കര്‍ക്കടകത്തിന്റെ പുണ്യമായി ആനയൂട്ട്

Thursday 17 July 2014 9:06 pm IST

തൃശൂര്‍: കര്‍ക്കടക പുലരിയില്‍ മഹാദേവന് മുന്നില്‍ വിഘ്‌നേശ്വര പ്രീതിക്കായി ആനയൂട്ട്. വടക്കുംനാഥന്റെ തിരുമുറ്റത്ത്പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് അറുപതോളം വരുന്ന ആനകള്‍ക്ക് വിഘ്‌നേശ്വരപ്രീതിയ്ക്കായി ഊട്ട് നടത്തിയത്. പങ്കെടുത്ത കൊമ്പന്‍മാരില്‍ കുട്ടിയായ വെട്ടത്ത് ഗോപികണ്ണന് വടക്കുംനാഥ ക്ഷേത്രം മേല്‍ശാന്തി കൊറ്റമ്പിള്ളി നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയതോടെയാണ് ആനയൂട്ടാരംഭിച്ചത്.
തുടര്‍ന്ന് മുഴുവന്‍ ആനകള്‍ക്കും ഇന്നലെ പുലര്‍ച്ചെ നടന്ന മഹാഗണപതിഹോമത്തിന്റെ പ്രസാദം ആദ്യം നല്‍കി. പിന്നീട് ചോറുരുള, കൈതച്ചക്ക, തണ്ണിമത്തന്‍, വെള്ളരി, കരിമ്പ്, പഴം, മറ്റ് ഫലവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ നല്‍കി. 500 കിലോ അരിയുടെ ചോറ്, മഞ്ഞള്‍പ്പൊടി, ശര്‍ക്കര, െനയ്യ്് എന്നിവ ചേര്‍ത്ത് വലിയ ഉരുളകളാക്കിയാണ് ഊട്ടിന് ഭക്ഷണം തയ്യാറാക്കിയത്. ഇതിന് പുറമെ എസ്എന്‍എ ഔഷധശാല നിര്‍മിച്ചു നല്‍കിയ പ്രത്യേക ഔഷധക്കൂട്ടും ആനകള്‍ക്ക് നല്‍കി. മയക്കുവെടി സജ്ജീകരണങ്ങളുമായി വെറ്ററിനറി ഡോക്റ്റര്‍മാരുടെ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഊട്ടിന് ശേഷം ആനകള്‍ വടക്കുംനാഥനെ്യൂവണങ്ങി കിഴക്കേ ഗോപുരം വഴി പുറത്തേക്കിറങ്ങി.
ആന പ്രേമികളുടെ പ്രിയംകരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, പുതുപ്പള്ളി കേശവന്‍,ചെമ്പൂത്ര വിജയ് കണ്ണന്‍,ചെമ്പൂത്ര ദേവിദാസന്‍, പാറമേക്കാവ് രാജേന്ദ്രന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ശിവകുമാര്‍, ഗിരീശന്‍, തമ്പുരാന്‍ നാരായണന്‍, ബാസ്റ്റ്യന്‍ വിനയപ്രസാദ്, ഇന്ദ്രജിത്ത്, അടിയാട്ട് അയ്യപ്പന്‍, കോഴിപ്പറമ്പില്‍ അയ്യപ്പന്‍ തുടങ്ങി നിരവധി പ്രമുഖ ആനകള്‍ ഊട്ടില്‍ പങ്കെടുത്തു. മൂന്ന് പിടിയാനകളും കര്‍ക്കടക പുലരിയിലെ ആനയൂട്ടിന് എത്തിയിരുന്നു.
ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം നടന്നു.10,000 നാളികേരം, 3500 കിലോ ശര്‍ക്കര, 500 കിലോ െനയ്യ്, 750 കിലോ മലര്‍, 1500 കിലോ അവില്‍, 250 കിലോ എള്ള്, 100 കിലോ തേന്‍, ഗണപതി്യൂനാരങ്ങ എന്നിവയാണ് ഉപയോഗിച്ചത്.ക്ഷേത്രം അന്നദാന മണ്ഡപത്തില്‍ പ്രസാദ ഊട്ടും ഉണ്ടായിരുന്നു.കളക്ടര്‍ എം.എസ്.ജയ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍ നായര്‍, മെമ്പര്‍മാരായ കെ.ഡി.ബാഹുലേയന്‍, ഇ.എ.രാജന്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ.ഹരിദാസ്, പാറമേക്കാവ് ദേവസ്വം പ്രസിഡണ്ട് കെ.മനോഹരന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് പ്രൊഫ.മാധവന്‍കുട്ടി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.രാജലക്ഷ്മി, വടക്കുംനാഥ ക്ഷേത്രം മാനേജര്‍ ഉഷാകുമാരി തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒരു മാസം നീണ്ടുനില്‍ക്കുന്ന നാലമ്പല തീര്‍ത്ഥാടനത്തിനും ജില്ലയില്‍ ഇന്നലെ തുടക്കമായി.
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തരുടെ നീണ്ടനിര കാണപ്പെട്ടു. ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും വന്‍ഭക്തജനതിരക്കായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.