ആദിവാസി കുടുംബങ്ങള്‍ ദുരിതക്കയത്തില്‍

Sunday 13 July 2014 10:05 pm IST

ചാലക്കുടി: സൗജന്യ റേഷന്‍ പോലും നല്‍കാതെ ആദിവാസി കുടുംബങ്ങളെ സര്‍ക്കാര്‍ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നു. ഇതോടെ ആദിവാസി ഊരുകള്‍ മുഴുപ്പട്ടിണിയിലായി.
അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസികള്‍ക്കാണ് ഈ ദുരവസ്ഥ. മഴ കനത്തതോടെ ഇവരുടെ ഉപജീവന മാര്‍ഗമായ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. തേനും തെള്ളിയും കൂവയും മറ്റും വനത്തില്‍ നിന്ന് ശേഖരിച്ച് വില്പന നടത്തിയാണ് ആദിവാസികള്‍ ഉപജീവന മാര്‍ഗത്തിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. മഴ പിടിച്ചാല്‍ ഇത്തരം വനവിഭവങ്ങള്‍ ലഭിക്കില്ല. ഇക്കാലത്ത് ഇവര്‍ക്ക് സൗജന്യ റേഷന്‍ നല്കുമായിരുന്നു. എന്നാല്‍ ഇത്തവണ സൗജന്യ റേഷനും മറ്റനുകൂല്യങ്ങളും നിഷേധിച്ചതിനാല്‍ ആദിവാസി ഊരുകളില്‍ പട്ടിണിയുടെ പെരുമഴയാണ് പെയ്തിറങ്ങുന്നത്. വനസംരക്ഷണ സമിതിയുടെ ജോലികളാണ് ഇവര്‍ക്ക് പഞ്ഞമാസക്കാലത്ത് ആശ്വാസമായിരുന്നത്. പഞ്ഞമാസം കണക്കിലെടുത്ത് ഇവര്‍ക്ക് കൂടുതല്‍ ജോലികളും മുന്‍കാലത്ത് നല്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതിന് തയ്യാറായിട്ടില്ല. ആദിവാസികളുടെ ക്ഷേമത്തിനായുള്ള ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റും ആദിവാസികളുടെ ഇടയിലേക്ക് കടന്നു വരുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. വാഴച്ചാല്‍, പൊകലപ്പാറ, പെരിങ്ങല്‍, വാച്ചുമരം, മുക്കുംപുഴ, തവളക്കുഴിപാറ, ഷോളയാര്‍, ആനക്കയം, അടിച്ചില്‍തൊട്ടി, പെരുമ്പാറ, വെട്ടിചുട്ടകാട്, അരെയ്ക്കാപ്പ് എന്നിവയാണ് വനത്തിനുള്ളിലെ ആദിവാസി ഊരുകള്‍. ഇതില്‍ വാഴച്ചാല്‍, പൊകലപ്പാറ, പെരിങ്ങല്‍, വാച്ചുമരം, മുക്കുംപുഴ, ഷോളയാര്‍, ആനക്കയം, പെരുമ്പാറ കോളനികള്‍ കാടര്‍ വിഭാഗത്തില്‍പെട്ട ആദിവാസികളുടേതാണ്. ഏറ്റവും പ്രാകൃത ഗോത്രസമൂഹമായിട്ടാണ് കാടര്‍ വിഭാഗത്തെ കണക്കാക്കുന്നത്. ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നതും ഈ വിഭാഗമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളത് ഈ കോളനികളിലാണ്. പട്ടിണിക്ക് പുറമേ ആദിവാസി ഊരുകള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലുമാണ്. പനിബാധിച്ച കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ള ആദിവാസികള്‍ ചികിത്സ ലഭിക്കാതെ ദുരിതത്തിലുമാണ്. ആദിവാസികള്‍ക്ക് ചികിത്സ ലഭിക്കാന്‍ 90 കിലോമീറ്റര്‍ അകലെയുള്ള ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തണം. ഒരാള്‍ക്ക് ആശുപത്രിയില്‍ വന്നുപോകുന്നതിന് 140 രൂപ ബസ്സ് ചാര്‍ജ്ജ് ഇനത്തില്‍ വേണം. ചികിത്സയും ഭക്ഷണവും നല്കി ഈ പിന്നോക്ക വിഭാഗക്കാര്‍ക്ക് മഴക്കാലത്തെങ്കിലും ആശ്വാസം നല്‍കണമെന്നാണ് ആവശ്യമുയരുന്നത്.
ഷാലി മുരിങ്ങൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.