വെളളാവൂര്‍ തുമ്പോളി റോഡിലെ പാലം അപകടാവസ്ഥയില്‍

Saturday 19 July 2014 10:17 pm IST

കറുകച്ചാല്‍: വെളളാവൂര്‍ പഞ്ചായത്തിലെ തുംമ്പപോളി റോഡിലുളള പാലം അപകടാവസ്ഥയില്‍ 1983ല്‍ 14.5 മീറ്റര്‍ നീളവും 5.7 മീറ്റര്‍ വീതിയുമുളള പാലം പഞ്ചായത്താണ് നിര്‍മ്മിച്ചത്. ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന ഈ പാലം ഏത്രയും വേഗം നന്നാക്കണമെന്ന് വാഴൂര്‍ ബ്ലോക്ക് സബ്ഡിവിഷണല്‍ അസിസ്റ്റന്റ് എക്‌സി.എന്‍ജിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ നാളിതു വരെയും ഇതിനു വേണ്ട ഒരു നടപടിയും ചെയ്തിട്ടില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. നൂറുകണക്കിനാളുകളാണ് ഈ പാലത്തില്‍കൂടി കടന്നു പോകുന്നത്. പാലത്തിന്റെ അടിഭാഗത്ത് കോണ്‍ക്രീറ്റുഭാഗങ്ങള്‍ അടര്‍ന്നതിനെ തുടര്‍ന്ന് തുരുമ്പിച്ച കമ്പികള്‍ പുറത്തു കാണാവുന്ന നിലയിലാണ്. ടിപ്പര്‍ ലോറികളുടെ അമിതഭാരമാണ് പാലത്തിന് ഇത്രയും അപകടാവസ്ഥയുണ്ടാക്കിയതെന്ന് നാട്ടുകാരും പറയുന്നു. പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ സ്ലാബിന് കുലുക്കവും ഉണ്ടാകുന്നുണ്ട്. വെളളാവൂര്‍ -കങ്ങഴ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഏകദേശം 1,500 കുടുംബങ്ങളാണ് ഉപയോഗിക്കുന്നത്. 2012 ല്‍ ജില്ലാപഞ്ചായത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പാലത്തിന്റെ അപകടസ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ല. ബ്ലോക്ക് സബ് ഡിവിഷണല്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ പാലത്തിന്റെ ബലക്ഷയം പരിശോധിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ 5 ടണ്ണില്‍ കൂടുതല്‍ ഭാരമുളള വാഹനങ്ങള്‍ ഇതുവഴി കടത്തി വിടരുതെന്നും ചെറുവാഹനങ്ങളുടെ വേഗത 15 കി.മി കൂടുതലാകരുതെന്നും പാലം ഉടന്‍ പുനര്‍ നിര്‍മ്മിക്കണമെന്നും പറയുന്നു. പാലം പുനര്‍ നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വെളളാവൂര്‍-തുമ്പോളി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തില്‍ ഉപരോധിച്ചിരുന്നു. പാലം ഉടന്‍ പുനര്‍ നിര്‍മ്മിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.