കൊളീജിയം ശുപാര്‍ശ വീണ്ടും കേന്ദ്രസര്‍ക്കാര്‍ തള്ളി

Tuesday 15 July 2014 11:07 pm IST

ന്യൂദല്‍ഹി: കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി കെ.എല്‍. മഞ്ജുനാഥിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ്ജസ്റ്റിസായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രനിയമമന്ത്രാലയം തള്ളി. ജഡ്ജിക്കെതിരായി ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിസ് മഞ്ജുനാഥിന്റെ പേര് പുനപ്പരിശോധിക്കണമെന്ന് നിയമമന്ത്രാലയം ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയോട് ആവശ്യപ്പെട്ടു.
ജസ്റ്റിസ് മഞ്ജുനാഥിനെതിരായ പരാതികള്‍ കൊളീജിയം പരിശോധിക്കണമെന്നും അതിനു ശേഷം മാത്രം തീരുമാനം എടുക്കണമെന്നുമാണ് കേന്ദ്രനിലപാട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ മദ്രാസ് ഹൈക്കോടതിയിലേക്കുള്ള സ്ഥലം മാറ്റവും തല്‍ക്കാലത്തേക്ക് നടപ്പാക്കേണ്ടെന്നാണ് കേന്ദ്രനിയമമന്ത്രാലയത്തിന്റെ ശുപാര്‍ശ.
മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. സുബ്രഹ്മണ്യത്തിനെതിരെയുയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ കല്‍ക്കത്ത ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റം, കേരള ഹൈക്കോടതി ജഡ്ജി കെ.എം. ജോസഫിന്റെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റം എന്നിവയും നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.