പേസ്മേക്കര്‍ കണ്ടുപിടിച്ച ഗ്രേറ്റ്ബാച്ച്‌ അന്തരിച്ചു

Wednesday 28 September 2011 9:14 pm IST

ന്യൂയോര്‍ക്ക്‌: പേസ്മേക്കര്‍ കണ്ടുപിടിച്ച വില്‍സണ്‍ ഗ്രേറ്റ്ബാച്ച്‌ ന്യൂയോര്‍ക്കിലെ ബഫലോയില്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖം മൂലമാണ്‌ അന്തരിച്ചത്‌. 1960ലാണ്‌ ആദ്യമായി ഹൃദയത്തെ നിയന്ത്രിക്കുന്ന പേസ്മേക്കര്‍ രോഗികളില്‍ ഘടിപ്പിച്ചത്‌. ബഫലോ വെറ്ററന്‍സ്‌ ആശുപത്രിയില്‍ 77 വയസുള്ള ഒരാളിലായിരുന്നു പരീക്ഷണം. ഉപകരണം ഘടിപ്പിച്ചശേഷം രോഗി 18 മാസം ജീവിച്ചു. 150ലേറെ പേറ്റന്റുകള്‍ സ്വന്തമായുള്ള ഗ്രേറ്റ്‌ ബാച്ച്‌ 2010 ല്‍ പേസ്മേക്കറിന്റെ 50-ാ‍ം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. കണ്ടുപിടിത്തങ്ങളോട്‌ അതീവ താല്‍പ്പര്യം പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ 1998 ഓഹിയോയിലെ കണ്ടുപിടിത്തക്കാരുടെ നിരയിലേക്ക്‌ എത്തിച്ചിരുന്നു. നാഷണല്‍ സൊസൈറ്റി ഓഫ്‌ പ്രൊഫഷണല്‍ എഞ്ചിനീയേഴ്സിന്റെ പത്ത്‌ എഞ്ചിനീയറിംഗ്‌ സംഭാവനകളിലൊന്നായി പേസ്മേക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. എയ്ഡ്സിനുള്ള ചികിത്സ കണ്ടുപിടിക്കാനായാണ്‌ അദ്ദേഹം തന്റെ അന്ത്യദിനങ്ങള്‍ ചെലവിട്ടത്‌. 1996 ല്‍ സമഗ്രസംഭാവനക്കുള്ള ലേമല്‍സണ്‍ എംഐടി സമ്മാനം ലഭിച്ചു. ഭൂമിയിലെ സാധാരണ ഇന്ധനങ്ങള്‍ 2050 ആകുമ്പോഴേക്കും തീര്‍ന്നുപോകുമെന്ന്‌ അദ്ദേഹം വിശ്വസിച്ചു. കോര്‍ണേലി സര്‍വകലാശാലയിലും ബഫലോ സര്‍വകലാശാലയിലുമാണ്‌ അദ്ദേഹം എഞ്ചിനീയറിംഗ്‌ പഠിച്ചത്‌. അതിനുശേഷം 1952 മുതല്‍ 1957 വരെ ബഫലോ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു.