കടുത്ത വരള്‍ച്ച വരുന്നു; കേന്ദ്രത്തില്‍ കേരളത്തിന്റെ കാര്യം പറയാന്‍ ആളില്ല

Sunday 13 July 2014 9:59 pm IST

തിരുവനന്തപുരം: വരാനിരിക്കുന്നത് കടുത്ത വരള്‍ച്ചാകാലമായതുകൊണ്ട് സംസ്ഥാനത്തെ കാര്‍ഷിക മേഖയലയ്ക്കുണ്ടാകാന്‍ സാധ്യതയുള്ള നാശനഷ്ടം വിലയിരുത്തി കണ്ടിജന്‍സി പ്ലാന്‍(മുന്‍കൂട്ടി തയ്യാറാക്കുന്ന പദ്ധതി) തയ്യാറാക്കി കേന്ദ്രത്തിനു സമര്‍പ്പിക്കുന്നതില്‍ റവന്യൂ-കൃഷി വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം. വരള്‍ച്ചയ്ക്കു മുന്നോടിയായി സംസ്ഥാനങ്ങളോടു കേന്ദ്ര കൃഷിമന്ത്രാലയം നേരത്തെ തന്നെ പ്ലാന്‍ തയ്യാറാക്കി നല്‍കാന്‍ കത്തു നല്‍കിയിരുന്നു. കേന്ദ്രത്തില്‍ നിന്നും ഇതാദ്യമായാണ് സംസ്ഥാനങ്ങളോട് ഇത്തരത്തിലൊരു പദ്ധതി തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടത്.
എല്ലാ സംസ്ഥാനങ്ങളിലെയും കൃഷിമന്ത്രിമാരെ വിളിച്ചുചേര്‍ത്ത് പ്രത്യേക യോഗവും ചേര്‍ന്നതിനു ശേഷമാണ് കേന്ദ്രം പദ്ധതി ആവശ്യപ്പെട്ടത്. കേരളം ഒഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പദ്ധതി സമര്‍പ്പിച്ചു കഴിഞ്ഞു. വര്‍ഷാവര്‍ഷം ഉണ്ടാകുന്ന വരള്‍ച്ചയ്ക്കു ശേഷം നാശനഷ്ടങ്ങള്‍ കണക്കാക്കി നിവേദനം നല്‍കാന്‍ റവന്യൂ വകുപ്പാണ് മുന്‍കൈയെടുക്കുന്നത്. വരള്‍ച്ച പ്രഖ്യാപിച്ചതിനു ശേഷമുള്ള നിവേദനം തയ്യാറാക്കുന്നത് റവന്യൂവകുപ്പാണെങ്കിലും വരള്‍ച്ചയ്ക്കു മുമ്പ് നഷ്ടമുണ്ടാകാന്‍ സാധ്യതയുള്ളതിനെ കുറിച്ചും ആ നഷ്ടം മറികടക്കുന്നതിന് എടുക്കുന്ന മാര്‍ഗങ്ങളെ കുറിച്ചുമുള്ള പദ്ധതി നല്‍കേണ്ടത് അതതു വകുപ്പുകളാണ്.
കൃഷിവകുപ്പ് നല്‍കേണ്ട പദ്ധതി ഇതുവരെ കേന്ദ്രത്തിനു സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. റവന്യൂവകുപ്പാണ് പദ്ധതി നല്‍കേണ്ടിയിരുന്നതെന്ന് കൃഷിമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ മറ്റു വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നു റവന്യൂ വകുപ്പും പറയുന്നു. കഴിഞ്ഞ മാസം 30ന് സമര്‍പ്പിക്കേണ്ട പ്ലാന്‍ ഇതുവരെയും കൃഷിവകുപ്പോ റവന്യൂവകുപ്പോ തയ്യാറാക്കിയിട്ടില്ല. കേന്ദ്രത്തില്‍ നിന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ട് ഇതോടെ നഷ്ടമാകുമെന്നുറപ്പായി. മൂന്നു ദിവസത്തിനു മുമ്പ് ദുരന്തനിവാരണ അതോറിട്ടിക്ക് കേന്ദ്രത്തില്‍ നിന്നും കത്തു ലഭിച്ചിരുന്നു. അത് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനെ കുറിച്ചുള്ളതായിരുന്നു. ഇതിനു മറുപടിയും നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ ദുരന്ത പ്രതിരോധനിധിയില്‍ നിന്നും 51 കോടിരൂപ എല്ലാ ജില്ലകള്‍ക്കും അടിയന്തിര സഹായം നല്‍കിക്കഴിഞ്ഞു.
വരള്‍ച്ചയുടെ ഭാഗമായി കൃഷി നാശം ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നു ചോദിച്ചുകൊണ്ടുള്ള കത്ത് ദുരന്ത നിവാരണ അതോറിട്ടിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്ര സഹായം നഷ്ടമാകുമെന്ന വാര്‍ത്ത അറിഞ്ഞതോടെ കേന്ദ്രത്തില്‍ നിന്നും കത്തു വന്നിട്ടുണ്ടോയെന്ന് ഇന്നലെ അന്വേഷിച്ചു. എന്നിട്ടും അത്തരത്തില്‍ ഒരു കത്ത് ലഭിച്ചതിന്റെ രേഖകള്‍ റവന്യൂ വകുപ്പിന്റെ ഒരു സെക്ഷനിലും കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. വരള്‍ച്ചയുടെ രൂക്ഷത മനസ്സിലാക്കി കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടുള്ള നിവേദനം സമര്‍പ്പിക്കേണ്ട സമയം ആയിട്ടില്ല. അതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചു വേണം നിവേദനം നല്‍കേണ്ടത്. ഇത് ചെയ്യുന്നത് റവന്യൂ വകുപ്പാണ്. മണ്‍സൂണില്‍ ലഭിക്കേണ്ട മഴയുടെ അളവ് 43 ശതമാനം കുറവാണ്. മഴക്കുറവ് രാജ്യത്തെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതു മുന്‍കൂട്ടി കണ്ടാണ് കേന്ദ്രം സംസ്ഥാനങ്ങളോട് പദ്ധതി തയ്യാറാക്കി നല്‍കാന്‍ നിര്‍ദേശിച്ചത്. കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങള്‍ കാട്ടുന്ന ഉത്സാഹം കേരളത്തിനില്ല.
എ.എസ്. ദേവ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.