ഇരകളുടെ ലോകം

Tuesday 15 July 2014 9:35 pm IST

ഝാര്‍ഖണ്ഡില്‍നിന്നും ബീഹാറില്‍നിന്നും കേരളത്തിലേക്ക് കുട്ടികളെ എന്തിന് കൊണ്ടുവന്നുവെന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടിരിക്കുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ നിയമങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്നും സംസ്ഥാന സര്‍ക്കാരിന്റെ അറിവോടുകൂടിയാണോ ഇവരെ കൊണ്ടുവന്നതെന്നും എന്തിനാണ് കൊണ്ടുവന്നതെന്നും അന്വേഷിക്കണമെന്നും പറയുന്ന അമിക്കസ്‌ക്യൂറി കുട്ടികളുടെയൊപ്പം വന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും അവര്‍ കാണിച്ച രേഖകള്‍ വ്യാജമാണോ എന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു.
അഭ്യസ്ത കേരളം ബാലലൈംഗിക പീഡനത്തില്‍ ഒട്ടും പിന്നിലല്ല. ബാലപീഡനത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. ബാലലൈംഗിക പീഡനത്തിനാകട്ടെ പേരുകേട്ട മലപ്പുറം തന്നെയാണ് മുന്നില്‍. കഴിഞ്ഞവര്‍ഷം ചൈല്‍ഡ്‌ലൈനില്‍ രജിസ്റ്റര്‍ ചെയ്തതില്‍ 487 ബാലപീഡനക്കേസാണ് തിരുവനന്തപരുത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറത്ത് 112 ലൈംഗിക പീഡനക്കേസുകളും. ഈ കണക്കുകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ്. 2012-13ല്‍ 1819 പീഡനക്കേസായിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 3486 ആയി. 2012-13ല്‍ 375 ബാലലൈംഗിക പീഡനമായിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 726 ആയി.
ഇത് യഥാര്‍ത്ഥ കണക്കല്ല. മാനഹാനി ഭയന്ന് രക്ഷിതാക്കള്‍ കേസ് രജിസ്റ്റര്‍ ചെയ്യാറില്ല. സ്‌കൂളില്‍ നടത്തുന്ന കൗണ്‍സലിംഗ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദവുമുണ്ട്. പീഡനം ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മലപ്പുറത്ത് 66 പെണ്‍കുട്ടികളും 46 ആണ്‍കുട്ടികളുമാണ് പീഡിപ്പിക്കപ്പെട്ടത്.
1998 ആഗസ്റ്റില്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ഇന്റര്‍നാഷണല്‍ പ്രോഗ്രാം ഫോര്‍ എലിമിനേഷന്‍ ഓഫ് ചൈല്‍ഡ് ലേബറും നടത്തിയ കോണ്‍ഫറന്‍സില്‍ ബാലവേലയ്ക്ക് വേണ്ടിയുള്ള കുട്ടിക്കടത്ത് തടയാനുള്ള നടപടികള്‍ ചര്‍ച്ചചെയ്തു. അതില്‍ യുഎന്‍ പ്രതിനിധിയായി പങ്കെടുത്ത ഡോ. ശാരദാ രാജീവന്‍ പറയുന്നത് ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികള്‍ക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കണമെന്ന തീരുമാനമെടുത്തുവെന്നാണ്. കേന്ദ്ര വനിതാ ശിശുക്ഷേമന്ത്രി മനേക ഗാന്ധിയും കുട്ടിക്കടത്തിനെതിരെ രംഗത്തുണ്ട്.
ബാലലൈംഗികപീഡനത്തില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ഇരകളാണ്. കേരളത്തില്‍ പള്ളിവികാരി ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് വാര്‍ത്തയായിരുന്നല്ലോ. അവിവാഹിതരായി ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന റോമന്‍ കത്തോലിക്കാ പുരോഹിതന്മാരും ബാലപീഡനത്തില്‍ പുറകിലല്ലെന്നും ഇത് തടയപ്പെടേണ്ടതാണെന്നും പോപ്പ് പ്രസ്താവിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ കുടുംബങ്ങളില്‍ പീഡനം നടക്കുന്നു. മൂന്ന് വയസായ കുട്ടിയെ സ്വന്തം അച്ഛന്‍ പീഡിപ്പിച്ച വാര്‍ത്തവരികയുണ്ടായി. കുടുംബങ്ങളില്‍ 19.7 ശതമാനം പെണ്‍കുട്ടികളും 7.9 ശതമാനം ആണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നുവെന്ന് ക്ലിനിക്കല്‍ സൈക്കോളജിക്കല്‍ റിവ്യൂ നടത്തിയ പഠനം വ്യക്തമാക്കുന്നു. മുപ്പത് ശതമാനം ബന്ധുക്കളും 60 ശതമാനം പരിചിതരുമാണത്രെ ഇത് ചെയ്യുന്നത്.
ഇതിനെല്ലാം പുറമെയാണ് പേഡോഫിലിയ ബാധിച്ചവര്‍. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇവര്‍ എത്തുന്നത് അവിടങ്ങളിലെ ഭംഗി ആസ്വദിക്കാന്‍ മാത്രമല്ല, പെണ്‍കുട്ടികളെ ലൈംഗിക ഉപയോഗത്തിന് കിട്ടുമെന്ന് ഉറപ്പുവരുത്തിയിട്ടും കൂടിയാണ്. കോവളത്തും മറ്റും ഇതും ധാരാളമായിരുന്നു. തിരുവനന്തപുരത്തുള്ള ഒരു ടൂറിസ്റ്റ് ഏജന്റ് എന്നോട് പറഞ്ഞത് കോവളത്ത് ആണ്‍കുട്ടികളെ ലഭ്യമാണോ എന്നവര്‍ ചോദിക്കുമെന്നാണ്.
ബാലവേല, ബാലലൈംഗിക പീഡനം, ബാലഭിക്ഷാടനം ഇതിനെല്ലാം കുട്ടികളെ കടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറുതരം പരാതികളാണ് ഉള്‍പ്പെടുന്നത്. ലൈംഗികപീഡനം, ശാരീരികപീഡനം, മാനസികപീഡനം, അവഗണന, ബാലഭിക്ഷാടനം. കഴിഞ്ഞവര്‍ഷം 487 ബാലപീഡനം തിരുവനന്തപുരത്തുണ്ടായി. മനോവൈകല്യമുള്ളവരാണ് ഇതിന് മുതിരുന്നത്. മദ്യപാനവും ഒരു കാരണമാണ്. മദ്യപര്‍ കുടുംബബന്ധങ്ങള്‍ തിരിച്ചറിയുന്നില്ല, വിലകല്‍പ്പിക്കുന്നില്ല.
യുണിസെഫ് റിപ്പോര്‍ട്ട് പ്രകാരം 46 ശതമാനം സ്‌കൂള്‍ പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന രാജ്യം കോംഗോ ആണ്.
ലോകത്തിലെ ഒമ്പത് ശതമാനം കുട്ടികള്‍ ജീവിക്കുന്നത് ഇന്ത്യയിലാണ്. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ 2007ലെ ഒരു പഠനം വ്യക്തമാക്കുന്നത് 58.22 ശതമാനം കുട്ടികള്‍ ലൈംഗികമായി അപമാനിക്കപ്പെടുന്നു എന്നാണ്. ബാലപീഡനത്തിന് മുന്നില്‍ ആന്ധ്രാപ്രദേശ്, ആസാം, ബീഹാര്‍, ദല്‍ഹി എന്നീ സംസ്ഥാനങ്ങളാണ്. ഇത് നിയമവിരുദ്ധമാണെങ്കിലും യഥേഷ്ടം തുടരുന്നുവെന്നത് ബന്ധപ്പെട്ട അധികാരികളുടെ നിസ്സംഗതയ്ക്ക് അടിവരയിടുന്നു. നിയമങ്ങളുടെ അഭാവമല്ല, അവയുടെ പ്രയോഗത്തിലുള്ള അലംഭാവമാണ് ഈ അനീതികള്‍ തുടരാന്‍ കാരണം. കുട്ടികളുടെ അവകാശസംരക്ഷണത്തിനായി അന്താരാഷ്ട്ര ഉടമ്പടി നിലവിലുണ്ട്. അതിലും പറയുന്നത് കുട്ടിക്കടത്ത് തടയണമെന്നാണ്.
പക്ഷേ ഇന്ന് ലൈംഗിക ടൂറിസം കോടികളുടെ വ്യവസായമാണ്. അതില്‍ 'ബാലവേശ്യ'കളും ഒരു പ്രധാന ഘടകമാണ്. ആഗോളതലത്തില്‍ ബാലലൈംഗികപീഡനം കൂടാനുള്ള പ്രധാന കാരണം എയ്ഡ്‌സ് ബാധ ഭയപ്പെടേണ്ടതില്ല എന്ന വിശ്വാസമാണ്. ബാലവേശ്യാവൃത്തി നല്ല വരവുള്ള ബിസിനസുമാണ്. 1.2 ദശലക്ഷം കുട്ടികള്‍ ഇതിലെ ഇരകളാണ്. 79 ശതമാനം കുട്ടിക്കടത്തും ലൈംഗികചൂഷണത്തിനാണ്.
കേരളത്തിലേക്ക് ഇപ്പോള്‍ അന്യസംസ്ഥാനത്തുനിന്നുള്ള കുട്ടികളുടെ കുത്തൊഴുക്കാണ്. നിര്‍മ്മാണമേഖല മിക്കവാറും ഇവരുടെ കൈയിലാണ്. കൂടാതെ കഞ്ചാവ് വില്‍പ്പന, മോഷണം മുതലായവയും ഈവിധം കടത്തിക്കൊണ്ടുവരുന്ന കുട്ടികളുടെ നിയോഗമാണ്. കേരളത്തിലെ സാഹചര്യം കൃഷി, നിര്‍മ്മാണം, സര്‍വീസ് സെക്ടര്‍, ലൈംഗിക വ്യാപാരം എല്ലാമുള്ളതാണല്ലോ. കുട്ടിക്കടത്തിനെപ്പറ്റി ഒരുതരത്തിലുള്ള ഔദ്യോഗികരേഖയും ഇവിടെയില്ല. എങ്ങനെ ഇവരെ കടത്തിക്കൊണ്ടുവരുന്നുവെന്നോ ഇവരുടെ വയസ് എത്രയാണെന്നോ, ഏത് ജാതി-മത വിഭാഗത്തില്‍പ്പെട്ടവരാണെന്നോ അറിയില്ല.
1998ല്‍ അഞ്ചുലക്ഷം കുട്ടികള്‍ ലൈംഗിക വ്യാപാരത്തിലുണ്ടായിരുന്നുവെന്ന് 'സാര്‍ക്കി'ലെ പഠനം പറയുന്നു. 2014 ആയപ്പോഴേക്കും ഇത് മൂന്നിരട്ടിയായിരിക്കാനാണ് സാധ്യത. ലൈംഗിക വ്യാപാരം മഹാമേരുപോലെ വളരുന്നതാണല്ലോ. കാളച്ചന്തകളില്‍ മാടിനെ വാങ്ങുന്നപോലെ ഇടനിലക്കാര്‍ കുട്ടികളെ വാങ്ങുന്നു. കൊപ്രക്കച്ചവടം പോലെയാണ് ഈ വ്യാപാരം. പക്ഷേ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ ആക്ട് കാര്യക്ഷമമായി നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ മുതിരുന്നില്ല. കോടതികള്‍ക്ക് ഇത് തിരിച്ചറിയാന്‍ പ്രയാസമാണ്. ഇത് രഹസ്യ ഉള്ളറകളുള്ള വ്യാപാരമാണ്. പെണ്‍കുട്ടികളെ അഞ്ചു മുതല്‍ 16 വയസുവരെയും ആണ്‍കുട്ടികളെ അഞ്ച് വയസ് മുതല്‍ ഒമ്പത് വയസുവരെയുമാണ് ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുന്നത്. മൗനം അവലംബിക്കുന്ന സര്‍ക്കാരും ഇതില്‍ പങ്കാളിയാകുകയല്ലേ?
കുട്ടികള്‍ ഭാവിപൗരന്മാരാണ്, രാജ്യവളര്‍ച്ചയ്ക്കുപകരിക്കേണ്ടവരാണ്, പഠിച്ച് മിടുക്കന്മാരാകണം എന്നെല്ലാം പ്രസംഗിക്കുന്നവര്‍ ധാരാളമാണ്. പക്ഷേ അവരുടെയും കണ്ണുകള്‍ ഇരയെ തേടുന്നുണ്ടാകുമോ? പള്ളിവികാരി പീഡിപ്പിച്ച കുട്ടി പറഞ്ഞത് വികാരിയുടെ നോട്ടം തന്റെ മേല്‍ പതിക്കുമ്പോള്‍ അവന് പേടിതോന്നുമായിരുന്നുവെന്നും അതുകാരണം താമസിച്ച് പള്ളിയിലെത്തി പുറകില്‍ ഇരിക്കുമായിരുന്നുവെന്നുമാണ്. നിസ്സഹായതയുടെ പ്രതീകം! ആണ്‍കുട്ടികളെ ലൈംഗിക ഉപകരണമാക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ബാലപീഡനം, ലൈംഗികപീഡനം എന്ന ക്രമത്തില്‍ അത് ഇങ്ങനെയാണ്. കൊല്ലം: 212-27, ആലപ്പുഴ: 154-34, പത്തനംതിട്ട: 136-35, ഇടുക്കി: 172-97, കോട്ടയം: 176-14, എറണാകുളം: 185-51, തൃശൂര്‍: 204-33, പാലക്കാട്: 318-54, മലപ്പുറം: 356-112, കോഴിക്കോട്: 354-76, വയനാട് 336-55, കണ്ണൂര്‍: 156-44, കാസര്‍കോട്: 239-95.
