സ്വായംഭുവമനു

Wednesday 28 September 2011 7:58 pm IST

ബ്രഹ്മാവിന്റെ മാനസപുത്രനാണ്‌ സ്വയംഭുവമനു ജാതനാകുന്നത്‌. സ്വയം ജാതനായതുകൊണ്ട്‌ അല്ലെങ്കില്‍ സ്വയംഭൂവായ ബ്രഹ്മാവിന്റെ പുത്രനായതുകൊണ്ടാണ്‌ സ്വായംഭുവമനുവിന്‌ ആ പേര്‍ ഉണ്ടായത്‌. അദ്ദേഹം ബ്രഹ്മാവിന്റെ മാനസപുത്രനായ ശതരൂപയെ വിവാഹം കഴിച്ചു. അവരുടെ സന്തതികളായി പ്രിയവ്രതന്‍, ഉത്താനപാദന്‍, പ്രസൂതി, ആകുതി എന്നിവര്‍ ജനിച്ചു. ഇതിന്‍ ഉത്താനപാദന്റെ പുത്രനായാണ്‌ പുരാണപ്രസിദ്ധനായ ധ്രുവന്‍ ജനിക്കുന്നത്‌. പ്രിയവ്രതന്റെ പുത്രന്മാരായി അഗ്നീധ്രന്‍, ഇധ്മജിഹ്വന്‍, യജ്ഞബാഹു, മഹാവീരന്‍, രുക്മശു, ക്രകന്‍, ഘൃതപൃഷ്ഠന്‍, സവനന്‍, മേധാതിഥി, വീരിഹോത്രന്‍, കവി എന്നീ പത്തു പുത്രന്മാര്‍ ജനിച്ചു. ഈ പത്തുപേരും അഗ്നിയുടെ പര്യായനാമത്തോട്‌ കൂടിയവരാണ്‌. അതില്‍ സവനന്‍, മഹാവീരന്‍, കവി എന്നിവര്‍ ലൗകിക ജീവിതത്തെ വെടിഞ്ഞ്‌ തപസ്സനുഷ്ഠിച്ചു. പ്രിയവ്രതന്റെ രഥചക്രം പതിഞ്ഞ്‌ ഭൂലോകത്ത്‌ ഏഴു ദ്വീപുകള്‍ (സപ്തഭൂഖണ്ഡങ്ങള്‍) ഉണ്ടായിവന്നു. പിന്നെ പ്രിയവ്രതന്‍ തന്റെ ഏഴു പുത്രന്മാരെ അതിന്റെ അധിപതികളാക്കി വാഴിച്ചു.
സ്വായംഭുവമനു വളരെക്കാലം വിന്ധ്യാചലത്തില്‍ തപസ്സനുഷ്ഠിച്ചതായി ദേവീഭാഗവതത്തില്‍ പറയുന്നു. മരീചി, അംഗിരസ്സ്‌, അത്രി, പുലഹന്‍, പുലസ്യന്‍, ക്രതു, വസിഷ്ഠന്‍ എന്നിവരായിരുന്നു ഇക്കാലത്തെ സപ്തര്‍ഷികള്‍, സ്വായംഭൂവമനുവായിരുന്നു മനുസ്മൃതി രചിച്ചതെന്ന്‌ ഐതിഹ്യം പറയുന്നു.