പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്

Sunday 13 July 2014 9:14 pm IST

പശ്ചിമഘട്ടം വ്യാപിച്ചുകിടക്കുന്നത് കേരളത്തില്‍ മാത്രമല്ല. അത് മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ മറ്റ് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി പരന്നുകിടക്കുന്നുണ്ട്. മറ്റെവിടെയും ഇല്ലാത്ത വിധത്തില്‍ പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യമാക്കി പഠനം നടത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പ്രൊഫ.മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളയുവാന്‍ കേരളത്തില്‍നിന്ന് ശക്തമായ ആവശ്യമാണ് ഉണ്ടായത്. സമരക്കാരുടെ ശക്തി മനസ്സിലാക്കണമെങ്കില്‍ അവര്‍ നടത്തിയ സമരമുറകളുടെ വൈവിധ്യം മനസ്സിലാക്കണം.
തുടര്‍ച്ചയായ ഹര്‍ത്താലെന്ന ഓമനപ്പേരില്‍ വിളിക്കുന്ന ബന്ദുകള്‍, ഫോറസ്റ്റ് ഓഫീസ് അടക്കം പൊതുമുതല്‍ കത്തിച്ച് ചാമ്പലാക്കിയ ക്രമസമാധാനനില വഷളാക്കിയ അക്രമമാര്‍ഗ്ഗങ്ങള്‍, ഇടുക്കിയിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്, ഇടുക്കിയിലെ അന്നത്തെ എംപിയായിരുന്ന പി.ടി.തോമസിനെതിരെ പ്രതീകാത്മകമായ ശവമഞ്ച പ്രകടനം, അദ്ദേഹത്തിന്റെ ചിത്രത്തില്‍ ചെരുപ്പ് കൊണ്ടടി, നാട്ടില്‍ ചോരപ്പുഴയൊഴുകുമെന്നും ജനങ്ങള്‍ നക്‌സലുകളായാല്‍ കുറ്റം പറയാനാകില്ലെന്നുമുള്ള മതമേലധ്യക്ഷന്മാരുടെ പ്രസംഗം, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങളുടെ അപവാദ പ്രചാരണം, ജനങ്ങളെ ഭയവിഹ്വലരാക്കുന്ന തരത്തിലുള്ള കുടിയിറക്ക് ഭീഷണി, ഉദ്യോഗസ്ഥര്‍ വസ്തുക്കളുടെ രജിസ്‌ട്രേഷന്‍ തടയുന്നുവെന്ന കള്ളപ്രചാരണം. മതേതരത്വം തള്ളിപ്പറയുന്ന തരത്തിലുള്ള ചില ഇടയലേഖനങ്ങള്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ തീരുമാനങ്ങള്‍പോലും പൊളിച്ചെഴുതിക്കുക. കേരളത്തില്‍ അന്നോളം കേട്ടുകേള്‍വിപോലുമില്ലാത്ത വിധ്വംസക പ്രവര്‍ത്തനങ്ങളായിട്ടായിരുന്നു ചില ന്യൂനപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷ മതവിഭാഗങ്ങളും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാവാതിരിക്കുവാന്‍ ഇടപെട്ടത്. പുരോഹിതര്‍വരെ ഉള്‍പ്പെട്ട അക്രമസമരങ്ങളെ തേച്ചുമാച്ചു കളയുവാന്‍ സമരക്കാര്‍ക്ക് വലിയ പ്രയാസമൊന്നും വേണ്ടിവന്നില്ല. മുഖ്യമന്ത്രിയും ചില ന്യൂനപക്ഷ പാര്‍ട്ടികളുടെ മന്ത്രിമാരും പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള റിപ്പോര്‍ട്ടുകളുടെ അന്തഃസത്ത ചോര്‍ത്തിക്കളയുന്നതരത്തിലുള്ള ഇളവുകള്‍ക്കും വ്യതിയാനങ്ങള്‍ക്കും മാറ്റങ്ങള്‍ക്കുമായി വാദിച്ചു.
