പ്ലസ്ടു: ഒഴിഞ്ഞുകിടന്നത് കാല്‍ലക്ഷം സീറ്റുകള്‍

Friday 18 July 2014 9:14 pm IST

തിരുവനന്തപുരം: എല്ലാ പഞ്ചായത്തുകളിലും ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്ന പേരില്‍ പുതുതായി 134 പ്ലസ്ടു സ്‌കൂള്‍ അനുവദിച്ചത് കള്ളക്കളിയിലൂടെ. നിലവിലുള്ള സ്‌കൂളുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും അധ്യാപക നിയമനം പൂര്‍ത്തിയാകാതിരിക്കുകയും ചെയ്യുമ്പോഴാണ് സര്‍ക്കാരിന് 1000 കോടിയുടെ അധികബാധ്യത വരുന്ന പുതിയ തീരുമാനം.
പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ അനുവദിക്കേണ്ടതില്ലെന്ന നയപരമായ തീരുമാനം മാറ്റിക്കൊണ്ടാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും പ്ലസ്ടു തുടങ്ങണമെന്ന് ഹൈക്കോടതിയുടെ പരാമര്‍ശമാണ് മറയാക്കിയിരിക്കുന്നത്. പ്ലസ്ടു മേഖലയിലെ യഥാര്‍ത്ഥ ചിത്രം ഹൈക്കോടതിയെ ധരിപ്പിക്കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നു.
കഴിഞ്ഞ അധ്യയന വര്‍ഷം ഹയര്‍ സെക്കണ്ടറി മേഖലയില്‍ സംസ്ഥാനത്തൊട്ടാകെ 25185 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. 3151 മെരിറ്റ് സീറ്റുകളും 2732 മാനേജ്‌മെന്റ്/കമ്യൂണിറ്റിക്വാട്ടാ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. സ്വാശ്രയ മേഖലയില്‍ ഒഴിഞ്ഞുകിടന്നത് 19302 സീറ്റുകളാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍(4792). പാലക്കാട് 2336 സീറ്റും തൃശൂരില്‍ 2302 സീറ്റുമാണ് ഒഴിഞ്ഞുകിടന്നത്. വയനാട് ഉള്‍പ്പെടെ എല്ലാ ജില്ലകളിലും പ്ലസ്-ടു സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു.
ഇതൊന്നും കണക്കിലെടുക്കാനോ ഹൈക്കോടതിയെ ധരിപ്പിക്കാനോ കഴിഞ്ഞില്ല. പകരം പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളും ബാച്ചുകളും തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ ഇല്ലാത്ത 148 ഗ്രാമപഞ്ചായത്തുകളില്‍ ഒരു പഞ്ചായത്തില്‍ ഒരു സ്‌കൂളില്‍ രണ്ട് ബാച്ചുകള്‍ വീതം 296 ബാച്ചുകള്‍ അനുവദിക്കാനും എറണാകുളം മുതല്‍ വടക്കോട്ടുള്ള എട്ട് ജില്ലകളില്‍ പ്ലസ്ടു പഠനത്തിനുള്ള സീറ്റുകളുടെ കുറവിനാനുപാതികമായി 382 ബാച്ചുകള്‍ അനുവദിക്കാനുമായിരുന്നു നീക്കം.
കഴിഞ്ഞവര്‍ഷം 4,48,661 പേരാണ് എസ്എസ്എല്‍സി പാസായത്. ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ 3,81,438 ഉം. 82ശതമാനം പേര്‍ക്കും പ്ലസ്ടു പഠനത്തിന് സൗകര്യം ഉണ്ടായിരുന്നു. എസ്എസ്എല്‍സി പാസാകുന്നവരില്‍ 70-85 ശതമാനം പേര്‍ മാത്രമാണ് പ്ലസ്ടുവിന് ചേരാറുള്ളതെന്നാണ് കണക്ക്. അതിനാല്‍ തന്നെയാണ് സീറ്റ് ഒഴിവ് വന്നതും. ഇത്തവണ ഇതുവരെയുള്ള അലോട്ട്‌മെന്റിന്റെ രീതിവെച്ച് അരലക്ഷത്തിലധികം സീറ്റ് ഒഴിഞ്ഞുകിടക്കാനാണ് സാധ്യത.
എസ്എസ്എസ്എല്‍സി പാസാകുന്നവരുടെ കണക്കുപറഞ്ഞ് പ്ലസ്ടു സീറ്റ് വര്‍ധിപ്പിക്കുമ്പോള്‍ മറ്റൊരു അപകടം കൂടിയുണ്ട്. എസ്എസ്എല്‍സിക്കാരുടെ എണ്ണം വര്‍ഷംതോറും കുറയുകയെന്നതാണത്. ഈ വര്‍ഷം 3.5 ലക്ഷത്തില്‍ താഴെ പേരാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. ഹൈക്കോടതിയെ ഈ യാഥാര്‍ഥ്യങ്ങളൊന്നും അറിയിച്ചില്ല സീറ്റുകളുടെ ഒഴിവുമാത്രമല്ല പ്ലസ്ടുവില്‍ അധ്യാപക ഒഴിവുകളും നികത്തപ്പെടാതെ കിടക്കുകയാണ് . സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 1401 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സീനിയര്‍ ടീച്ചര്‍ തസ്തികയില്‍ 702 ഉം ജൂനിയര്‍ ടീച്ചര്‍ തസ്തികയില്‍ 697 ഉം ഒഴിവുകളാണ് ഉള്ളത്.
പി. ശ്രീകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.