നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയം

Wednesday 16 July 2014 10:32 pm IST

നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ ബിജെപി ഇതരകക്ഷികള്‍ പ്രചരിപ്പിച്ചത് മോദി കാവിവല്‍ക്കരണം നടത്തുമെന്നാണ്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഭാരതവും അയല്‍രാജ്യമായ പാക്കിസ്ഥാനുമായും മാത്രമല്ല ഭാരത-ചൈന ബന്ധം കൂടി ഊഷ്മളമാകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ബ്രിക്‌സ് രാജ്യങ്ങള്‍ ചേര്‍ന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപം നല്‍കുന്ന ബ്രിക്‌സ് ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ പ്രഥമ അധ്യക്ഷസ്ഥാനം ഭാരതത്തിന് ലഭിച്ചേക്കുമെന്നതാണ്. ഇതിനനുകൂലമായ നിലപാട് മറ്റു രാജ്യങ്ങള്‍ സ്വീകരിക്കുന്നത് മോദിയുടെ വലിയൊരു നയതന്ത്ര വിജയമാണ്. 50 ശതകോടി ഡോളറിന്റെ ആസ്ഥിയുള്ള ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ ആസ്ഥാനം ചൈനയിലെ ഷാങ്ഹായ് ആയിരിക്കും.
ഭാരത-ചൈന ശത്രുതയുടെ മഞ്ഞുരുകിത്തുടങ്ങിയെന്നുവേണം മനസ്സിലാക്കാന്‍. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലില്‍ എത്തിയ നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ച നിശ്ചയിച്ചതിലും 50 മിനിട്ട് നീണ്ടശേഷം മോദി ട്വിറ്ററില്‍ കുറിച്ചത് കൂടിക്കാഴ്ച സഫലമായിരുന്നുവെന്നും ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുമെന്നുമായിരുന്നു. യുപിഎ പ്രധാനമന്ത്രിയായിരുന്ന, സര്‍വജ്ഞപീഠം കയറിയ ആളെന്ന് കോണ്‍ഗ്രസ് ഉദ്‌ഘോഷിച്ച മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് ചൈനയുമായും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. അതിര്‍ത്തി തര്‍ക്കവും അതിര്‍ത്തിയിലൂടെ ചൈന വെട്ടുന്ന പാതയുമായിരുന്നു തര്‍ക്കവിഷയം. ഇപ്പോള്‍ ഭാരതത്തില്‍നിന്ന് കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് രണ്ടാമതൊരു പാത കൂടി തുറക്കാമെന്ന നിര്‍ദ്ദേശം പരിഗണിക്കാമെന്ന് സി ജിന്‍ പിങ് സമ്മതിച്ചിരിക്കുകയാണ്. കൂടാതെ ചൈനയില്‍ നടക്കുന്ന ഏഷ്യാ പസഫിക് എക്കണോമിക് കോര്‍പ്പറേഷന്‍ (അപെക്) സമ്മേളനത്തില്‍ പങ്കെടുക്കാനും മോദി ക്ഷണിക്കപ്പെട്ടിരിക്കുന്നു.
ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനുമായുള്ള സഹകരണം മെച്ചപ്പെടുത്തണമെന്നഭ്യര്‍ത്ഥിച്ച് ചൈന സന്ദര്‍ശനത്തിന് ക്ഷണിച്ചതില്‍ മോദി സന്തോഷം പ്രകടിപ്പിച്ചു. എത്രയും വേഗം അതുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഭാരതവും ചൈനയും തമ്മിലുളള ബന്ധം വഷളാക്കിയത് അതിര്‍ത്തി തര്‍ക്കവും ടിബറ്റ് റോഡ് നിര്‍മാണവും മറ്റുമാണ്. ഇപ്പോള്‍ സി ജിന്‍ പിങ് ഭാരത-ചൈന സൗഹൃദത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇത് ലോകശ്രദ്ധ ക്ഷണിക്കുന്ന കാര്യമാണെന്ന് സമ്മതിച്ചപ്പോള്‍ ഭാരത-ചൈന അതിര്‍ത്തിയില്‍ മോദിയുടെ വെന്നിക്കൊടിയാണ് പാറിയത്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വലിയ ഗതിവേഗം ആര്‍ജിച്ചതില്‍ ഇരുരാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. സ്വാഗതാര്‍ഹമായ മറ്റൊരു കാര്യം ഭാരതത്തിലെ റെയില്‍വെ വികസനം പോലുള്ള അടിസ്ഥാന വികസനരംഗത്ത് ചൈനീസ് നിക്ഷേപം സ്വാഗതം ചെയ്യുന്നുവെന്നതാണ്. ഭാരതത്തില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കും നല്ലതാണെന്നും സി ജിന്‍ പിങ് അഭിപ്രായപ്പെട്ടപ്പോള്‍, ഇപ്പോള്‍ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ നിരീക്ഷണ പദവി മാത്രമുള്ള ഭാരതം കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് മോദി സമ്മതിച്ചു. നരേന്ദ്രമോദി ഭരണത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുകയാണ്. ഈ ഊഷ്മളത വിനോദസഞ്ചാര രംഗത്ത് വലിയ വളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്ന വിശ്വാസവും മോദി പ്രകടിപ്പിച്ചു. ഇന്ന് ഭാരതത്തിലും കേരളത്തിലും എത്തുന്ന വിനോദസഞ്ചാരികള്‍ അധികവും യൂറോപ്പില്‍നിന്നും ചെറിയൊരു ഭാഗം അമേരിക്കയില്‍ നിന്നുമാണല്ലൊ.
ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ ആരംഭിച്ച ഉച്ചകോടിയിലാണ് ഭാരതത്തിന്റെയും ചൈനയുടെയും ഭരണത്തലവന്മാര്‍ തമ്മില്‍ കണ്ടത്. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ മേല്‍ക്കോയ്മക്കുള്ള കനത്ത പ്രഹരമായിരിക്കും ബ്രിക്‌സ് ഡെവലപ്പ്‌മെന്റ് ബാങ്ക് എന്നിരിക്കെ ഇക്കാര്യത്തിലുള്ള ഭാരതത്തിന്റെ പങ്കാളിത്തം അഭിമാനകരമാണ്. ഭാരതം, ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് അംഗങ്ങള്‍. ഈ വര്‍ഷം ഒടുവില്‍ ചൈനീസ് പ്രസിഡന്റ് ഭാരത സന്ദര്‍ശനം നടത്തുകയാണെങ്കില്‍ ഭാരതവും ചൈനയും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന് പുതിയ അജണ്ട രൂപീകരിച്ചേക്കാം. ഇതില്‍ ഏറ്റവും സ്വാഗതാര്‍ഹമായ വസ്തുത അയല്‍രാജ്യമായ ചൈന ഭാരതത്തോടുള്ള ശത്രുത വെടിഞ്ഞ് വീണ്ടും സുഹൃദ് ബന്ധം സ്ഥാപിക്കുന്നതാണ്. ഭാരത-ചൈന ബന്ധം ഭാരതത്തിലെ വ്യവസായ വാണിജ്യമേഖലയ്ക്ക് സഹായകരമാകും. പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ മോദി മുന്‍കയ്യെടുത്ത് നടത്തിയ നയതന്ത്ര നീക്കത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ ഭാരതത്തിന് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.