പ്ലസ് വണ്‍: ഇത്തവണയും 20 ശതമാനം അധിക സീറ്റ്

Monday 14 July 2014 10:35 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഓരോ ബാച്ചിലും പത്തുവീതം സീറ്റുകളാണ് വര്‍ധിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ പുറത്തിറക്കി. പ്ലസ്ടു അധികബാച്ചിന്റെ പ്രഖ്യാപനം വൈകുകയും രണ്ടാംഘട്ട അലോട്ട്‌മെന്റിന് ശേഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സീറ്റില്ലാത്ത സാഹചര്യവും കണക്കിലെടുത്താണ് പുതിയ ഉത്തരവ്. നിലവില്‍ ഒരു ബാച്ചില്‍ 50 സീറ്റുകളാണുള്ളത്. പുതിയ ഉത്തരവ് നടപ്പാക്കുന്നതോടെ ഒരു ബാച്ചിലെ സീറ്റുകളുടെ എണ്ണം 60 ആയി ഉയരും. സംസ്ഥാനത്ത് മൊത്തം 30,000 സീറ്റുകളുടെ വര്‍ധനവുണ്ടാവുമെന്നാണ് കണക്ക്.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്ലാത്ത 148 പഞ്ചായത്തുകളില്‍ പുതിയ സ്‌കൂള്‍ അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടായ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ സര്‍ക്കാരിന് അധികസാമ്പത്തികബാധ്യതയുണ്ടാവുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്ലസ്‌വണ്ണിന് അപേക്ഷിച്ച 4.84 ലക്ഷം കുട്ടികളില്‍ മെറിറ്റ്, മാനേജ്‌മെന്റ് ക്വാട്ടകളിലായി 3.26 ലക്ഷം പേര്‍ക്കു മാത്രമേ ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവേശനം നല്‍കാനാവൂ. വിഎച്ച്എസ്ഇ, പോളിടെക്‌നിക്, ഐടിഐ എന്നിവയിലെല്ലാംകൂടി 40,000 ല്‍ത്താഴെ സീറ്റാണുള്ളത്. ഒരുലക്ഷത്തില്‍ക്കൂടുതല്‍ കുട്ടികള്‍ ഉന്നതപഠനത്തിന് ഓപ്പണ്‍ സ്‌കൂളുകളെ ആശ്രയിക്കേണ്ടിവരും.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.