ബിഎസ്പി നേതാവിന്റെ മകന്‍ യുവതിയെ പീഡിപ്പിച്ചു

Wednesday 16 July 2014 2:42 pm IST

ബംഗളൂര്‍: ബി.എസ്.പി നേതാവിന്റെ മകന്‍ ഇരുപത്തിരണ്ടുകാരി യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ പീഡിപ്പിച്ചു. വെള്ളിയാഴ്ച ബംഗളൂരിലെ ഫ്രേസര്‍ പട്ടണത്തിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീര്‍ ഹൈദര്‍ (22) ആണ് അറസ്റ്റിലായത്. ഹൈദറുടെ കൂട്ടുകാരായ നാലു പേര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. മറ്റു കൂട്ടുകാരികള്‍ക്കൊപ്പം പുറത്തു പോയി ഭക്ഷണം കഴിച്ച് മടങ്ങവെ ഇവരുടെ സുഹൃത്തുക്കളിലൊരാള്‍ കാറില്‍ ലിഫ്റ്റ് നല്‍കി. കൂടെയുണ്ടായിരുന്ന രണ്ടു പേരെ അവരുടെ വീടുകളില്‍ ആക്കിയ ശേഷം യുവതിയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്ത് എത്തിയപ്പോള്‍ അര്‍ദ്ധരാത്രിയായി. അപാര്‍ട്ട്‌മെന്റിനു മുന്നില്‍ കാര്‍ നിറുത്തി യുവതിയും സുഹൃത്തും അതില്‍ ഇരിക്കവെ മറ്റൊരു കാറില്‍ എത്തിയ ഹൈദറും സംഘവും പൊലീസെന്ന വ്യാജേന ഇരുവരെയും ചോദ്യം ചെയ്തു. യുവതിയെയും സുഹൃത്തിനെയും പിന്‍സീറ്റിലേക്ക് വലിച്ചിട്ട ശേഷം അക്രമികളിലൊരാള്‍ കാര്‍ ഓടിക്കാന്‍ തുടങ്ങി. ഇതിനിടയിലാണ് ഹൈദര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അക്രമികളിലൊരാള്‍ യുവതിയുടെ സുഹൃത്തിന്റെ കാറുമായി പിന്തുടരുന്നുണ്ടായിരുന്നു. കോക്‌സ് ടൗണ്‍ റെയില്‍വേ ബ്‌ളോക്കിന് സമീപത്ത് കാര്‍ നിറുത്തിയ സംഘം യുവതിയുടെ സുഹൃത്തിനെ ഡോര്‍ തുറന്ന് പുറത്തേക്ക് തള്ളി. അതിനുശേഷം കഴുത്തില്‍ കത്തിവച്ച് നിശബ്ദനാക്കിയ ശേഷം യുവതിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. യുവതിയില്‍ നിന്നും 50,000 രൂപയും അക്രമികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ സുഹൃത്തിന്റെ കൈവശമുണ്ടായിരുന്ന വാച്ച് കൈക്കലാക്കി കടന്നു കളഞ്ഞുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.