ചണ്ഡിഗഢ്: ജമ്മു കാശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിന്റെ ബേസ് സ്റ്റേഷനായ കത്രയിലേക്കു പുതുതായി ആരംഭിച്ച ശ്രീ ശക്തി എക്സ്പ്രസ് തുരങ്കത്തില്‍ കുടുങ്ങി. എഞ്ചിന് തകരാറിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് സംഭവം. ഒരുമണിക്കൂറോളം ട്രെയിന്‍ തുരങ്കത്തിലായി. പൂര്‍ണ്ണ എസി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനായ ശ്രീ ശക്തി എക്സ്പ്രസിന്റെ ന്യൂ ദല്‍ഹിയില്‍ നിന്നുള്ള രണ്ടാമത്തെ യാത്രയിലാണ് തകരാര്‍ സംഭവിച്ചത്. കത്ര റെയില്‍വേ സ്റ്റേഷന് അഞ്ച് കിലോമീറ്റര്‍ മുമ്പായിട്ടാണ് സംഭവം. പുലര്‍ച്ചെ 5.10ന് എത്തേണ്ട ട്രെയിന്‍ രാവിലെ ഏഴിനാണ് എത്തിയതെന്ന് ഫിറോസ്പൂര്‍ ഡിവിഷന്റെ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. 35 മിനിറ്റ് വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. എന്നാല്‍ ടണലില്‍ കുടുങ്ങിയതോടെ ഒരു മണിക്കൂര്‍ കൂടി അധികമായി വൈകി. വേറൊരു എന്ജിന് എത്തിച്ചാണ് യാത്ര തുടര്‍ന്നതെന്ന് വടക്കന്‍ റയില്‍വേ വക്താവ് നീരജ് ശര്‍മ അറിയിച്ചു. തുരങ്കത്തിനോ റെയില്‍ വേ ലൈനോ യാതൊരു പ്രശ്നവുമില്ലെന്നും സര്‍വ്വീസുകള്‍ സാധാരണ രീതിയില്‍ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: