ഗുജറാത്തിനെ മോഡി ലോകഭൂപടത്തില്‍ പ്രതിഷ്ഠിച്ചു: മുകേഷ്‌ അംബാനി

Wednesday 28 September 2011 9:19 pm IST

അഹമ്മദാബാദ്‌: ഗുജറാത്തിന്‌ ലോകഭൂപടത്തില്‍ സ്ഥാനം നല്‍കുക വഴി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തേയും ജനങ്ങളെയും അഭിമാനപുളകിതരാക്കിയിരിക്കുകയാണെന്ന്‌ റിലയന്‍സ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ മുകേഷ്‌ അംബാനി. പണ്ഡിറ്റ്‌ ദീനദയാല്‍ പെട്രോളിയം സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങിലായിരുന്നു അംബാനി മോഡിയെ പ്രശംസിച്ചത്‌. ലോകം മുഴുവന്‍ ഗുജറാത്തിന്റെ മാതൃകയും നടത്തിപ്പും ശ്രദ്ധിക്കുകയാണെന്നും ഇതുപോലെ പ്രചോദനം പകരുന്ന നായകനെ കിട്ടിയ ഗുജറാത്ത്‌ അനുഗ്രഹീതമാണെന്നും മോഡിയുടെ സാന്നിധ്യത്തില്‍ മുകേഷ്‌ പറഞ്ഞു.
ഗുജറാത്ത്‌ ഇന്ധനങ്ങളുടെ മേഖലയില്‍ കൂടുതല്‍ മുന്നോട്ട്‌ പോകേണ്ടതുണ്ടെന്ന്‌ അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു. ജോലികള്‍ ചെയ്യണമെങ്കില്‍ ഇന്ധനമാണ്‌ ആദ്യമായി വേണ്ടത്‌. ഇക്കാര്യത്തില്‍ സാങ്കേതികത്വത്തിന്‌ ഏറെ സഹായിക്കാനാകുമെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. 2030ഓടെ ലോകത്തിന്‌ 17 ബില്ല്യണ്‍ ക്രൂഡോയിലിന്‌ തുല്യമായ ഊര്‍ജ്ജഉപഭോഗമുണ്ടാവുമെന്നും അതില്‍ ലോകത്തിലെ മൂന്നിലൊന്നും ചെലവഴിക്കുന്നത്‌ ഇന്ത്യയും ചൈനയുമാകുമെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോഴുള്ളതിനേക്കാള്‍ ആറ്‌ മടങ്ങ്‌ ഊര്‍ജം ലഭിക്കാന്‍ രാജ്യം ശ്രമിക്കേണ്ടതാണ്‌. ഇതിനായി സോളാര്‍, ജൈവഇന്ധനം, ഫ്യുവല്‍ സെല്ലുകള്‍ ഇവയിലേക്കും തിരിയാവുന്നതാണ്‌. ഗവേഷണത്തിനുള്ള ആധുനിക സൗകര്യങ്ങളെ പരാമര്‍ശിക്കവെ താന്‍ 25 വയസ്സ്‌ കുറഞ്ഞ്‌ വിദ്യാര്‍ത്ഥികളുടെ പ്രായമായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തനിക്ക്‌ അപ്രാപ്യമെന്ന്‌ തോന്നിയ വസ്തുതകള്‍ ഇന്ന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ സാധ്യമാവുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ജാംനഗറിലെ വരണ്ട ഭൂമി ലോകത്തിന്റെ തലസ്ഥാനമാക്കാമെങ്കില്‍ ഗുജറാത്തിലെ ഒരു ഉറക്കം തൂങ്ങിയ ഗ്രാമം ഏഷ്യയിലെ വാഹനനിര്‍മ്മാണകേന്ദ്രമാവുമെങ്കില്‍ എന്തും ചെയ്യാനാകുമെന്നും താന്‍ കരുതുന്നു, മുകേഷ്‌ തുടര്‍ന്നു.