സ്കൂള്‍ വാന്‍ ദുരന്തത്തില്‍ ഒരു കുട്ടികൂടി മരിച്ചു; ഡ്രൈവറും ക്ലീനറും പ്രതികള്‍

Tuesday 27 September 2011 11:24 pm IST

തിരുവനന്തപുരം: കഴക്കൂട്ടം ചാന്നാങ്കര പാലത്തിനു സമീപം പാര്‍വതീപുത്തനാറിലേക്കു സ്കൂള്‍ വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. അപകടത്തില്‍പ്പെട്ട്‌ ആശുപത്രിയിലായിരുന്ന കൃഷ്ണപ്രിയ എന്ന ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ ഇന്നലെ രാവിലെ മരിച്ചത്‌. തലച്ചോറിലുണ്ടായ രക്തസ്രാവമാണ്‌ മരണത്തിനിടയാക്കിയതെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു. ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനി കനിക സന്തോഷ്‌ (6), നാലാം ക്ലാസ്‌ വിദ്യാര്‍ഥികളായ എന്‍.എസ്‌.ആരോമല്‍ (9), അശ്വിന്‍ (9) എന്നിവര്‍ അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. പരുക്കേറ്റ്‌ ആശുപത്രിയിലായ ദേവിക എന്ന കുട്ടിയുടെ സ്ഥിതി വിലയിരുത്തി വരികയാണെന്നും മറ്റു കുട്ടികള്‍ അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട വാന്‍ ഓടിച്ചത്‌ ഡ്രൈവര്‍ കഠിനംകുളം വെട്ടുതുറ മഡോണ കോട്ടേജില്‍ ജഫേഴ്സനാ(30)യിരുന്നു എന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക്‌ ഇയാളെ ഒന്നാം പ്രതിയാക്കി പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. ക്ലീനറായ വെട്ടുതുറ ടെറിന്‍ കോട്ടേജില്‍ ഷിബിനെ(19) രണ്ടാം പ്രതിയാക്കിയും കുട്ടികളെ കൊണ്ടു പോകുന്നതില്‍ അനാസ്ഥ കാട്ടിയെന്നു കാട്ടി തുമ്പ സെന്റ്‌ ആന്‍ഡ്രൂസ്‌ ജ്യോതിനിലയം സ്കൂള്‍ അധികൃതരെ മൂന്നാംപ്രതിയാക്കിയും പോലീസ്‌ കേസെടുത്തു. ഡ്രൈവര്‍ ജഫേഴ്സനെയും ക്ലീനര്‍ ഷിബിനെയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തതില്‍ നിന്നാണ്‌ വാന്‍ ഓടിച്ചത്‌ ജഫേഴ്സന്‍ തന്നെയാണെന്ന്‌ പോലീസിനു മനസിലായത്‌. കൂടാതെ വാനിലുണ്ടായിരുന്ന കുട്ടികളും സംഭവം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ ഓടിയെത്തിയ നാട്ടുകാരും ജഫേഴ്സന്‍ തന്നെയാണ്‌ വാന്‍ ഓടിച്ചിരുന്നതെന്ന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഇവരെ അപകടമുണ്ടായ അന്നു രാത്രി തന്നെ ആറ്റിങ്ങല്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ മാറ്റിയിരുന്നു. ജഫേഴ്സന്‌ 11 വര്‍ഷം മുമ്പ്‌ ലൈസന്‍സ്‌ ലഭിച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ്‌ ബാഡ്ജ്‌ ലഭിച്ചത്‌. എന്നാല്‍ ഇയാള്‍ക്ക്‌ സ്കൂള്‍ വാന്‍ ഓടിക്കാനുള്ള യോഗ്യതയില്ലെന്ന്‌ മോട്ടോര്‍വാഹന വകുപ്പ്‌ അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക്‌ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്നിരിക്കെ ജഫേഴ്സന്‌ ലഭിച്ചിരിക്കുന്ന ലൈസന്‍സ്‌ ട്രാന്‍സ്പോര്‍ട്ട്‌ വാഹനങ്ങള്‍ ഓടിക്കുന്നതിനു മാത്രമുള്ളതാണ്‌. മാത്രമല്ല വാനിന്‌ ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയത്‌ ഈ മാസം 2നാണെന്നും പറയപ്പെടുന്നു. വാഹനത്തില്‍ അനുവദനീയമായതില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. നായ കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നെന്നാണു ഡ്രൈവര്‍ പോലീസിന്‌ മൊഴി നല്‍കിയിരിക്കുന്നത്‌. നിരപ്പല്ലാത്തതും ടാറിടാത്തതുമായ റോഡിലൂടെ ഓടിച്ചു വന്ന വാന്‍ പെട്ടെന്ന്‌ ബ്രേക്കിട്ടതാണ്‌ തെന്നി ആറ്റില്‍ വീഴാനുണ്ടായ സാഹചര്യമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.