സംസ്ഥാനത്തിന്റെ കാലാവസ്ഥയില്‍ കുടിവെള്ള ലഭ്യതയില്‍ പശ്ചിമഘട്ടം വഹിക്കുന്ന പങ്ക് തമസ്‌ക്കരികപ്പെട്ടിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കണമെന്ന ശാസ്ത്രമതം തിരസ്‌ക്കരിക്കപ്പെട്ടു. സാധാരണ വികസന പദ്ധതികള്‍ വരുമ്പോള്‍ സാധാരണ ജനങ്ങളെ കബളിപ്പിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സ്ഥിരം ഒത്തുകളിപോലെ പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കുന്നതില്‍ ഉണ്ടാക്കിയ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കുന്നതിന്റെ ഭാഗമായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനായി പശ്ചിമഘട്ട ഉപഭോക്താക്കള്‍ മുറവിളി കൂട്ടി. പശ്ചിമഘട്ടത്തിന് വേണ്ടി പിടിമുറുക്കിയ ''ചേട്ടന്മാര്‍''ക്കൊപ്പം ഭരണകൂടവും ചേര്‍ന്നു. അതിന്റെ ഭാഗമായി ശാസ്ത്രം കുഴിച്ചുമൂടപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ടും രൂപപ്പെട്ടു. എല്ലാറ്റിലും പ്രായോഗിക രാഷ്ട്രീയവും ഒത്തുതീര്‍പ്പുകളും നീക്കുപോക്കുകളും സന്ധിചെയ്യലും നടന്നു. പശ്ചിമഘട്ടമലമടക്കുകള്‍ ഇന്ന് അന്യാധീനപ്പെട്ടു പോകുമെന്ന സ്ഥിതിയിലാണ്. കാടുകളും സര്‍ക്കാര്‍ ഭൂമികളും പുറമ്പോക്കുകളും അരുവികളും കുന്നുകളും മലകളും വരെ പട്ടയം നല്‍കി കേരള സംസ്ഥാനത്തിന് എന്നന്നേക്കുമായി നഷ്ടമാകുമെന്ന അവസ്ഥയാണിന്ന്.
പാറമടക്കാരും, കാറ്റാടിയന്ത്രക്കാരും കുടിവെള്ള കമ്പനിക്കാരും ഹോട്ടലുടമകളും റിസോര്‍ട്ടുകാരും കാപ്പി, തേയില, റബര്‍, ഏലം എസ്റ്റേറ്റുകാരും റിയല്‍ എസ്റ്റേറ്റുകാരും വ്യവസായികളും മണലൂറ്റുകാരും മണ്ണ് മാഫിയകളും ഇക്കോ ടൂറിസംകാരും വനം കൊള്ളക്കാരും തടിവ്യവസായികളും ഭൂമി കയ്യേറ്റക്കാരും മതതീവ്രവാദികളും പശ്ചിമഘട്ടത്തില്‍ മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഒരേസ്വരത്തില്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിലുള്ളത്. ഈ സാഹചര്യത്തിലാണ് പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ കമ്മറ്റിയെ നിയോഗിക്കുവാന്‍ പോകുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ നീക്കം പശ്ചിമഘട്ട സംരക്ഷണം ആഗ്രഹിക്കുകയും കേരളത്തിന്റെ മരുവല്‍ക്കരണം എതിര്‍ക്കുന്നവരുമായ ബഹുഭൂരിപക്ഷം ജനങ്ങളും സ്വാഗതം ചെയ്തിരിക്കയാണ്.
വെറും അഞ്ചുവര്‍ഷം മാത്രം ഭരിക്കുവാന്‍ ജനങ്ങള്‍ ഏല്‍പ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ പശ്ചിമഘട്ടത്തില്‍ ദീര്‍ഘകാലം നാശം വിതയ്ക്കുന്ന തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് തടയേണ്ടതുണ്ട്. സംസ്ഥാനത്ത് ഇനിയും അനേകം ലോകതലമുറകള്‍ക്ക് ജീവിക്കേണ്ടതായിട്ടുണ്ട്. ഇന്നത്തെ സുഖസൗകര്യങ്ങള്‍ക്കും പണവേട്ടയ്ക്കുമായി നാടും മലകളും കുന്നുകളും വനങ്ങളും വെള്ളവും ജൈവവൈവിധ്യവും വിറ്റുമുടിക്കുന്ന തീരുമാനങ്ങള്‍ തിരുത്തപ്പെടേണ്ടതുണ്ട്. വോട്ട് ലഭിക്കുവാനും ഭരണം നിലനിര്‍ത്തുവാനും വേണ്ടി ഭാരതസംസ്‌കാരവും പൈതൃകവും കാലാവസ്ഥയും വരെ മാറ്റി മറിക്കുവാന്‍ മടിക്കാത്ത സംസ്ഥാന ഭരണകൂടങ്ങള്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ക്ക് കടിഞ്ഞാണിടണം. സ്വജനപക്ഷപാതവും അഴിമതിയും തലയ്ക്കടിക്കുകയും ഭാവിതലമുറയെ വിസ്മരിച്ച് ഭരണം നടത്തുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ പശ്ചിമഘട്ട നാശത്തില്‍ കലാശിക്കുന്ന കസ്തൂരിരംഗന്‍, ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടുകളെ അനുകൂലിക്കുവാനാകൂ.
