ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി

Tuesday 15 July 2014 10:37 pm IST

കാക്കനാട്: എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ ക്ലിനിക്, നോണ്‍ ക്ലിനിക് വിഭാഗം ഡോക്റ്റര്‍മാര്‍ ഇന്നലെ രാവിലെ 9.30 മുതല്‍ ഒരു മണിക്കൂര്‍ നേരം പണിമുടക്കി മെഡിക്കല്‍ കോളേജിനു മുന്നില്‍ ധര്‍ണ നടത്തി.
കോളേജ് ഏറ്റെടുക്കുന്നതിലെ അനിശ്ചിതത്വം ഒഴിവാക്കുക, കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു മണിക്കൂര്‍ പണിമുടക്ക് നടത്തിയത്. ധര്‍ണ മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ .ജേക്കബ് ബേബി ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് ശമ്പളവുമില്ല രോഗികള്‍ക്ക് മരുന്നുമില്ലായെന്നഅവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഹെഡ് ഓഫ് അക്കൗണ്ട് ശരിയാക്കിയിട്ടില്ല. പിന്നെങ്ങിനെ സാമ്പത്തിക കാര്യങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഡോ. ജേക്കബ് ബേബി തന്റെ പ്രസംഗത്തില്‍ ചോദിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ മെഡിക്കല്‍ കോളേജില്‍ 50 ശതമാനം റസിഡന്റ് ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട്. അതേപോലെ അധ്യാപകര്‍ 20 ശതമാനം കുറവാണ്. ഈ ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തെ ദോഷകരമായി ബാധിക്കുമെന്നും,എന്നും അവഗണന മാത്രമാണ് മെഡിക്കല്‍ കോളേജിനോട് അധികൃതര്‍ കാണിക്കുന്നതെന്നും ,അടിയന്തരമായി ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ആഗസ്ത് ഒന്നു മുതല്‍ മെഡിക്കല്‍ ക്യാമ്പുകളും അധിക ഡ്യൂട്ടിയും ഒഴിവാക്കും. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കലും നിര്‍ത്തുമെന്ന് ഡോ .ജേക്കബ് ബേബി പറഞ്ഞു. ധര്‍ണയില്‍ പങ്കെടുത്ത് അസോസിയേഷന്‍ സെക്രട്ടറി ജയസൂര്യ, ഡോ. റജി, ഡോ. സണ്ണി എന്നിവര്‍ സംസാരിച്ചു. അത്യാവശ്യ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ പണിമുടക്കിയില്ല. കൊച്ചിന്‍ മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി കൂടിയാണ് സമരം നടത്താന്‍ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.