മദനിക്കെതിരായ കടുത്ത നിലപാട് തുടരുമെന്ന് കര്‍ണ്ണാടകം

Saturday 12 July 2014 11:32 pm IST

ബംഗളൂരു: ബാംഗഌര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അബ്ദുള്‍ നാസര്‍ മദനിക്കെതിരായ കടുത്ത നിലപാട് തുടരുമെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ്ജ്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മലയാളിയായ മന്ത്രി ഇക്കാര്യം വ്യക്തമക്കായത്.
പ്രോസിക്യൂഷന്‍ നടപടികളില്‍ സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെടില്ല. കോടതി വിധി പരിപൂര്‍ണ്ണമായും പാലിക്കും.കോടതി നിര്‍ദ്ദേശിച്ചതുപോലുള്ള എല്ലാ സുരക്ഷയും മദനിക്ക് നല്‍കും. എന്നാല്‍ നേരത്തെ സുപ്രീം കോടതി പറഞ്ഞിരുന്നതുപോലുള്ള എല്ലാ ചികില്‍സയും നല്‍കിയിരുന്നു. ഇതിന് വലിയ തുകയും സര്‍ക്കാര്‍ ചെലവാക്കിയിരുന്നു.പിന്നെന്തുകൊണ്ടാണ് ഇത്തരമൊരു വിധിയെന്ന് അറിയില്ല. അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച സുപ്രീം കോടതി ഒരു മാസത്തേക്ക് ചികില്‍സയ്ക്ക് ജാമ്യം നല്‍കിയ മദനി തിങ്കളാഴ്ച പുറത്തിങ്ങിയേക്കും. മുന്‍പ് മദനിയുടെ ചികില്‍സ നടത്തിയ സൗഖ്യ ആശുപത്രിയില്‍ തന്നെയാകും തുടര്‍ന്ന് പ്രവേശിപ്പിക്കുക. എന്നാല്‍ ചികില്‍സയ്ക്ക് ഒരു മാസം മതിയാകില്ലെന്ന് മദനിയെ ചികില്‍സിക്കുന്ന ഡോ. ഐസക് മത്തായി നൂറനാല്‍ ഒരു സ്വകാര്യചാനലിനോടു പറഞ്ഞു. ആരോഗ്യസ്ഥിതി തീരെ മോശമാണ്. ചെറുതും വലുതുമായ ഇരുപതോളം രോഗങ്ങളാണ് മദനിക്കുള്ളത്. മദനിക്ക് അടിയന്തരമായി നേത്ര ശസ്ത്രക്രീയ വേണം. അതിനു മുന്‍പ് പ്രമേഹം നിയന്ത്രിക്കണം. ഇവയ്ക്ക് കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണം. നേത്ര ശസ്ത്രക്രീയക്ക് ഒരു മാസം വേണം. രണ്ടു മാസമെങ്കിലും പരിപൂര്‍ണ്ണ വിശ്രമം വേണം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മദനി 45 ദിവസം സൗഖ്യയില്‍ താമസിച്ചിരുന്നു. വീണ്ടും ജയിലില്‍ പോയശേഷമുള്ള ആരോഗ്യസ്ഥിതി അറിയില്ല. എന്നാല്‍ ആരോഗ്യം തീരെ മോശമാണെന്നാണ് അറിയുന്നത്. ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ച് വിലയിരുത്തണം. ഡോ.മത്തായി പറഞ്ഞു.
ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ജാമ്യം കിട്ടാന്‍, തനിക്ക് ചികിത്സ നല്‍കിയില്ലെന്ന് മദനി കള്ളം പറയുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മദനിയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഇതുവരെ നാലു ലക്ഷം രൂപ ചെലവാക്കിയതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.