പ്രകൃതിനിയമങ്ങള്‍ പോലും തകര്‍ത്തെറിഞ്ഞ് നടത്തുന്ന ഇന്നത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പശ്ചിമഘട്ടത്തെ വിട്ടുനല്‍കിക്കൂടാ. പരിസ്ഥിതി സൗഹൃദ വികസനം, പരിസ്ഥിതിയെ മുന്‍നിര്‍ത്തിയുള്ള വികസനം, ഇക്കോ വികസനം പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനം എന്നീ വ്യാജ പേരുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസനപദ്ധതികള്‍ പലതും ഇക്കോളജീയ തത്വങ്ങള്‍ ബലികഴിച്ചുള്ള വികലമായ വികസനപ്രവര്‍ത്തനങ്ങളാണ്. ഇടനാട്ടിലും തീരപ്രദേശത്തും നടത്തുന്ന ഇത്തരം 'വികസനം' ഹൈറേഞ്ചിലേയ്ക്കും വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുവാനുള്ള ആഹ്വാനം. ശാസ്ത്രത്തെയും പ്രകൃതിയെയും രാഷ്ട്രീയനേതാക്കളുടെയും മന്ത്രിമാരുടെയും ഇംഗിതത്തിനായി വിട്ടുകൊടുത്താല്‍ സംസ്ഥാനത്തിന്റെ പ്രകൃതിയും പൈതൃകവും ഇവിടുത്തെ പച്ചപ്പുമാണ് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുക. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് ശാസ്ത്രീയമായി പഠനം നടത്തി വസ്തുതകള്‍ ശാസ്ത്രീയമായി അപഗ്രഥിച്ച് വരുംവരായ്കകള്‍ ക്രോഡീകരിച്ച് എഴുതപ്പെട്ടതാണ്. അതാണ് ന്യൂനപക്ഷ പ്രീണനത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ അവഗണിക്കപ്പെടുന്നത്.
സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും കൈക്കലാക്കുവാനുള്ള ഗൂഢനീക്കമാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനുള്ള കടുത്തവിരോധത്തിന് പിന്നിലുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ വനനയം ഇത്രയേറെ ചവിട്ടിമെതിച്ചിട്ടുള്ള സംസ്ഥാനം വേറെയില്ല. കര്‍ഷക സ്‌നേഹമെന്ന പേരില്‍ മതവിഭാഗങ്ങളും രാഷ്ട്രീയ നേതാക്കളും നടത്തുന്നത് കപടകാര്‍ഷിക സ്‌നേഹമാണ്. ഹൈറേഞ്ച് സംരക്ഷിക്കപ്പെടാതെ ഹൈറേഞ്ചിലെ കര്‍ഷകന് അവിടെ എങ്ങനെ നിലനില്‍ക്കാനാകും? ധനമന്ത്രി കെ.എം.മാണി പറഞ്ഞത് കര്‍ഷകനെ അല്‍പ്പം പാറപൊട്ടിക്കുവാന്‍ അനുവദിക്കണമെന്നാണ്. സ്വന്തം ഭൂമിയില്‍നിന്നും പാറപൊട്ടിക്കുവാന്‍ ഹൈറേഞ്ചിലെ ''കര്‍ഷകനെ'' അനുവദിച്ചാല്‍ പശ്ചിമഘട്ട മലമടക്കുകള്‍ പിന്നെ ശേഷിക്കുമോ? ഇടനാട്ടിലെ പോലെയും സമതലങ്ങളിലെ പോലെയും മണ്ണടിച്ചും പാറപൊട്ടിച്ചും കുന്നിടിച്ചും മറ്റും ബഹുനില കെട്ടിടങ്ങളും റിസോര്‍ട്ടുകളും കെട്ടുവാന്‍ 'കര്‍ഷകനെ' അനുവദിക്കണമെന്നതാണ് മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് എതിര്‍ക്കുന്നവരുടെ പ്രധാന ആവശ്യം. ഏതുതരത്തിലുള്ള നിര്‍മാണങ്ങള്‍ക്കും വിലക്ക് പാടില്ല. വനം കയ്യേറിയാല്‍ പട്ടയം നല്‍കണം. വനം കൊള്ള നടത്തി അനധികൃതമായി തടിവെട്ടിയതിന്റെ പേരില്‍ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കണം, പുതിയ വനഭൂമി കയ്യേറ്റങ്ങള്‍ അധികൃതമാക്കണം, ഹൈറേഞ്ചില്‍ ഒരിടത്തും ഏതുതരം വ്യവസായമായാലും വിലക്ക് പാടില്ല. വനം വെട്ടിത്തെളിച്ച് പാറ കൊണ്ടുപോകുവാന്‍ യഥേഷ്ടം റോഡ് വെട്ടണം. കുടില്‍ വ്യവസായം പോലെ പാറമടകള്‍ സ്ഥാപിക്കാനാകണം. കീടനാശിനി തളിച്ചുള്ള കാര്‍ഷികവൃത്തിക്ക് നിയന്ത്രണം പാടില്ല. എല്ലാ മലയിടുക്കിലും