സുനന്ദയുടെ മരണം; കൊലപാതകമല്ലെന്ന് ദല്‍ഹി പോലീസ്

Friday 18 July 2014 4:34 pm IST

ന്യൂദല്‍ഹി:  മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമല്ലെന്നും ഇതില്‍ ദുരൂഹതകളൊന്നുമില്ലെന്നും ദല്‍ഹി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മരണത്തിന് കാരണമാകാവുന്നതല്ല.  കൊലപാതകമാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മരണത്തെ കുറിച്ച് ആരും പൊലീസിന് പരാതി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള അല്‍പ്രാക്‌സ് മരുന്ന് അമിതമായ തോതില്‍ സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. അതാണ് മരണകാരണമായത്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കും. നേരത്തെ സുനന്ദയുടെ മരണവുമായി ബന്ദപ്പെട്ട പോസ്റ്റ്മാര്‍ട്ടം തിരുത്താന്‍ ശശി തരൂരും കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാംനബി ആസാദും ആവശ്യപ്പെട്ടിരുന്നതായി ദല്‍ഹി എയിംസ് ആശുപത്രിയിലെ ഫോറന്‍സിക്ക് തലവന്‍ ഡോ. സുധീര്‍ ഗുപ്ത വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണം പിന്നീട് എയിംസ് അധികൃതര്‍ തള്ളിയിരുന്നു. ജനുവരി 17നാണ് ദല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.