ബ്രിക്‌സ് വികസന ബാങ്ക്: അദ്ധ്യക്ഷ സ്ഥാനം ഭാരതത്തിന്

Wednesday 16 July 2014 11:33 pm IST

ഫൊര്‍ട്ടലേസ: ലോകസാമ്പത്തിക വ്യവസ്ഥയില്‍നിര്‍ണായക സ്വാധീനമാകുന്ന ബ്രിക്‌സ് വികസന ബാങ്കിന്റെ പ്രഥമ അദ്ധ്യക്ഷ സ്ഥാനം ഭാരതത്തിന്. ഇന്നലെ സമാപിച്ച ബ്രിക്‌സ് ഉച്ചകോടിയില്‍ കൈക്കൊണ്ട തീരുമാനമനുസരിച്ച് ആറു വര്‍ഷത്തേക്ക് ഭാരത പ്രധാനമന്ത്രിക്കായിരിക്കും അദ്ധ്യക്ഷ പദവി.
ചൈനയിലെ ഷാങ്ഹായ് ആയിരിക്കും ബാങ്കിന്റെ ആസ്ഥാനം. ഉച്ചകോടി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു. ബ്രിക്‌സ് അംഗ രാജ്യങ്ങള്‍ക്കു മാത്രമല്ല, വികസ്വര രാജ്യങ്ങള്‍ക്കും ലോക രാജ്യങ്ങള്‍ക്കു മുഴുവനും ബാങ്കിന്റെ സേവന സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കു തിരുത്തലിനു പ്രേരകമാകുന്ന സ്വാധീന ശക്തിയായി മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര വേദിയിലും നയതന്ത്ര ബന്ധങ്ങളിലും ഭാരതത്തിന്റെ വന്‍ സ്വാധീനം പ്രകടമാക്കുന്നതാണ് ഈ സ്ഥാന ലബ്ധിയെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. ഭാരതത്തിന്റെ നീക്കം വന്‍ വിജയമാണെന്ന് വ്യാപകമായി പ്രശംസിക്കപ്പെടുന്നുണ്ട്.
ഭാരതം, ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ വന്‍ശക്തികളുടെ സംഘമാണ് ബ്രിക്‌സ്. ലോക ബാങ്കിനെ പോലും സ്വാധീനിക്കുന്ന, സമ്പദ്‌വ്യവസ്ഥയില്‍ വന്‍ശക്തിയായി മാറുന്നതാണ് വികസന ബാങ്കിന്റെ രൂപീകരണ തീരുമാനം. 10,000 കോടി ഡോളറാണ് വികസന ബാങ്കിന്റെ മൂലധനം. രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് ഒരുമിച്ചുനിന്ന് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ സാധ്യമാണെന്നതിനു തെളിവാണ് ബ്രിക്‌സ് ഉച്ചകോടി കാണിക്കുന്നതെന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫ് പറഞ്ഞു.
സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെ ശക്തിയായി തടഞ്ഞുനിര്‍ത്താന്‍ കഴിയുന്ന ഉടമ്പടിയാണിതെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ അഭിപ്രായപ്പെട്ടത്.
വാഷിംഗ്ടണ്‍ കേന്ദ്രമായ ലോകബാങ്കിന്റെ നിക്ഷിപ്ത താല്‍പര്യങ്ങളെ നേരിടുന്നതിനുള്ള പദ്ധതിയാണ് ന്യൂ ഡവലപ്‌മെന്റ് ബാങ്ക്. കുതിച്ചുയരുന്ന അഞ്ച് രാഷ്ട്രങ്ങളുടെ നേതൃത്വം ഇതിന്റെ പരിപാടികള്‍ ഉടന്‍തന്നെ ആവിഷ്‌കരിക്കുന്നതാണ്.
ഇന്റര്‍നാഷണല്‍ മോണിറ്ററിംഗ് ഫണ്ടില്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് വോട്ടിംഗ് അവകാശം ഉള്‍പ്പെടെയുള്ള കൂടുതല്‍ അധികാരങ്ങളും പരിഷ്‌കാരങ്ങളും വേണമെന്ന് ഉച്ചകോടിയില്‍ ആവശ്യമുയര്‍ന്നു. വികസ്വര രാഷ്ട്രങ്ങള്‍ക്ക് ഐഎംഎഫ് ഫണ്ട്‌വിതരണം ചെയ്യുന്നതില്‍ പുനഃപരിശോധന ആവശ്യമാണെന്നും അഭിപ്രായമുണ്ടായി.
തുടക്കത്തില്‍ 500 കോടി ഡോളര്‍ ആയിരുന്നു പ്രാഥമിക മൂലധനമായി ഉദ്ദേശിച്ചത്. എന്നാല്‍, ചര്‍ച്ചകള്‍ക്കൊടുവില്‍ 10,000 കോടി ഡോളറായി ഉയര്‍ത്തുകയായിരുന്നു. ബ്രിക്‌സ് വികസന ബാങ്കിന്റെ ആസ്ഥാനം ഷാങ്ഹായ് ആയിരിക്കും. ബാങ്കിന്റെ ആദ്യ പ്രസിഡന്റ് ഭാരതീയനും ആദ്യയോഗത്തിലെ അധ്യക്ഷന്‍ ബ്രസീലില്‍നിന്നുള്ള പ്രതിനിധിയുമായിരിക്കും.
ദക്ഷിണാഫ്രിക്ക കേന്ദ്രമായി ആഫ്രിക്കയില്‍ മേഖലാ കേന്ദ്രവും ആരംഭിക്കും.
വികസ്വര രാഷ്ട്രങ്ങളുടെയും വളര്‍ന്നുവരുന്ന രാഷ്ട്രങ്ങളുടെയും വികസനത്തിനുതകുന്ന രീതിയില്‍ വേണ്ട സഹായം ലഭ്യമാക്കുകയെന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഇതിനുവേണ്ട സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കും. വികസനത്തിനനുയോജ്യമായ പദ്ധതികള്‍ക്കും രൂപം നല്‍കും.
4100 കോടി ഡോളറാണ് ചൈനയുടെ പദ്ധതിയിലെ വിഹിതം. ബ്രസീല്‍, ഭാരതം, റഷ്യ എന്നിവര്‍ 1800 കോടി വീതവും ദക്ഷിണാഫ്രിക്ക 500 കോടിയും പ്രാഥമിക വിഹിതം നല്‍കും.
ലോക ജനസംഖ്യയിലെ നാല്‍പത് ശതമാനവും ബ്രിക്‌സ് രാജ്യങ്ങളിലാണ്്. ഫൊര്‍ട്ടലേസയില്‍ ആരംഭിച്ച ഉച്ചകോടി മാറ്റങ്ങള്‍ക്കുള്ള ഒരു തുടക്കം മാത്രമാണ്. മാരത്തണ്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഇനി തുടര്‍ച്ചയായി ഉണ്ടാകുമെന്നും തീരുമാനമായി.
ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് പിന്‍ പിങ് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏറ്റവും ഫലവത്തായ കൂടിക്കാഴ്ചയെന്നാണ് പിങ് ഇതിനെ വിശേഷിപ്പിച്ചത്. ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.