ജനന്യേ നമഃ

Wednesday 28 September 2011 9:56 pm IST

ആശുപത്രിയും പോലീസ്‌ സ്റ്റേഷനും കോടതിയും കഴിവതും ജീവിതത്തില്‍ ഒഴിവാക്കണമെന്നതാണ്‌ എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും. ജീവിതത്തിന്റെ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുത്തുന്നതാണ്‌ ഇവ മൂന്നും എന്നതിനാലാണ്‌ ഈ പ്രാര്‍ത്ഥന. വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന കാലത്ത്‌ മാത്രമാണ്‌ പോലീസ്‌ സ്റ്റേഷനുകളില്‍ എനിക്ക്‌ കയറേണ്ടിവന്നിട്ടുള്ളത്‌. ചില വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുള്ള അത്തരം പോലീസ്‌ സ്റ്റേഷന്‍ അനുഭവങ്ങളും അപൂര്‍വം മാത്രം. പത്രപ്രവര്‍ത്തനം ആരംഭിച്ച ശേഷം ചിലപ്പോഴൊക്കെ കോടതി കയറേണ്ടിവന്നിട്ടുണ്ട്‌. ചില വാര്‍ത്തകള്‍ ചിലരെ അസ്വസ്ഥാരാക്കുമ്പോള്‍ അവര്‍ വക്കീല്‍ നോട്ടീസുകളിലൂടെയാണല്ലോ ചിലപ്പോള്‍ പ്രതികരിക്കുക. ലക്ഷക്കണക്കിന്‌ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഒരു കോടിരൂപ നഷ്ടപരിഹാരം ഒരവസരത്തില്‍ ആവശ്യപ്പെട്ടത്‌ അബ്ദുള്‍ നാസര്‍ മദനിമാത്രമാണ്‌. പക്ഷെ, നാളിതുവരെ ഒരിക്കല്‍പോലും ശിക്ഷിക്കപ്പെടുകയോ പിഴയടക്കേണ്ടിവരികയോ ഉണ്ടായിട്ടില്ല. പലപ്പോഴും ഇത്തരം കേസുകളില്‍ ആരോപിക്കപ്പെടുന്നത്‌ പത്രസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിയെന്നാണ്‌. അതെല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ബോധ്യമായൊരു വസ്തുത വാര്‍ത്തയായി അവതരിപ്പിക്കുമ്പോള്‍, അവ എല്ലായ്പ്പോഴും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ തെളിയിക്കപ്പെടണമെന്നില്ല. എന്നാല്‍ അക്കാരണത്താല്‍ സത്യം സത്യമല്ലാതാവുന്നില്ല. വാര്‍ത്ത വാര്‍ത്തയല്ലാതെയും ആവില്ല. പല വലിയ പത്രപ്രവര്‍ത്തകരും അസുഖകരവും അപകടകരവുമായ സത്യങ്ങള്‍ തുറന്നു കാണിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണ്‌. പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തന ജീവിതത്തില്‍ അത്തരം അനുഭവങ്ങള്‍ അനിവാര്യവുമാണ്‌. പത്രപ്രവര്‍ത്തകര്‍ക്ക്‌ പ്രാതസ്മരണിയനായ പത്രാധിപര്‍ സദാനന്ദ്‌ വാര്‍ത്തകള്‍ പ്രസിദ്ധികരിച്ചതിന്റെ പേരില്‍ പതിവായി പിഴയടക്കാന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌.
