കടുത്ത നിയന്ത്രണങ്ങളോടെ മദനിക്ക് ഒരു മാസം ജാമ്യം

Friday 11 July 2014 10:37 pm IST

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീംകോടതി കടുത്ത നിയന്ത്രണങ്ങളോടെ ഒരു മാസത്തെ ജാമ്യം അനുവദിച്ചു. നേത്ര ശസ്ത്രക്രിയയ്ക്കും വിദഗ്ധ ചികിത്സയ്ക്കുമായി ജാമ്യം നല്‍കണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്. ജാമ്യകാലത്ത് ബംഗളൂരു നഗരം വിട്ട് പുറത്തേക്കു പോകാന്‍ മദനിക്ക് അനുവാദമില്ലെന്നും ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സുപ്രീംകോടതി മദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ജാമ്യം കിട്ടുന്നതിനു വേണ്ടി മദനി കള്ളംപറയുകയാണെന്നും കാട്ടി ജാമ്യഹര്‍ജിയെ എതിര്‍ത്ത് കര്‍ണ്ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ മദനിക്ക് ജാമ്യം നല്‍കിയാല്‍ എന്തുസംഭവിക്കുമെന്ന് ഹര്‍ജിയിലെ വാദം കേള്‍ക്കുന്നതിനിടെ ഇന്നലെ സുപ്രീംകോടതി കര്‍ണ്ണാടക സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നാലു വര്‍ഷമായി തടവില്‍ കഴിയുന്നതും ആരോഗ്യാവസ്ഥയും പരിഗണിച്ച് ഒരു മാസത്തേക്ക് ജാമ്യം നല്‍കിയത്.
ജാമ്യം ലഭിച്ചെങ്കിലും മദനിക്കുമേല്‍ കര്‍ണ്ണാടക സര്‍ക്കാരിന് നിരീക്ഷണം ഏര്‍പ്പെടുത്താം. മദനി തെളിവുകള്‍ നശിപ്പിക്കാതിരിക്കാനും സാക്ഷികളെ സ്വാധീനിക്കുന്നത് തടയുന്നതിനുമുള്ള നടപടികളും സംസ്ഥാന സര്‍ക്കാരിന് സ്വീകരിക്കാം. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും അട്ടിമറി ശ്രമങ്ങള്‍ നടത്തിയാല്‍ മദനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിന് അധികാരമുണ്ട്. ബംഗളൂരു വിടാന്‍ അനുവാദമില്ലെന്നും സ്വന്തം ചെലവില്‍ ബംഗളൂരുവില്‍ മദനിക്ക് ചികിത്സ തേടാമെന്നും സുപ്രീംകോടതി പറഞ്ഞു. ബംഗളൂരുവില്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും മറ്റും സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിനും പോലീസിനും മദനി നല്‍കണമെന്നും ജാമ്യഉത്തരവില്‍ കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് മദനിക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.
മദനിയുടെ ജാമ്യം തടയാന്‍ ശക്തമായ വാദങ്ങളാണ് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നടത്തിയത്. മദനിക്ക് ഇതുവരെ നാല് ലക്ഷത്തോളം രൂപ മുടക്കി ചികിത്സ നടത്തിയെന്നും ജാമ്യം നല്‍കി കേരളത്തിലേക്ക് വിട്ടാല്‍ മദനിയെ കേരളസര്‍ക്കാര്‍ വിട്ടുനല്‍കുമോയെന്ന് സംശയിക്കുന്നതായും കര്‍ണ്ണാടകം നിലപാട് സ്വീകരിച്ചു. ഇതംഗീകരിച്ച കോടതി മദനി ബാംഗ്ലൂര്‍ വിട്ട് പോകരുതെന്ന നിബന്ധന വെയ്ക്കുകയായിരുന്നു. നാലുവര്‍ഷം മുമ്പ് ആഗസ്ത് 17നാണ് ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മദനി അറസ്റ്റിലാകുന്നത്.
അതിനിടെ മദനിയെ ശുശ്രൂഷിക്കുന്നതിന് ബംഗളൂരുവിലേക്ക് പോകാന്‍ എന്‍ഐഎ കോടതിയുടെ അനുമതിക്കായി ശ്രമിക്കുമെന്ന് സൂഫിയാ മദനി പറഞ്ഞു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാല്‍ കേരളം വിട്ടുപോകുന്നതിന് സൂഫിയാ മദനിക്ക് വിലക്കുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.