കൂടു തേടുന്നവര്‍
ഷെര്ദാന് ഷക്കീരി
ബ്രസീലിലെ ഹാട്രിക്ക് വേട്ടക്കാരില്‍ ഒരുവന്. രണ്ടു തവണ മാന്‍ ഓഫ് ദ മാച്ചായി. സ്വിറ്റ്സര്‍ലാന്റിനെ പ്രീ-ക്വാര്‍ട്ടറിലെത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഷക്കീരിയെ ലിവര്‍പൂള്‍ കൊതിക്കുന്നു; സുവരാസിനു പകരംവയ്ക്കാന്‍.
പോള്‍ പോഗ്ബ
ലോകകപ്പ് ഔന്നത്യത്തിലേക്ക് ഉയര്‍ത്തിയ യുവതാരം. ഇറ്റാലിയന്‍ ടീം യുവന്റസിനും ഫ്രാന്‍സിനും ജീവശ്വാസം പകര്‍ന്ന പോഗ്ബയെ നാട്ടിലെത്തിക്കാന്‍ പിഎസ്ജി അരയുംതലയും മുറുക്കുന്നു.
ജെയിംസ് റോഡ്രിഗസ്
ലോകകപ്പില്‍ കൊളംബിയന്‍ കുപ്പായത്തില്‍ ന്യൂ കിഡ് കാട്ടിയ മാജിക്കുകള്‍ യൂറോപ്യന്‍ ക്ലബ്ബുകളെ മയക്കിക്കഴിഞ്ഞു.പേരും പാരമ്പര്യവുമുള്ള ഒരു ടീമില്‍ എത്തുമെന്നതില്‍ സംശയമില്ല.
ഗുല്ലര്മൊ ഒച്ചോവ
മെക്സിക്കന്‍ വലയുടെ കീഴിലെ നീരാളി. എണ്ണംപറഞ്ഞ സേവുകള്‍ ലോകകപ്പിലെ അത്ഭുതക്കാഴ്ചകള്‍. പുതിയ ഗോളിയെ തേടുന്ന യൂറോപ്യന്‍ കളിക്കൂട്ടങ്ങള് ഒച്ചോവോയ്ക്കായി പന്തയംവയ്ക്കുന്നു.
ടോണി ക്രൂസ്
ജര്‍മന്‍ ജഴ്സിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം. ലോകകപ്പില്‍ രണ്ടു ഗോളുകളടിച്ച, ഗോളവസരങ്ങള്‍ ഏറെ ഒരുക്കിയ ക്രൂസിനെ റയല്‍ മാഡ്രിഡ് നോട്ടമിട്ടിട്ടുണ്ട്. ആഴ്സനലും പണമെറിയാന്‍ കോപ്പുകൂട്ടുന്നു.
ചേക്കേറിയവര്‍
ലൂയിസ് സുവാരസ്
കടിവിവാദം, ഈ ഉറുഗ്വെ താരത്തെ ഒഴിവാക്കാന്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയെ പ്രേരിപ്പിച്ചില്ല. 75 ദശലക്ഷം യൂറോ മുടക്കി ലിവര്‍പൂളില്‍ നിന്നും ബാഴ്സ സ്വന്തമാക്കി. ഈ സീസണിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുക.
ഡിവോക് ഒറിഗി
ബ്രസീലില്‍ ബെല്‍ജിയത്തിനുവേണ്ടി പുറത്തെടുത്ത ഉശിരന്‍ പന്താട്ടം ഒറിഗിയെ ഫ്രഞ്ച് ക്ലബ്ബ് ലില്ലെയില്‍ നിന്ന് ലിവര്‍പൂളിന്റെ ക്യാംപില്‍ കൊണ്ടെത്തിച്ചു. താരവും ക്ലബ്ബും കരാറിന് അരികില്‍. ഒരുവര്‍ഷത്തേക്ക് 10 ദശലക്ഷം യൂറോ ലിവര്‍ മാറ്റിവയ്ക്കും.
അലിക്സ് സാഞ്ചസ്
ലോകകപ്പില്‍ ചിലിക്കുവേണ്ടി തകര്‍ത്തുകളിച്ച സാഞ്ചസിനെ ബാഴ്സലോണയില്‍ നിന്ന് ആഴ്സനല്‍ സ്വന്തമാക്കി. 35 ദശലക്ഷം യൂറോയാണ് ആഴ്സനല്‍ ബാഴ്സയ്ക്ക് കൈമാറിയത്. സാഞ്ചസുമായി ദീര്‍ഘകാല ഉടമ്പടിക്കും ഗണ്ണേഴ്സ് തയ്യാറായി.
ഡീഗോ കോസ്റ്റ
ലോകകപ്പില്‍ നിറംമങ്ങി. എന്നാല്‍ അത്ലറ്റിക്കോ മാഡ്രിഡിനെ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരാക്കിയ കോസ്റ്റയെ ചെല്‍സിക്ക് വിടാന്‍ തോന്നിയില്ല. ഡേവിഡ് ലൂയീസിനെ വിറ്റതില്‍ കുറച്ചു തുക കോസ്റ്റയ്ക്കുവേണ്ടി വിനിയോഗിച്ചു.
ഡേവിഡ് ലൂയിസ്
ഇംഗ്ലീഷ് സംഘമായ ചെല്‍സിയില്‍ നിന്ന് ഫ്രഞ്ച് പട പിഎസ്ജിയിലേക്ക് ചേക്കേറാനുള്ള കരാര്‍ ജര്‍മനി- ബ്രസീല്‍ സെമിക്കു മുന്‍പേ ലൂയിസ് ഉറപ്പിച്ചിരുന്നു. ചെല്‍സി 40 ദശലക്ഷം യൂറോ താരത്തിനുവേണ്ടി ഫ്രഞ്ചുകാരോട് വാങ്ങിയത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: