മതംമാറ്റത്തിന് പുതിയ തന്ത്രം

Friday 18 July 2014 10:48 pm IST

കോട്ടയം: മതംമാറ്റങ്ങള്‍ ഊര്‍ജിതമാക്കാന്‍ പെന്തക്കോസ്തുസഭകള്‍ക്ക് പുതിയ തന്ത്രങ്ങള്‍. കുട്ടികളിലൂടെ കുടുംബത്തിലേക്ക് എന്ന മാര്‍ഗ്ഗമാണ് മതപരിവര്‍ത്തന സംഘങ്ങള്‍ കണ്ടെത്തിയ പുതിയ മാര്‍ഗം. മലയോര പിന്നോക്ക മേഖലകളിലാണ് ഇത് പുറത്തെടുക്കുന്നത്. വിദ്യാഭ്യാസത്തിന്റെ മറപിടിച്ചാണ് ഇവര്‍ കുടുംബങ്ങളിലേക്ക് കടന്നുകയറുന്നത്.
സാമൂഹിക,സാമ്പത്തിക,വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കുന്ന പദ്ധതിയിലൂടെയാണ് മതപരിവര്‍ത്തനത്തിന് പെന്തക്കോസ്ത് സംഘടനകള്‍ വഴിതുറന്നിരിക്കുന്നത്. പുറമെ നിന്നു നോക്കിയാല്‍ പ്രവര്‍ത്തനത്തിന് മതപരമായ പരിവേഷമില്ല. ഭാരതത്തിലൊട്ടാകെ നിശ്ശബ്ദമായി ഇക്കൂട്ടരുടെ പ്രവര്‍ത്തനം നടക്കുന്നതായാണ് സൂചന. വിദേശത്തുനിന്നും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായമെന്ന പേരില്‍ ധനസമ്പാദനവും ഇവര്‍ നടത്തുന്നുണ്ട്.
പെന്തക്കോസ്ത് വിഭാഗം സംഘടിപ്പിക്കുന്ന ട്യൂഷന്‍ ക്ലാസുകളില്‍ എല്ലാ ജാതി-മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളെയും ഉള്‍പ്പെടുത്തുന്നുണ്ട്. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം സൗജന്യമായി ഭക്ഷണം നല്‍കി വിശ്വാസ്യത ഉറപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതിനു പുറമെ കരാട്ടെ, കളരി എന്നിവയുടെ പരിശീലനവും നല്‍കുന്നുണ്ട്. ഇത്തരം ട്യൂഷന്‍ സെന്ററുകളില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മതപഠന ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.
വയനാട്ടിലെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ചെറ്റപ്പാലം എന്ന സ്ഥലത്ത് ഇത്തരം ട്യൂഷന്‍ പ്രവര്‍ത്തനത്തിലൂടെ എഴുപതിലേറെ കുടുംബങ്ങളെ മതപരിവര്‍ത്തനം ചെയ്തുവെന്നാണ് സൂചന. മുള്ളംകൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് എന്ന സ്ഥലത്ത് ഇരുന്നൂറിലേറെ കുട്ടികള്‍ ഇവരുടെ ട്യൂഷന്‍ പഠനത്തിന് പോകുന്നുണ്ട്. മുള്ളംകൊല്ലി പഞ്ചായത്തിലെ പാടിച്ചിറയിലും സുല്‍ത്താന്‍ ബത്തേരി ടൗണിലും ഇത്തരത്തിലുള്ള ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വയനാട് മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ മലയോര പിന്നോക്ക മേഖലകളില്‍ ഇവരുടെ നേതൃത്വത്തിലുള്ള ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്തരം ട്യൂഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിലൂടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വയനാട്ടില്‍ ഇരുപതിലേറെ വനവാസി കുട്ടികള്‍ മതപ്രചാരകരായി മാറിയിട്ടുണ്ട്. ഒന്നാം ക്ലാസുമുതല്‍ പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്ന ഇവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതര ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ പോലും പെന്തക്കോസ്ത് വിഭാഗത്തിലേക്ക് ഇത്തരം സെന്ററുകളിലൂടെ ആകര്‍ഷിക്കുന്നതായും സൂചനയുണ്ട്. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് ആസ്ഥാനമാക്കിയുള്ള പെന്തക്കോസ്ത് സംഘടനയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അഭ്യസ്തവിദ്യരായ ആളുകളെ അദ്ധ്യാപകരായി നിയമിച്ച് പ്രതിഫലം കൊടുത്താണ് ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്നത്. ഓരോ സെന്ററുകളിലും നൂറിലേറെ കുട്ടികള്‍ പഠനത്തിനെത്തുന്നുമുണ്ട്.
കെ.ജി. മധുപ്രകാശ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.