ബാല-ബാലികാപീഡനം കുട്ടികള്‍ വീട്ടില്‍ പറഞ്ഞാലും രക്ഷിതാക്കള്‍ ആരോടും പറയണ്ട എന്നുപറയും. പിതാവ് പീഡിപ്പിക്കുന്നതും കുട്ടികള്‍ പറയുന്നത് സ്‌കൂളിലെ കൗണ്‍സലറോടാണ്. ഇങ്ങനെ ഒരു തസ്തിക സ്‌കൂളില്‍ സൃഷ്ടിച്ച് കുട്ടികള്‍ക്ക് ഉള്ളുതുറക്കാന്‍ അവസരം നല്‍കിയ സര്‍ക്കാരിനോട് ഈ ലേഖികയ്ക്ക് നന്ദിയുണ്ട്.
അമ്മമാര്‍ തങ്ങളുടെ പെണ്‍മക്കള്‍ കളങ്കിതരായാലും അത് മറ്റുള്ളവര്‍ അറിയരുതെന്നതില്‍ ജാഗരൂകരാണ്. അമ്മമാര്‍ പെണ്‍മക്കളെ വളര്‍ത്തുന്നത് അവരെ വിവാഹം ചെയ്തുകൊടുക്കാനാണല്ലോ. കളങ്കം ചാര്‍ത്തപ്പെട്ടാല്‍ വിവാഹസാധ്യത മങ്ങും. ഈ മനോഭാവം മാറേണ്ട സമയമായി. പെണ്‍കുട്ടികളും ആണ്‍കുട്ടികളെപ്പോലെ ഒരുപക്ഷേ അവരേക്കാളും ബുദ്ധിമതികളാണ്. പഠിച്ച് വലിയ സ്ഥാനത്തെത്തേണ്ടവര്‍. അവര്‍ക്ക് മനഃസമാധാനത്തോടെ പഠിക്കാനുള്ള അവസരം അമ്മമാര്‍ ഒരുക്കണം. അഗമ്യഗമനം നടത്തുന്ന ഭര്‍ത്താക്കന്മാരെയല്ല, ലൈംഗികചൂഷണത്തിന് ഇരയാകാന്‍ പോകുന്ന മകളെ രക്ഷിക്കാനാണ് തയ്യാറാകേണ്ടത്. മകളുടെ ഭാവി പോയാലും തന്റെ വിവാഹം ഭദ്രമായിരിക്കണമെന്ന വിചാരിക്കുന്ന അമ്മമാരുമുണ്ട്!
പെണ്‍വാണിഭം എന്ന പദം തൊണ്ണൂറുകളില്‍ സൂര്യനെല്ലി പീഡനത്തോടനുബന്ധിച്ച് രൂപപ്പെട്ടതാണ്. പെണ്‍വാണിഭ ഇരകളിലും കൊച്ചുപെണ്‍കുട്ടികളാണ് ഇര. സൂര്യനെല്ലി പെണ്‍കുട്ടിയെ എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ചിലര്‍ തട്ടിക്കൊണ്ടുപോയത്. ഇന്നവള്‍ക്ക് പേരില്ല, മുഖമില്ല, ജീവിതമില്ല. ആണ്‍കുട്ടികള്‍ക്കും ലൈംഗികപീഡനം മാനസിക ആഘാതം സൃഷ്ടിക്കുകയും അവരെ വിചിത്രജീവികളാക്കുകയും ചെയ്യുന്നു. കുട്ടികള്‍ ഭാവിപൗരന്മാരാണെന്ന വാഗ്‌ധോരണിയല്ല അവരെ ചൂഷണവിമുക്തരാക്കി നല്ലൊരു ഭാവി സമ്മാനിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വിമുഖത അപകടം ക്ഷണിച്ചുവരുത്തലായിരിക്കും.
ലീലാ മേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.