മോദി ബ്രസീലില്‍; ഉഭയകക്ഷി കരാറുകള്‍ പ്രധാനം

Monday 14 July 2014 11:17 am IST

ന്യൂദല്‍ഹി: ബ്രസീല്‍ വേദിയാകുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രതിരിച്ചു. വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ്, ധനകാര്യ മന്ത്രാലയ സെക്രട്ടറി അരവിന്ദ് മായാറാം എന്നിവര്‍ സംഘത്തിലുണ്ട്. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ ഉഭയകക്ഷി കരാറുകള്‍ക്കും മേഖലയുടെ വികസനത്തിനാവശ്യമായ പദ്ധതികളിലെ സഹകരണത്തിനുമായിരിക്കും സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്‍കുകയെന്ന് ബ്രസീലിലേക്ക് തിരിക്കും മുന്‍പ് നല്‍കിയ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഫോര്‍ട്ടാലെസ നഗരത്തില്‍ ജൂലൈ 15,16 തീയതികളിലായാണ് ബ്രിക്‌സ് ഉച്ചകോടി.
ലോകത്തിലെ വിവിധ ഭാഗങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ പരിഹരിക്കുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനും അന്തര്‍ദേശീയതലത്തിലെ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. ലോക സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കായി ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മില്‍ വാണിജ്യസഹകരണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യം. പുതിയ വികസന ബാങ്ക് ബ്രിക്‌സിന്റെ നേതൃത്വത്തില്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ട്. ബ്രിക്‌സ് രാജ്യങ്ങളുടെ വളര്‍ച്ചയും സ്ഥിരതയും മറ്റു വികസ്വര രാഷ്ട്രങ്ങള്‍ക്കും പ്രയോജനകരമായിത്തീരും, മോദി പറഞ്ഞു.
കൂട്ടായ വളര്‍ച്ചയും തുടര്‍ച്ചയുള്ള വികസനവും ലക്ഷ്യമിട്ട് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാന ലോകരാജ്യങ്ങളുടെ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുടെ രാഷ്ടത്തലവന്മാരുമായി നടത്തുന്ന ആശയവിനിമയങ്ങള്‍ വലിയ മാറ്റത്തിന്റെ തുടക്കമാണ്. സാമ്പത്തിക വളര്‍ച്ചയ്ക്കും സമാധാനത്തിനും ബ്രിക്‌സ് രാജ്യങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബ്രസീലിലെത്തുന്ന നരേന്ദ്ര മോദി വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ തലവന്മാരുമായും ചര്‍ച്ച നടത്തും. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റുസഫിന്റെ ക്ഷണപ്രകാരം ഉറുഗ്വെ, അര്‍ജന്റീന, ബൊളീവിയ, വെനസ്വേല, ചിലി, കൊളംബിയ, ഇക്വഡോര്‍, ഗയാന, പരാഗ്വെ, പെറു, സുരിനാം എന്നിവയുടെ ഭരണത്തലവന്‍മാര്‍ ബ്രിക്‌സ് ഉച്ചകോടി വേദിയിലെത്തുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ എന്നിവരുമായുള്ള മോദിയുടെ കൂടിക്കാഴ്ചകളും പ്രാധാന്യമര്‍ഹിക്കുന്നു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.