ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 253

Friday 18 July 2014 8:52 pm IST

513. സൗമ്യഃ - മനുഷ്യരുടെയോ ദേവന്മാരു ടെയോ സ്വഭാവവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ ക്ഷോഭിക്കാത്തവന്‍, അടുത്തു പെരുമാറുന്നവര്‍ക്ക് സുഖവും ശാന്തിയും പ്രദാനം ചെയ്യുന്ന ആഹ്ലാദകരമായ സ്വഭാവമുള്ളവന്‍ എന്നര്‍ത്ഥം. സത്വഗുണമൂര്‍ത്തിയായ മഹാവിഷ്ണുവുമായി ബന്ധപ്പെട്ടവയെല്ലാം സൗമ്യ ദീപ്തിയുള്ളവയാണ്. ഭഗവാനെ ആശ്രയിക്കുന്നവരുടെ ജീവിതവും അതുപോലെയാകും. ശാന്തകിരണനായി ചന്ദ്രന്‍ തന്റെ അമൃതാംശുക്കള്‍കൊണ്ട് സസ്യങ്ങളെ ഔഷധികളാക്കുന്നതുപോലെ ഭഗവാന്‍ തന്റെ കരുണാകടാക്ഷങ്ങള്‍കൊണ്ട് ലോകത്തിന്റെ താപങ്ങളെ നശിപ്പിച്ചു ആഹ്ലാദം പ്രസരിപ്പിക്കുന്നു.
514. ക്രൂരഃ - ക്രൂരന്‍. കര്‍ക്കശവും നിര്‍ഭയവും ഭയങ്കരവുമായ സ്വഭാവമുള്ളവരെയാണ് ക്രൂരന്മാരെന്നു വിശേഷിപ്പിക്കുന്നത്. മുന്‍നാമത്തില്‍ ചന്ദ്രനെപ്പോലെ ശാന്തവും ശീതളവുമായ സ്വഭാവമുള്ളവനായി ഭഗവാനെ ''സൗമ്യഃ'' എന്നു സ്തുതിച്ചു. ഈ നാമത്തില്‍ ക്രൂരനായി അവതരിപ്പിക്കുന്നു. ലോകത്തിന് ആപത്തുണ്ടാക്കുന്ന ദുഷ്ടന്മാരോടുള്ള സമീപത്തില്‍ ഭഗവാന്‍ ക്രൂരത പ്രദര്‍ശിപ്പിക്കാറുണ്ട്. പ്രതേ്യകിച്ച് തന്റെ ഭക്തര്‍ക്കു വേദനയുണ്ടാക്കുന്ന ദുഷ്ടന്മാരെ അമര്‍ത്തേണ്ടിവരുമ്പോള്‍.
തന്റെ ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാനായി ഭഗവാന്‍ സ്വീകരിച്ച നരസിംഹരൂപവും ഹിരണ്യകശിപുവിന്റെ മാറുപിളര്‍ന്ന് രക്തം കുടിക്കുകയും കുടല്‍മാല വലിച്ചെടുത്ത് കഴുത്തിലണിയുകയും ചെയ്തത് ഉദാഹരണം. (നാരായണീയം 25-ാം ദശകം). ക്രൂരത ചില പ്രതേ്യക സാഹചര്യങ്ങളില്‍ ഭഗവാന്‍ എടുത്തണിയുന്ന പൊയ്മുഖമാണ്. നാരായണീയകാരന്‍ ഇക്കാര്യം ''ഏവം നാടിത ആദ്രചേഷ്ടിത വിഭോ'' എന്ന സംബോധനയിലൂടെ 25-ാം ദശകത്തിലെ പത്താംശ്ലോകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഭഗവാന്റെ ക്രൂരത അഭിനയം മാത്രമാണ്. ഭഗവാന് ഏറ്റവും ദുഷ്ടനോടുപോലും കാരുണ്യവും വാത്സല്യവുമേയുള്ളൂ. ഏറ്റവും ക്രൂരമായി അഭിനയിക്കുമ്പോഴും ഭഗവാന്‍ സൗമ്യനാണ്.
515. ശാന്തമൂര്‍ത്തിഃ - ശാന്തരൂപം പൂണ്ടവന്‍. സൗമ്യതയുടെ സ്ഥായിഭാവമാണു ശാന്തത. തിരയും ഓളവുമില്ലാതെ ഇളക്കമറ്റ സമുദ്രമെന്നപോലെ മനസ്സ് നിസ്പന്ദമാകുന്ന അവസ്ഥയാണ് ശാന്തത അഥവാ ശാന്തി. ശാന്തമായ ജലത്തില്‍ ആകാശവും സൂര്യചന്ദ്രനക്ഷത്രാദികളും പ്രതിഫലിക്കുന്നതുപോലെ ശാന്തമായ ഹൃദയത്തില്‍ പരമാത്മചൈതന്യം തെളിഞ്ഞു പ്രകാശം പരത്തും. ആ അവസ്ഥയില്‍ ജീവാത്മാവ് വിഷയബന്ധമില്ലാത്ത കേവലാനന്ദത്തില്‍ മുഴുകും. (തുടരും) ഡോ. ബി.സി.ബാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.