ആദര്‍ശധീരനായ ആ പത്രാധിപര്‍ക്ക്‌ അതൊരു കളങ്കമായിരുന്നില്ല. ഒരു തിലകമായിരുന്നു. അങ്ങനെയാണ്‌ അന്ന്‌ പത്രലോകം അത്‌ കണ്ടിരുന്നത്‌. പറഞ്ഞു വന്നത്‌ ആശുപത്രികളും പോലീസ്‌ സ്റ്റേഷനും കോടതിയും ഒഴിവാക്കേണ്ടതിനെ കുറിച്ചാണ്‌. അവയില്‍ ആശുപത്രിയുമായുള്ള അസുഖകരമായ ഇടപാടുകള്‍ അടുത്ത കാലത്തായി എന്നെ സംബന്ധിച്ചിടത്തോളം ഇടക്കിടെ അനിവാര്യമായി മാറുന്നു. ഭാഗ്യമെന്നു പറയട്ടെ, ജീവിതത്തില്‍ ഇന്ന്‌ വരെ എന്തെങ്കിലും ആരോഗ്യപ്രശ്നത്താല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കപ്പേടേണ്ട അവസ്ഥ എനിക്ക്‌ ഉണ്ടായിട്ടില്ലെങ്കില്‍ കൂടി, ബന്ധുക്കളുടേയും വേണ്ടപ്പെട്ടവരുടേയും ഇഷ്ടപ്പെട്ടവരുടേയും ചിലരുടെ ചികിത്സയുമായി ബന്ധപ്പെട്ട്‌ ആശുപത്രികളില്‍ അനേകം മണിക്കൂറുകളും, ചിലപ്പോള്‍ ദിവസങ്ങളും ചിലവഴിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവാറുണ്ട്‌. കഴിഞ്ഞ ആഴ്ചയും അത്‌ വേണ്ടിവന്നു. എഴുപത്‌ കഴിഞ്ഞ എന്റെ അമ്മ തന്നെ ആയിരുന്നു ആശുപത്രിയില്‍ . ഒരു ചെറിയ ശസ്ത്രക്രിയ്ക്ക്‌ വേണ്ടിയാണ്‌ അമ്മ ആശുപത്രിയിലായത്‌. അങ്ങനെ അമ്മയോടൊപ്പം കഴിഞ്ഞയാഴ്ച മണിക്കുറുകളോളം ആശുപത്രിയില്‍ മൂത്തമകനായ ഞാനും.
അവിസ്മരണിയവും അസുലഭവുമായ ഒരനുഭവമാണ്‌ ആ അവസരത്തില്‍ എനിക്കുണ്ടായത്‌. അപൂര്‍വം ചിലര്‍ക്ക്‌ മാത്രമേ അത്തരം അനുഭവം ഉണ്ടാവൂ എന്നും എനിക്ക്‌ ഉറപ്പുണ്ട്‌. അവരില്‍ തന്നെ, അപൂര്‍വം ചിലര്‍ മാത്രമേ ആ അനുഭവത്തിന്റെ മഹത്വം മനസിലാക്കിയിട്ടുണ്ടാവൂ എന്നും എനിക്കു തോന്നുന്നു. ആ അനുഭവം എന്റെ ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളിലൊന്നായി എന്നെന്നും എന്റെ മനസില്‍ നിറഞ്ഞു നില്‍ക്കും.
ഇനി ആ അനുഭവത്തിന്‌ ഇടയാക്കിയ അമ്മയുടെ ശസ്ത്രക്രിയയേക്കുറിച്ച്‌. വളരെവേഗം നടത്തുന്ന, വളരെ നിസ്സാരവും സര്‍വസാധാരണവുമായിരുന്നു അമ്മയ്ക്ക്‌ വാര്‍ധക്യകാലത്ത്‌ അനിവാര്യമായിത്തിര്‍ന്ന ശസ്ത്രക്രിയ. ഒന്നോ രണ്ടോ പ്രസവം കഴിഞ്ഞാല്‍ സ്ത്രീകള്‍ അവരുടെ ഗര്‍ഭപാത്രം മുറിച്ചുമാറ്റുകയെന്നത്‌ ഇന്ന്‌ ഒരു സംഭവമേ അല്ലാതായിട്ടുണ്ട്‌. അത്‌ പിന്നീടുയര്‍ത്താവുന്ന ആരോഗ്യപ്രശ്നങ്ങളൊന്നും അവരെ ആ ശസ്ത്രക്രിയയില്‍ നിന്ന്‌ പിന്തിരിപ്പിക്കാറില്ല.
