല. വനിതാ കോഡ്‌ ബില്‍, അല്ലെങ്കില്‍ രണ്ടു കുട്ടിനയം അടിച്ചേല്‍പ്പിക്കേണ്ടതല്ല, അവകാശലംഘനമല്ല എന്ന അവബോധം ജനിപ്പിച്ചാണ്‌ അത്‌ പ്രാവര്‍ത്തികമാക്കേണ്ടത്‌. ജനനനിയന്ത്രണ പ്രചാരണം തുടങ്ങിയപ്പോഴും ആനുകൂല്യങ്ങള്‍ നല്‍കിയാണ്‌ സന്താന നിയന്ത്രണം തുടങ്ങിയത്‌. ഇന്ന്‌ കേരളത്തിലും ഇന്ത്യയിലും രണ്ട്‌ കുട്ടികള്‍ എന്ന തത്വം അംഗീകരിച്ച്‌ സന്താന നിയന്ത്രണം സ്വയം നടപ്പാക്കുന്ന കുടുംബങ്ങളുണ്ട്‌. അത്‌ അമ്മമാരെ ഗര്‍ഭനിരോധന ഓപ്പറേഷന്‌ വിധേയമാക്കിയാണ്‌ എന്നുമാത്രം. "വാസക്ടമി" എന്ന വാക്ക്‌ പുരുഷന്മാര്‍ക്ക്‌ അശ്ലീലമാണ്‌. വാസക്ടമി ചെയ്താല്‍ ലൈംഗികശേഷി നഷ്ടപ്പെടുമത്രേ. ലൈംഗിക ഊര്‍ജം വര്‍ധിപ്പിക്കാന്‍ ലൈംഗിക ഉത്തേജക മരുന്നുകള്‍, വ്യാജനാണെങ്കില്‍പ്പോലും ഉള്ളിലാക്കണമെന്ന്‌ മലയാള പുരുഷന്‍ വിശ്വസിക്കുന്നു. ഇന്ന്‌ കേരളം മദ്യലഹരിയിലാണ്‌. സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന മദ്യപാനം അധിക ഖജനാവ്‌ വരുമാനവും മദ്യലോബി പ്രീണനവും ലക്ഷ്യമിട്ടാണ്‌. അമിത മദ്യോപയോഗവും ലൈംഗിക അരാജകത്വത്തിന്‌ വഴിമരുന്നിടുന്നു. ഇന്ന്‌ പുരുഷന്മാര്‍ ലൈംഗിക വികാരത്തിന്റെ മൂര്‍ത്തരൂപങ്ങളാവുമ്പോള്‍ രണ്ടാംക്ലാസുകാരിപോലും അധ്യാപകന്റെ പീഡനത്തിനിരയാകുന്നുണ്ടല്ലോ. ഇത്‌ ഒരുവശം മാത്രം. വനിതാ കോഡ്‌ ബില്ലും മറ്റ്‌ സ്ത്രീ-ബാല സംരക്ഷണ നിര്‍ദേശങ്ങളും ചര്‍ച്ചകള്‍ക്കും സമവായത്തിനുശേഷം മാത്രമേ നടപ്പാക്കാവൂ. പക്ഷേ ഇതോടൊപ്പം മലയാളിയുടെ ശുഷ്ക്കിച്ചുവരുന്ന മനുഷ്യത്വവും മത-രാഷ്ട്രീയ മൗലികവാദവും എങ്ങനെ തരണം ചെയ്യണമെന്ന അവബോധംകൂടി വളര്‍ത്തേണ്ടതുണ്ട്‌. മാനസികമായ, സാമൂഹ്യക്ഷേമകരമായ, ആര്‍ദ്രതയും സഹാനുഭൂതിയുമുള്ള മനുഷ്യത്വം എങ്ങനെ രൂപപ്പെടുത്താമെന്നുകൂടി ചര്‍ച്ചാ വിഷയമാക്കേണ്ടതുണ്ട്‌. ലീലാമേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.