പെരുമ്പാവൂരിലും അശമന്നൂരിലും കൊടുങ്കാറ്റ്; വന്‍ നാശനഷ്ടം

Saturday 12 July 2014 10:25 pm IST

പെരുമ്പാവൂര്‍: വെള്ളിയാഴ്ച രാത്രിയിലുണ്ടായ കോടുങ്കാറ്റില്‍ പെരുമ്പാവൂരിലും അശമന്നൂരിലും വന്‍നാശനഷ്ടങ്ങള്‍ സംഭവിച്ചു. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായി.റബര്‍ മരങ്ങള്‍ കടപുഴകി വീണു. വാഴ, കപ്പ, ജാതി തുടങ്ങിയ കൃഷികള്‍ക്കും നാശം സംഭവിച്ചു. വിവിധ സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍ വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു വീണ് വൈദ്യുതിവന്ധം താറുമാറാവുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് കാറ്റ് താണ്ഡവമാടിയത്. പെരുമ്പാവൂര്‍ നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലുള്‍പ്പെടുന്ന പട്ടാല്‍ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ് പ്രദേശത്താണ് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. കാലാക്കുടിയില്‍ രാമകൃഷ്ണന്റെ വീടിന് മുകളിലേക്ക് തേക്ക് കടപുഴകി വീണ് ഓടിട്ട വീട് ഭാഗികമായി തകര്‍ന്നു.മൂത്തേടത്ത് ഏല്യാസിന്റെ വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകിവീണ് കക്കൂസ് ഉള്‍പ്പെടെയുള്ള ഭാഗം തകര്‍ന്നുപോയി.ആലുംമൂട്ടില്‍ ബിജുവിന്റെ വീടിനുമുകളില്‍ പനയും പ്ലാവും കാറ്റില്‍ കടപുഴകി വീണു. തണ്ടുമണ്ണില്‍ തോമസിന്റെ പുരയിടത്തിലെ റബര്‍ മരങ്ങള്‍ നശിക്കുകയും വാടക വീടുനുമുകളിലേക്ക് മരം കടപുഴകി വീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചു.
അയോണ കോട്ടേജില്‍ ഡിക്രൂസിന്റെ വീട്ടലേക്ക് മുറ്റത്ത് നിന്നിരുന്ന രണ്ട് ജാതിമരങ്ങള്‍ ഒടിഞ്ഞ് വീണു. ഈമേഖലയില്‍ റോഡില്‍ നിന്നിരുന്ന വന്‍മരങ്ങള്‍ വീണതിനെതുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. ഇതോടെ വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. ഇടറോഡുകളിലെല്ലാം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ചിലവീടുകളുടെ മേല്‍ക്കൂര കാറ്റില്‍ ഇളകി ദൂരെ സ്ഥലങ്ങളിലാണ് നിലംപതിച്ചത്.
അശമന്നൂര്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ നെടുങ്ങപ്ര മേഖലയിലാണ് വലിയ നാശനഷ്ടമുണ്ടായത്. കുന്നത്തുകുടി സതീശന്റെ വീടിന് മുകളിലേക്ക് റബര്‍ മരം ഒടിഞ്ഞുവീണ് ഓടുമേഞ്ഞ വീടിന്റെ ഒരുഭാഗം തകര്‍ന്നു. ചെറിയ കുട്ടിയുമായി സതീശനും കുടുംബവും ഉറങ്ങിയതിന് മുകളിലാണ് അപകടം നടന്നത്. വീട്ടുകാര്‍ക്ക് യാതൊരു അപകടവും സംഭവിച്ചില്ല.
കണ്ണാടന്‍ ജോബിയുടെ വീടിന് മുകളിലേക്ക് അയല്‍പക്കത്തെ പുരയിടത്തില്‍നിന്നും തേക്ക് കടപുഴകി വീണു. ചെട്ടിമറ്റം മനീഷിന്റെ ഷീറ്റ് മേഞ്ഞ ഒറ്റമുറി വീടിന് മുകളിലേക്ക് വട്ട ഒടിഞ്ഞുവീണ് വീടിന്റെ ഭിത്തിക്കും മേല്‍ക്കൂരക്കും നാശം സംഭവിച്ചു. ഇലക്ട്രിക് ലൈനുകള്‍ കേബിളുകള്‍ എന്നിവയും പൊട്ടിവീണു. പതിനഞ്ച് മിനിറ്റില്‍ താഴെ മാത്രമാണ് കാറ്റ് ആഞ്ഞ് വീശിയതെങ്കിലും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.