വികസനോന്മുഖ ബജറ്റ്

Thursday 10 July 2014 10:28 pm IST

സാമ്പത്തികമേഖല നേരിടുന്ന നിരവധി വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കരുതലോടെയും യാഥാര്‍ത്ഥ്യബോധത്തോടുംകൂടിയ ഒരു വികസനോന്മുഖ ബജറ്റാണ് അരുണ്‍ ജെറ്റ്‌ലി അവതരിപ്പിച്ചിട്ടുള്ളത്. വിലക്കയറ്റം നിയന്ത്രിക്കുന്നതോടൊപ്പം നിക്ഷേപകരുടെ ആശങ്കകള്‍ അകറ്റി നിക്ഷേപം വര്‍ദ്ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ചാനിരക്കും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനാണ് ബജറ്റില്‍ മുന്‍ഗണന കൊടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ സാധാരണ ബജറ്റില്‍ കാണാറുള്ള ജനപ്രിയ പരിപാടികള്‍ ഏറെക്കുറെ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതേസമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വരുത്തേണ്ട ഘടനാപരവും വ്യവസ്ഥാപരവുമായ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. സര്‍ക്കാരിന്റെ ചിലവുകളെ യുക്തിസഹമായി നിയന്ത്രിക്കാനും പരിഷ്‌കരിക്കാനും ഉദ്ദേശിച്ചിട്ടുള്ള എക്‌സിപെന്റിച്വര്‍ കമ്മീഷന്‍ മുതല്‍ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ മിഷന്‍ വരെ പല നിര്‍ദ്ദേശങ്ങളും ഇത്തരത്തിലുള്ളതാണ്. പ്രത്യക്ഷനികുതി ബില്ലും ചരക്കു സേവന നികുതി നിയമവും വേണ്ടത്ര ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം നടപ്പാക്കുമെന്ന പ്രഖ്യാപനവും ശരിയായതുതന്നെ. തൊഴില്‍ദാന പദ്ധതികളെ പുനരാവിഷ്‌കരിച്ച് സമഗ്രമായ തൊഴില്‍ദാന പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തിലും ഇതേ സമീപനം തന്നെയാണ് സ്വീകാര്യമായത്.
ഇപ്പോള്‍ 4.5 ശതമാനത്തില്‍ താഴെയുള്ള സാമ്പത്തിക വളര്‍ച്ച മൂന്നുവര്‍ഷത്തിനകം എട്ടുശതമാനമായി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ തൊഴിലും വരുമാനവും സൃഷ്ടിക്കുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം. അതിനായി നിക്ഷേപകര്‍ക്ക് വിശ്വാസവും ആശ്വാസവും പകരാനായി എക്‌സൈസ്-ഇറക്കുമതി തീരുവകളില്‍ ഇളവും നികുതി തകര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള പുതിയ വ്യവസ്ഥയും, ട്രാന്‍സ്ഫര്‍ പ്രൈസിങ്ങ് അടക്കമുള്ള പ്രശ്‌നങ്ങള്‍ ന്യായമായി പരിഹരിക്കാനുള്ള നിര്‍ദ്ദേശവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാവസായിക ഇടനാഴികള്‍, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജമേഖലയുടെ വികസനം, പ്രത്യേക സാമ്പത്തിക മേഖലയുടെ പുനരുദ്ധാരണം തുടങ്ങിയ പ്രഖ്യാപനങ്ങളും വ്യാവസായിക വികസനത്തിന് സഹായകമാണ്. അതോടൊപ്പം റോഡ്, എയര്‍പോര്‍ട്ട്, തുറമുഖ വികസനത്തിലുള്ള മുന്‍ഗണനയും നൂറ് സ്മാര്‍ട്ട് സിറ്റികള്‍, പൊതുസംരംഭകരുടെ സ്റ്റാര്‍ട്ടപ്പ് പ്രൊജക്ടുകള്‍ക്കുള്ള പതിനായിരം കോടിയുടെ വകയിരുത്തല്‍, യുവജനങ്ങളുടെ നൈപുണ്യ വികസന പദ്ധതി, കല്‍ക്കരി സ്റ്റീല്‍ മേഖലകളിലെ വികസനം തുടങ്ങി മറ്റു നിരവധി പരിപാടികളും വ്യാവസായിക വികസനത്തോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായകരമാണ്.
