ഉദയ് ലളിത് സുപ്രീം കോടതി ജഡ്ജിയാകും

Friday 11 July 2014 9:38 pm IST

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ ഉദയ് യു ലളിത് സുപ്രീം കോടതി ജഡ്ജിയാകും. ഉദയിന്റെ പേര് ചീഫ് ജസ്റ്റീസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള കോളീജിയം ശുപാര്‍ശ ചെയ്തു. ശുപാര്‍ശ ഇനി നിയമമന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും ഒടുവില്‍ രാഷ്ട്രപതിക്കും നല്‍കും. അതിനു ശേഷമാകും നിയമനം.
മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രഫുല്‍ ചന്ദ്ര പന്ത്, ഗുവാഹത്തി ചീഫ് ജസ്റ്റീസ് അഭയ് മനോഹര്‍ സപ്രേ, ഝാര്‍ഖണ്ഡ് ചീഫ് ജസ്റ്റീസ് ആര്‍ ഭാനുമതി എന്നിവരെയും കൊളീജിയം സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അതിനിടെ ഉദയിന്റെ പേര് ശുപാര്‍ശ ചെയ്തത് വിവാദമാക്കാനും നീക്കമുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ രണ്ടു കേസുകളില്‍ ഷായ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണെന്ന് പറഞ്ഞ് നിയമനം വിവാദത്തിലാക്കാനാണ് നീക്കം. തുളസീറാം പ്രജാപതി കേസ്, സൊറാബുദ്ദീന്‍ ഷെയ്ഖ് കേസ് എന്നിവയുമായി ബന്ധപ്പെട്ട് ഉദയ് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് വാദം.
മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് അംഗീകരിച്ചിരുന്നില്ല. ഇദ്ദേഹത്തിന് ടുജി സ്‌പെക്ട്രം കേസിലെ വിവാദദല്ലാള്‍ നീരാ റാഡിയയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണനും ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഇവ പരിഗണിച്ചാണ് അദ്ദേഹത്തിന്റെ പേര് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്തത്. എന്നാല്‍ ഇതും മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് വിവാദമാക്കിയിരുന്നു.
നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന ആറാമത്തെ മുതിര്‍ന്ന അഭിഭാഷകനാണ് ഉദയ് ലളിത്. ജയലളിത, കോണ്‍ഗ്രസ് നേതാക്കളായ അമരീന്ദര്‍ സിംഗ്, എസ്എം കൃഷ്ണ, മുന്‍ കരസേനാ മേധാവിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ജനറല്‍ വി.കെ.സിംഗ് എന്നിവര്‍ക്കുവേണ്ടിയും ലളിത്ഉദയ് കേസുകള്‍ വാദിച്ചിട്ടുണ്ട്. ടുജി സ്‌പെക്ട്രം കേസില്‍ ലൡത് പബഌക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.