ഡാം കെട്ടണം. വന്യമൃഗങ്ങള്‍, വനജീവികള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കേണ്ട ഒരു ആവശ്യവുമില്ല. കേന്ദ്രനയത്തിലെ പ്രധാന നിര്‍ദ്ദേശമായ 60 ശതമാനം ഹൈറേഞ്ചുകളിലെ വനഭൂമിയെന്നത് വെട്ടിച്ചുരുക്കണം. മലമുകളില്‍ വന്‍കിട കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കണം. നിലവിലുള്ള ബയോസ്ഫിയര്‍ റിസര്‍വുകള്‍, ദേശീയ ഉദ്യാനങ്ങള്‍, പരിസ്ഥിതി ലോലം, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ എന്നത് പിന്‍വലിക്കണം. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയുടെ നിലനില്‍പ്പ് ഉറപ്പാക്കുവാന്‍ അവയ്ക്ക് ചുറ്റുമുള്ള ബഫര്‍സോണ്‍ എന്ന ശാസ്ത്രീയ കാഴ്ചപ്പാട് തള്ളണം എന്ന് തുടങ്ങി പശ്ചിമഘട്ട സംരക്ഷണ സമിതിയെന്ന പേരിലുള്ള സംഘടനയുടെ ആവശ്യങ്ങള്‍ പലതും പശ്ചിമഘട്ട നാശവും ജൈവവൈവിധ്യ നാശവും വനനാശവും നദികളുടെ നാശവും ഉറപ്പാക്കുന്നവയാണ്.
ഒരിക്കല്‍ കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യുവാന്‍ അന്നത്തെ സര്‍ക്കാര്‍ അനുവാദം നല്‍കി കുറച്ചുപേരെ ജീവിക്കാന്‍ അനുവദിച്ചുവെന്നത് ഒരു സംസ്ഥാനത്തിന്റെ നാശത്തിലെത്തിച്ചേരാവുന്ന വന്‍വിപത്തായി മാറുന്നു എന്നത് നാം തിരിച്ചറിയണം. ഒരു പ്രത്യേക ജാതി വോട്ടു കേന്ദ്രീകരണം പശ്ചിമഘട്ടം അന്യാധീനപ്പെടുത്തിയാല്‍ ലഭിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ഇടതുപക്ഷവും വലതുപക്ഷവും രംഗം കൊഴുപ്പിക്കുവാന്‍ അവരോടൊപ്പം ചേര്‍ന്നിരിക്കയാണ്. ഇത് ശാസ്ത്രത്തെയും ഇക്കോളജിയെയും വെല്ലുവിളിക്കുന്നതും ഭാവിതലമുറയെ അവഗണിക്കുന്നതിനും തുല്യമാണ്. ഇന്ന് പശ്ചിമഘട്ട സംരക്ഷണം ശാസ്ത്രീയ വിഷയമെന്നതിനെക്കാളേറെ ഒരു രാഷ്ട്രീയ വിഷയമാണ്. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ നിഷ്പക്ഷമായും ശാസ്ത്രീയമായും ഇടപെടണം.
പ്രൊഫ.മാധവ് ഗാഡ്ഗില്‍ സമിതി പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം, ഭൂമിയുടെ കിടപ്പ്, കേന്ദ്രവന നയം, മലകളുടെ സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം, ജനങ്ങളുടെ സംസ്‌കാരം, നദികളുടെ ഉത്ഭവം, ചരിത്രം, ഭൂമിശാസ്ത്രം, കുടിവെള്ള ലഭ്യത, വൈദ്യുതി ഉത്പാദനം, കൃഷി, ഭൂചലന സാധ്യത, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, ഉരുള്‍പൊട്ടല്‍, കാടിന്റെ തുണ്ടംവല്‍ക്കരണം, വനവാസികളുടെ അവകാശം, ആന, പുലി മറ്റു ജന്തുക്കളുടെ സഞ്ചാരപഥം, ജന്തു മത്സ്യ വൈവിധ്യം, സുപ്രീംകോടതിവിധികള്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, ദേശീയ ജലനയം, പശ്ചിമഘട്ട പഠനം നടത്തി തയ്യാറാക്കിയ പ്രൊണോബ്‌സെന്‍ റിപ്പോര്‍ട്ട്, മോഹന്‍ റാം റിപ്പോര്‍ട്ട്, ദേശീയ വന്യജീവി ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍, മലയിടിച്ചില്‍, മണ്ണിന്റെ ഘടന, കാലാവസ്ഥാ വ്യതിയാനം, ഇതുകൂടാതെ ഉപഗ്രഹ ഇമേജറി വഴിയുള്ള വിവരശേഖരണം എന്നിവ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത് അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം.
ഡോ. സി.എം. ജോയ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.