അധികവരുമാനത്തിനുള്ള മാര്‍ഗമെന്നതിനാല്‍ ആശുപത്രി നടത്തിപ്പുകാരും ഡോക്ടര്‍മാരും അത്തരം ശസ്ത്രക്രിയകള്‍ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ്‌ പതിവ്‌. 'യൂട്ടെറസ്‌ പ്രൊലാപ്സി' ന്റെ ഫലമായി എന്റെ അമ്മയും, വളരെ വൈകിയാണെങ്കിലും അതിന്‌ നിര്‍ബന്ധിതയായി.
പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍, ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഓപ്പറേഷന്‍ തിയേറ്ററില്‍നിന്നു പുറത്തു വന്ന ഡോക്ടറും സഹായികളും ആ സന്തോഷവാര്‍ത്ത ആകാംക്ഷയോടെ പുറത്തുകാത്തുനിന്നിരുന്ന ഞാനുള്‍പ്പെടെയുള്ള ബന്ധുക്കളെ അറിയിച്ചു. ഡോക്ടറുടെ സംഘത്തില്‍പ്പെട്ട ഒരു നേഴ്സിന്റെ കൈയ്യിലുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക്‌ പേടകം അവര്‍ അതിനിടയില്‍ ഞങ്ങളെ കാണിച്ചു. സുതാര്യമായ ആ പേടകത്തിനുള്ളില്‍ 'ഫോര്‍മലിന്‍' നിറച്ചിരുന്നു. അതില്‍ ഒരു മാംസപിണ്ഡവും. അതെന്റെ അമ്മയുടെ ഗര്‍ഭപാത്രമായിരുന്നു - എനിക്ക്‌ ജീവന്‍ നല്‍കിയ, ജിവശ്വാസം നല്‍കിയ, ഒമ്പതുമാസക്കാലം ഞാന്‍ സുരക്ഷിതമായി, സസുഖം കഴിഞ്ഞ, എന്നെ ഞാനാക്കിയ, എന്റെ അമ്മയുടെ ഗര്‍ഭപാത്രം, ആദ്യമായും അവസാനമായും ഞാനത്‌ കണ്ടു. ആര്‍ത്തിയോടെ, അതിലേറെ അഭിമാനത്തോടെ, ഒരു ചെറിയ മാങ്ങാഅണ്ടിയുടെ വലിപ്പം മാത്രമുണ്ടായിരുന്ന ആ മാംസപിണ്ഡം എത്ര മഹനീയവും മനോഹരവുമാണെന്നറിഞ്ഞ മാത്രയില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു തൂകി. മനസ്‌ കൊണ്ട്‌ ഞാനതിനു മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ചു. ഒന്നല്ല ഒരു കോടി ദണ്ഡനമസ്കാരം മതിയാവില്ലെന്ന്‌ തോന്നി എനിക്ക്‌ ആ ദിവ്യദര്‍ശനവേളയില്‍. ആദിശങ്കരന്റെ 'മാതൃപഞ്ചക'ത്തിലെ ആദ്യവരികള്‍ ഭക്തിനിര്‍ഭരമായ എന്റെ മനസില്‍ അപ്പോള്‍ പെട്ടന്ന്‌ മിന്നിമറഞ്ഞു.
ആസ്താം താവദീയം പ്രസൂതിസമയേ ദുര്‍വാര ശൂലവ്യധാ നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ ഏകസ്യാപി ന ഗര്‍ഭഭാര ഭരണ ക്ലേശസ്യയസ്യാഹ ക്ഷമോദാതും നിഷ്കൃതി മുന്നതോ- പിതനയ തസ്യേ ജനന്യേ നമഃ
(പല്ലുകള്‍ കടിച്ചമര്‍ത്തി വേദന സഹിച്ച്‌ എന്നെ പ്രസവിച്ച്‌, ഞാന്‍ മലീമസമാക്കിയ ശയ്യ പങ്കിട്ട്‌, ശരീരം ക്ഷീണിച്ചും ശോഷിച്ചും ഒമ്പതു മാസക്കാലം എന്നെ ചുമന്ന്‌ നടന്ന എന്റെ പ്രിയപ്പെട്ട അമ്മേ! അവിടേയ്ക്ക്‌ എന്തു തന്നാലും പകരമാവില്ല.)
ഹരി എസ്‌. കര്‍ത്താ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.