കര്‍ഷക ക്ഷേമവും ഭക്ഷ്യസുരക്ഷയും വഴി ഗ്രാമീണ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമാക്കി രണ്ടാം ഹരിത വിപ്ലവത്തിനും പ്രോട്ടീന്‍ വിപ്ലവത്തിനും രൂപം കൊടുത്തിട്ടുള്ളത് ശ്രദ്ധേയമാണ്. കാര്‍ഷിക വായ്പ എട്ടുലക്ഷമായി വര്‍ദ്ധിപ്പിക്കുകയും അഞ്ചു ലക്ഷം കര്‍ഷക കൂട്ടായ്മകള്‍ക്ക് നബാര്‍ഡ് വഴി ദീര്‍ഘകാല വായ്പകള്‍ ലഭ്യമാക്കുകയും കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണത്തിനും സ്റ്റോറേജിനും മുന്‍ഗണന നല്‍കുകയും രാജ്യത്തെ ഒറ്റകമ്പോളമാക്കി മാറ്റുന്നതിന് ഓര്‍ഗാനിക് ഫാമിങ്ങ് വ്യാപിപ്പിക്കുന്നതിനും കാര്‍ഷിക വിളകള്‍ക്കുള്ള വിലസ്ഥിരതാഫണ്ട് സമാഹരിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് പുതിയ സാങ്കേകിത വിദ്യയും മറ്റും എത്തിക്കാന്‍ നാല് കാര്‍ഷിക സര്‍വ്വകലാശാലകളും ഒരു പ്രത്യേക ടി. വി. ചാനലും സ്ഥാപിക്കും.
രാജ്യരക്ഷാമേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും വിദേശ മൂലധന പങ്കാളിത്തം 25ശതമാനത്തില്‍ നിന്ന് 49 ശതമാനമായി വര്‍ദ്ധിപ്പിച്ചത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ്. കുടിവെള്ളത്തിനും വൈദ്യുതിക്കും പ്രത്യേക പരിഗണന കൊടുത്തിട്ടുണ്ട്. വൈദ്യുതി മേഖലയില്‍ സൗരോര്‍ജ്ജത്തിനും കാറ്റില്‍ നിന്നുള്ള വൈദ്യുതിക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. അതോടൊപ്പം പാവപ്പെട്ടവരുടെ ഭവന നിര്‍മാണത്തിന് സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
ഇതിനായി നാഷണല്‍ ഹൗസിങ്ങ് ബാങ്കിന് എണ്ണായിരം കോടി അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി കേരളത്തിലടക്കം അഞ്ച് ഐഐടികളും നാല് എയിംസും പ്രഖ്യാപിച്ചിട്ടുണ്ട്.അതുപോലെ ഇ-ഗവര്‍ണന്‍സ് പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി ഭരണത്തില്‍ സുതാര്യത ഉറപ്പുവരുത്താനും നിര്‍ദ്ദേശമുണ്ട്. 2018ഓടെ 2,40,000 കോടി രൂപയുടെ മൂലധനം അധികം ആവശ്യമായി വരുന്ന ബാങ്കുകള്‍ക്ക് ബജറ്റിനെ ആശ്രയിക്കാതെ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഓഹരി വില്‍ക്കാനുള്ള പദ്ധതിയും അനാവരണം ചെയ്തിട്ടുണ്ട്.തിടുക്കത്തില്‍ അഞ്ചുവര്‍ഷത്തെ വികസനത്തിനാവശ്യമായ ഘടനാപരവും വ്യവസ്ഥാപരവുമായ മാറ്റങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് ഈ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. അതിന് ദീര്‍ഘകാല വീക്ഷണമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്ത് വോട്ടര്‍മാരെ സുഖിപ്പിക്കാനുള്ള യാതൊരു ശ്രമവും നടത്താതിരുന്നത് സ്വാഗതാര്‍ഹമാണ്. ഈ ബജറ്റ് ഭാവി വികസനത്തിനുള്ള പ്രധാന കാല്‍വെപ്പാണെന്ന് നിസ്സംശയം പറയാം.
ഡോ. എം. മോഹന്‍ദാസ് (ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല മുന്‍ അസി. ഡീനുമാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.