അനാഥാലയത്തില്‍ നിന്ന് 83 അന്തേവാസികളെ കാണാതായി

Friday 11 July 2014 9:29 pm IST

കോട്ടയം: പാലാ കുമ്മണ്ണൂരിന് സമീപം കുമ്മന്‍ചിറയിലെ വിവാദ അനാഥാലയത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ 83 അന്തേവാസികളെ കാണാതായി. മനുഷ്യാവകാശ കമ്മീഷന്‍ അനാഥാലയത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് മൂന്ന് മാസമായി അനാഥാലയം മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണത്തിലാണ്.
2011-ല്‍ അഡ്വക്കേറ്റ് കമ്മീഷന്‍ അനാഥാലയത്തിലെത്തിയപ്പോള്‍ നൂറ് അന്തേവാസികളുണ്ടായിരുന്നു. മൂന്ന് മാസം മുന്‍പ് മനുഷ്യാവകാശ കമ്മീഷന്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ 17 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതേക്കുറിച്ച് സ്ഥാപനം ഉടമ തോമസുകുട്ടിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. രണ്ട് മാസത്തിനകം കാണാതായ അന്തേവാസികളുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കാലാവധി കഴിഞ്ഞിട്ടും വിവരം നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് കമ്മീഷന്റെ അന്വേഷണ ഉദേ്യാഗസ്ഥന്‍ ഡിഐജി എസ്. ശ്രീജിത്ത് സംഭവത്തെക്കിറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പാലാ സി.ഐയോട് നിര്‍ദ്ദേശിച്ചത്.
മാന്‍മിസിംഗിന് കേസെടുത്താണ് അന്വേഷണം തുടങ്ങിയിരിക്കുന്നതെന്ന് പാലാ സി.ഐ 'ജന്മഭൂമി'യോട് പറഞ്ഞു. പാലാ ഡിവൈഎസ്പി, സി.ഐ എന്നിവര്‍ കഴിഞ്ഞ ദിവസം ഈ സ്ഥാപനത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അനാഥാലയം ഉടമ തോമസുകുട്ടി ഇവിടുത്തെ ഒരു അന്തേവാസിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി കൂടിയാണ്. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച കേസിലും ഇയാള്‍ പിടിക്കപ്പെട്ടിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.